7 December 2025, Sunday

Related news

October 3, 2025
September 18, 2025
September 13, 2025
July 29, 2025
July 4, 2025
June 8, 2025
May 28, 2025
May 13, 2025
April 29, 2025
April 8, 2025

മനുഷ്യ‑വന്യജീവി സംഘർഷം കേരളം നിയമനിർമ്മാ​ണം നടത്തും; എംപിമാരുടെ യോഗത്തില്‍ തീരുമാനമായി

Janayugom Webdesk
തിരുവനന്തപുരം
July 4, 2025 10:32 pm

മനുഷ്യ — വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എംപിമാരുടെ യോഗം ചേർന്നത്. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഡിസാസ്റ്റര്‍ അസെസ്മെന്റ് നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ചുള്ള നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ ‘സെക്ഷൻ 13’ പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി തലശേരി — മൈസൂർ, നിലമ്പൂർ — നഞ്ചൻകോട് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് — പാണത്തൂർ — കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി — എരുമേലി ശബരി റെയിൽ, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ അനുവദിക്കുന്നത്, കൊച്ചി മെട്രോ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി ഇടപെടുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. 

ഗാരന്റി റിഡംഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് തുക വെട്ടിക്കുറച്ചത്, ഐജിഎസ്‍ടിയിൽ 965 കോടി രൂപ വെട്ടിക്കുറച്ചത്, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുക, കിഫ്ബി, പെൻഷൻ കമ്പനി എന്നിവ എടുക്കുന്ന വായ്പ കടപരിധിയിൽ നിന്നും ഒഴിവാക്കൽ, ജല ജീവൻ മിഷന്റെ സംസ്ഥാന വിഹിതത്തിനു തുല്യമായ തുക നിലവിലെ കടമെടുപ്പ് പരിധിക്കു ഉപരിയായി അനുവദിക്കുന്നത് ഉൾപ്പടെയുള്ള ധനകാര്യ വിഷയങ്ങളിൽ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു. കാർഷിക ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായകമാകുന്ന അമേരിക്കയുമായി നടത്താൻ ഉദ്ദേശിക്കുന്ന കരാറിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കാനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എംപിമാരായ പി പി സുനീർ, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ്, കെ ഫ്രാൻസിസ് ജോർജ്, വി കെ ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.