23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

മനംകവര്‍ന്ന് ചക്കരപ്പന്തലും കലോത്സവ വണ്ടിയും

Janayugom Webdesk
കോഴിക്കോട്
January 3, 2023 11:05 pm

സംഘാടക മികവുകൊണ്ട് ശ്രദ്ധേയമാവുകയാണ് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം. വേദികളിൽ നിന്ന് വേദികളിലേക്കും ഭക്ഷണപ്പന്തലിലേക്കുമെല്ലാം മത്സരാർത്ഥികൾക്ക് സുഗമമായി സഞ്ചരിക്കാൻ കലോത്സവ വണ്ടികളും കലോത്സവത്തിനെത്തുന്നവരുടെ മനസ് നിറയ്ക്കുന്ന ഭക്ഷണവിതരണവുമെല്ലാമായി പരാതികൾ ഒഴിവാക്കിയാണ് കലോത്സവത്തിന്റെ ആദ്യദിനം കടന്നുപോയത്.
ചാക്യാർ കൂത്ത് നടക്കുന്ന വേദിയിൽ തീപിടിത്തമുണ്ടായതും ഗുജറാത്തി ഹാളിൽ നടന്ന കോൽക്കളി വേദിയിൽ തെന്നിവീണ് മത്സാർത്ഥിക്ക് പരിക്കേറ്റതും തുടക്കത്തില്‍ കല്ലുകടിയായെങ്കിലും പിന്നീട് അതെല്ലാം പരിഹരിക്കപ്പെട്ടു. ചാക്യാർകൂത്ത് വേദിയിലെ കർട്ടനിൽ നിലവിളക്കിൽ നിന്ന് തീപിടിക്കുകയായിരുന്നു. ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ പാണ്ഡവപുരം വേദിയിലായിരുന്നു സംഭവം. അധികൃതരുടെ സമയോചിത ഇടപെടലിനെത്തുടർന്ന് അനിഷ്ട സംഭവം ഒഴിവായി. കോൽക്കളി വേദിയിൽ തെന്നി വീണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്‌ ജില്ലയിൽ നിന്നെത്തിയ അൽ സൂഫിയാന് പരിക്കേറ്റു. ഇതോടെ മത്സരാർത്ഥികളും രക്ഷിതാക്കളും സ്റ്റേജ് ക്രമീകരണത്തിലെ അപാകത ആരോപിച്ച് പ്രതിഷേധവുമായെത്തിയതോടെ കുറച്ചുനേരം മത്സരം തടസപ്പെട്ടു. ഉച്ചകഴിഞ്ഞ് 3.20 ഓടെ മത്സരം പുനരാരംഭിച്ചു.

മലബാർ ക്രിസ്ത്യൻ കോളജിൽ ഒരുക്കിയ ചക്കരപ്പന്തൽ ഭക്ഷണശാല ഒരേസമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നാലുനേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണി വരെ നീളും.
കലോത്സവം ഹരിത ചട്ടം പാലിച്ച് നടത്തുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് പിന്തുണയുമായി കർമ്മസേനയും രംഗത്തുണ്ട്. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കർമ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളും പേപ്പർ ബാഗുകളും നിർമ്മിച്ച് മാതൃകയായത്. വേദിയിൽ ദാഹിച്ചെത്തുന്നവർക്ക് മണ്ണിന്റെ തണുപ്പിൽ ശുദ്ധജലവും ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവല്‍ക്കരണം എന്നീ ലക്ഷ്യവുമായാണ് ‘തണ്ണീർ കൂജ’യെന്ന പേരിൽ മൺകൂജയിൽ കുടിവെള്ളം ലഭ്യമാക്കുന്നത്. വെള്ളം സംഭരിക്കുന്നതിന് കൂറ്റന്‍ മൺ പാത്രങ്ങളും കുടിക്കുന്നതിന് മൺ ഗ്ലാസും ഒരുക്കിയിട്ടുണ്ട്. ആകെ 500 മൺകൂജകളും 6000 മൺ ഗ്ലാസ്സുകളുമാണ് കലോത്സവത്തിനായി എത്തിച്ചിട്ടുള്ളത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മൺപാത്ര നിർമ്മാണ യൂണിറ്റുകളിൽ നിന്നാണ് കൂജയും ഭരണിയും എത്തിച്ചത്. സൂറത്തിൽ നിന്നുള്ളതാണ് മൺഗ്ലാസുകൾ. 

കലോത്സവത്തിന് മാറ്റുകൂട്ടാൻ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി ആറ് വരെ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സാംസ്കാരികപരിപാടികൾ നടക്കും. 5.30 മുതൽ 6.30 വരെ സാംസ്കാരിക പ്രഭാഷണം, തുടർന്ന് കലാപരിപാടികൾ എന്നിങ്ങനെയാണ് ക്രമീകരണം. വിവിധ വിഷയങ്ങളിലായി ആലങ്കോട് ലീലാകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, സുനിൽ പി ഇളയിടം എന്നിവർ സംസാരിക്കും. മധുവൂറും മലയാളം, തോൽപ്പാവക്കൂത്ത്, ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ക്രിയേറ്റീവ് ) നടത്തുന്ന പരിപാടികൾ, പഴയകാല ചലച്ചിത്ര ഗാനമേള തുടങ്ങിയവ അവതരിപ്പിക്കും.
അവസാന ദിവസം ആറിന് ഓപ്പൺ ഫോറവും സംഘടിപ്പിക്കും. മാനസിക സംഘർഷങ്ങൾ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാൻ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും രംഗത്തുണ്ട്. 

Eng­lish Sum­ma­ry: Ker­ala school kalol­savam stories

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.