ക്വാര്‍ട്ടര്‍ റൗണ്ടിലെ എതിരാളികളെ നിശ്ചിക്കാനുള്ള ഗ്രൂപ്പ് എയിലെ അഞ്ചാം അങ്കം ഇന്ന്. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ എതിരാളികള്‍ ആരായിരിക്കുമെന്ന് തീര്‍പ്പാക്കാന്‍ അവസാന പോരാട്ടങ്ങള്‍ നിര്‍ണായകമാകും. ഗ്രൂപ്പില്‍ നിന്ന് സര്‍വീസസ്, ഗോവ, കേരളം അസം ടീമുകളാണ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുള്ളത്. നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നു ജയവും ഒരു തോല്‍വിയുമായി സര്‍വീസസ് ആണ് പോയിന്റ് നിലയില്‍ മുന്നില്‍. സര്‍വീസസ് ഒമ്പത്, ഗോവ ഏഴ്, കേരളം ഏഴ്, അസം ആറ് എന്നിങ്ങനെയാണ് പോയിന്റ് ക്രമം. ഗോള്‍ ആവറേജിന്റെ ബലത്തിലാണ് ഗോവ കേരളത്തിലേക്കാള്‍ മുന്നിലെത്തിയത്.
ഇന്ന് രാവിലെ പത്തിന് കേരളവും സര്‍വീസസുമായുള്ള മത്സരം നടക്കും. ജയിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നോ, രണ്ടോ സ്ഥാനത്ത് കേരളത്തിന് ഫിനിഷ് ചെയ്യാന്‍ സാധിക്കും. അതോടെ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ മൂന്നോ, നാലോ സ്ഥാനക്കാരോടാകും നോക്കൗട്ട്. തോല്‍വിയാണ് സംഭവിക്കുന്നതെങ്കില്‍ ക്വാര്‍ട്ടറില്‍ കരുത്തരായ എതിരാളികളാകും കാത്തിരിക്കുക. അതുകൊണ്ട് തന്നെ ശക്തരായ സര്‍വീസസിനെ മറികടന്ന് താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളെ നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാകും കേരളത്തിന്റെ ഇന്നത്തെ പോരാട്ടം. അവസാന മത്സരത്തില്‍ അരുണാചലിനെതിരെ ടീം ഫോമിലേക്കുയര്‍ന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഫിനിഷിങ്ങില്‍ തുടരുന്ന മികവ് മിഡ് ഫീല്‍ഡില്‍ നിന്നുള്ള നീക്കങ്ങള്‍ക്കുകൂടി ഉണ്ടായാല്‍ സര്‍വീസസിനെ മറികടക്കാന്‍ കഴിയുമെന്നാണ് കോച്ച് സതീവന്‍ ബാലന്റെ കണക്കുകൂട്ടല്‍. കേരളത്തെ പോലെതന്നെ ഗോവയോട് മാത്രമാണ് സര്‍വീസസും പരാജയപ്പെട്ടിട്ടുള്ളത്. പരിക്ക് ഭേദമായെങ്കിലും ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് ഇന്നും കളിക്കാന്‍ സാധ്യതയില്ല. പ്രതിരോധ താരം ബെര്‍ജിന്‍ ബോള്‍സ്റ്റര്‍ ഇന്ന് ടീമില്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ പാട്ടാളടീമിനെതിരെ മികച്ചപോരാട്ടം നടത്താന്‍ കേരളത്തിന് കഴിയും. രാവിലെ പത്തിനാണ് മത്സരം. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഉച്ചയ്ക്ക് 2.30ന് ഗോവ- അസമിനെയും വൈകിട്ട് ഏഴിന് അരുണാചല്‍-മേഘാലയെയും നേരിടും.
അസമിനെ തോല്പിച്ചാല്‍ ഗോവയ്ക്ക് ഗ്രൂപ്പില്‍ ഒന്നാമതായി ഫിനിഷ് ചെയ്യാനുള്ള സാധ്യത ലഭിക്കും. അരുണാചലും മേഘാലയയും ക്വാര്‍ട്ടറില്‍ എത്താതെ പുറത്തായി കഴിഞ്ഞു. ഇന്നലെ റെയില്‍വേയ്‌സിനോട് മറുപടിയില്ലാത്ത ഒരുഗോളിന് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയുടെ ക്വാര്‍ട്ടര്‍ റൗണ്ട് സാധ്യത മങ്ങി. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇനി മുന്‍ചാമ്പ്യന്മാരായ മഹാരാഷ്ട്രയുമായാണ് അവരുടെ അവസാന മത്സരം.
ഇന്നലത്തെ ജയത്തോടെ ഏഴു പോയിന്റുമായി റെയില്‍വേയ്‌സ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മിസോറാമുമായാണ് റെയില്‍വേയ്‌സിന്റെ അവസാന മത്സരം. നാലു മത്സരങ്ങളില്‍ നിന്ന് പത്തുപോയിന്റുള്ള മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. ഇന്നലെ നടന്ന മത്സരത്തില്‍ മിസോറാമിനെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തു. ഡല്‍ഹിയുമായി ശനിയാഴ്ചയാണ് അവരുടെ അഞ്ചാം അങ്കം. മഹാരാഷ്ട്രയെ തോല്പിച്ച് ഡല്‍ഹി ക്വാര്‍ട്ടറില്‍ കടന്നു. 3–2നായിരുന്നു ജയം.
English Summary: kerala vs services
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.