23 January 2026, Friday

Related news

December 6, 2025
December 4, 2025
December 1, 2025
November 9, 2025
November 7, 2025
September 25, 2025
September 19, 2025
September 10, 2025
September 9, 2025
August 31, 2025

വിദേശ വിദ്യാർത്ഥികളുടെ ആകർഷണ കേന്ദ്രമായി കേരള സർവകലാശാല

Janayugom Webdesk
തിരുവനന്തപുരം
June 19, 2025 8:47 pm

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിലും അപേക്ഷയിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി കേരള സര്‍വകലാശാല. ഈ അധ്യയന വർഷത്തിൽ (2025–26) 81 രാജ്യങ്ങളിൽ നിന്നായി 2,620 അപേക്ഷകളാണ് സർവകലാശാലയ്ക്ക് ലഭിച്ചത്. കേരളത്തിലെ സർവകലാശാലകളിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് കേരള സർവകലാശാലയാണ്. വളർച്ചാ നിരക്കും ശ്രദ്ധേയമാണ്. 2021–22 ൽ 1,100 വിദ്യാർത്ഥികളുടെ അപേക്ഷയിൽ (35 രാജ്യങ്ങൾ) നിന്ന് 2022–23 ൽ 1,400 ആയും, 2023–24 ൽ അത് 1,600 ആയും, 2024–25 ൽ കുത്തനെ 2,600 (61 രാജ്യങ്ങൾ) ആയും ഉയർന്നു.ഈ വർഷത്തെ 2,620 വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷ ബിരുദ കോഴ്സുകള്‍ : 1,265, ബിരുദാനന്തര ബിരുദ കോഴ്സുകള്‍: 1,020, പിഎച്ച്ഡി പ്രോഗ്രാം: 335 എന്നിങ്ങനെയാണ്. അപേക്ഷകരിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇറാൻ, ഇറാഖ്, ഒമാൻ, സൗദിഅറേബ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇൻഡോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഭൂട്ടാൻ, ജോർദാൻ, റഷ്യ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നിവിടങ്ങളിൽ നിന്നും ശ്രദ്ധേയമായ പ്രാതിനിധ്യമുണ്ട്. യോഗ്യരായ അപേക്ഷകരുടെ പട്ടിക അന്തിമ സെലക്ഷന് വേണ്ടി ഐസിസിആർന് സമർപ്പിച്ചിരിക്കുകയാണ്.

കൊമേഴ്സ്, മാനേജ്മെന്റ് പഠനങ്ങളാണ് വിദേശ വിദ്യാർത്ഥികളുടെ പ്രധാന ചോയ്സ്. കൂടാതെ പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഇക്കണോമിക്സ്, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയ്ക്കും കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലും വലിയ പ്രാധാന്യമുണ്ട്. നിലവിൽ, കൊളംബിയ, പെറു, യുഎസ്എ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ള 205 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഐസിസിആർ സ്കോളർഷിപ്പുകളിലൂടെയും സ്വയം ധനസഹായത്തോടെയും സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഓറിയന്റേഷൻ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, വാർഷിക ബിരുദദാന ചടങ്ങുകൾ എന്നിവയിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സർവകലാശാല പ്രോത്സാഹനം നൽകുന്നു. കേരളസർവകലാശാലയുടെ നാക് എ++ അക്രഡിറ്റേഷൻ, മികച്ച എന്‍ഐആര്‍എഫ് റാങ്കിങ്ങുകൾ, വേഗത്തിലും സുതാര്യവുമായ പ്രവേശന നടപടിക്രമങ്ങൾ, ലോകോത്തര ഗവേഷണ സംരംഭങ്ങൾ എന്നിവ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ സര്‍വകലാശാലയുടെ മുഖ്യ സവിശേഷതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.