1 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 31, 2024
May 20, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
February 9, 2024
January 21, 2024
October 30, 2023
August 23, 2023

‘കേരള സ്റ്റോറി’: കേരളത്തില്‍ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുള്ള സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 30, 2023 12:57 pm

കേരള സ്റ്റോറി എന്ന സിനിമ, കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.

കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ.

അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.

നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ — വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

Eng­lish Sum­ma­ry: ‘Ker­ala Sto­ry’: Chief Min­is­ter says Sangh Pari­var is try­ing to sow poi­so­nous seeds of com­mu­nal­ism in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.