ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച സംസ്ഥാനമായ കേരളം ഈ രംഗത്ത് മറ്റൊരു സുപ്രധാന ചുവടുവയ്പിനൊരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി സ്വന്തമായി നിര്‍മ്മിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഭാവിയിലെ വാഹനം എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹന രംഗത്തെ വളർച്ച ലക്ഷ്യമിട്ട് തലസ്ഥാനത്തെ വിളപ്പില്‍ശാലയില്‍ ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി (ട്രെസ്റ്റ്) സ്ഥാപിക്കുന്ന ആദ്യ ഇലക്ട്രിക് വെഹിക്കിൾ റിസർച്ച് ആന്റ് ഇൻഡസ്ട്രിയൽ പാർക്കിലായിരിക്കും ബാറ്ററി നിര്‍മ്മിക്കുക.
വിളപ്പില്‍ശാലയില്‍ എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയ്ക്കായി നല്‍കിയ സ്ഥലത്ത് 23 ഏക്കറിലാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി ടെസ്റ്റിങ് സെന്റര്‍, മോട്ടോർ, കൺട്രോളറുകൾ, ചാർജിങ് സംവിധാനം, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണവും നിർമ്മാണവുമായിരിക്കും പാര്‍ക്കില്‍ നടക്കുകയെന്ന് ട്രെസ്റ്റ് സിഇഒ പി ആര്‍ ഷാലിജ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ ഏക ടെസ്റ്റിങ് സെന്റര്‍ ബംഗളൂരുവിലാണ്. വമ്പൻ കോർപറേറ്റ് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്ന വിധത്തിലാവും പാര്‍ക്കിന്റെ രൂപകല്പന. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ, വിശദമായ പദ്ധതി രേഖ (ഡിപിആർ) എന്നിവ തയ്യാറാക്കാൻ കൺസൾട്ടൻസികളെ ക്ഷണിച്ച് ട്രെസ്റ്റ് വിജ്ഞാപനം പുറത്തിറക്കി. കണ്‍സള്‍ട്ടന്റിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാക്കും. 2025 ഡിസംബറില്‍ പാര്‍ക്ക് പ്രവര്‍ത്തസജ്ജമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പദ്ധതിക്കായി ട്രെസ്റ്റ്, വിഎസ്എസ്‍സി, സി-ഡാക്, ട്രാവൻകൂര്‍ ടൈറ്റാനിയം എന്നിവയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ഇ മൊബിലിറ്റി, എയ്റോസ്പേസ്, പ്രതിരോധം, ലോജിസ്റ്റിക്സ്, മെഡിക്കല്‍ ഉപകരണ കമ്പനികള്‍ എന്നിവയെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയും കണ്‍സള്‍ട്ടന്റ് തയ്യാറാക്കണം.
ഇതുകൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഒരു ഡ്രൈവ് ട്രെയിൻ ലാബും ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ബാറ്ററിയെയും ഇവിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡ്രൈവ് ട്രെയിൻ സംവിധാനം പരിശോധിക്കാനുള്ള ടെസ്റ്റിങ് ലാബാണ് തിരുവനന്തപുരം ശ്രീകാര്യത്തെ എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ക്ക് സജ്ജമാകുന്നതോടെ ലാബ് ഇവിടേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.