8 February 2026, Sunday

Related news

February 8, 2026
October 15, 2025
October 11, 2025
September 4, 2025
September 1, 2025
August 9, 2025
July 2, 2025
June 7, 2025
April 21, 2025
April 7, 2025

നെൽക്കർഷക പ്രോത്സാഹന ബോണസ് കേരളം നിർത്തലാക്കില്ല; കേന്ദ്രനിര്‍ദേശം തള്ളിക്കളയുന്നുവെന്ന് മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
February 8, 2026 10:13 pm

നെൽകർഷകർക്ക് സംസ്ഥാനം നൽകിവരുന്ന അധികബോണസ് നിർത്തലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി കൃഷിമന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 6.31 രൂപയാണ് ബോണസായി നൽകിവരുന്നത്. ഇത് ഇനിയും കൂട്ടാനാണ് ആഗ്രഹിക്കുന്നത്. കാർഷിക സംസ്കാരം പുലർത്തുന്ന കേരളത്തെ സംബന്ധിച്ച് കേന്ദ്രനിര്‍ദേശം നടപ്പാക്കാൻ കഴിയുന്നതല്ല. ഉല്പാദനം വർധിക്കുന്നത് ചൂണ്ടിക്കാട്ടി കർഷകരെ കൈവിടണമെന്ന കേന്ദ്ര നിലപാട് ശരിയല്ല. സംസ്ഥാനം ബോണസ് നൽകുന്നത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും വേണമെന്നാണ് കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കേരളം ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി സംസ്ഥാന വിഷയമാണ്. സംസ്ഥാന അധികാരത്തിൽ കൈകടത്താൻ കേന്ദ്രത്തിന് അവകാശമില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പണം നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുന്നുണ്ട്. ഇത്രയും നെല്ല് സംഭരിക്കേണ്ടതില്ലെന്നാണ് കേന്ദ്രം പറയുന്നത്. നെല്ല് സംഭരണത്തിൽ തുക വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. എന്നാൽ എങ്ങനെ കുറയ്ക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നത്.
വലിയ വിളവ് ലഭിക്കുന്നത് കൊണ്ട് പ്രതിസന്ധി ഉണ്ടാകുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. ലോകത്തെ ഏതെങ്കിലുമൊരു ഭരണകൂടം ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇത് ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഇന്ത്യ‑അമേരിക്ക വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ വേണം ഇതിനെ കാണാൻ. അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് നമ്മുടെ കാർഷിക മേഖല തുറന്നുകൊടുത്തിരിക്കുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. സ്വതന്ത്രവ്യാപാര കരാറുകൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാൻ കൃഷിവകുപ്പിന്റെ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് സംസ്ഥാനവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റേത് വിചിത്രന്യായം: മുഖ്യമന്ത്രി
തിരുവനന്തപുരം: നെല്ലുല്പാദനം വർധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിന്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കോർപറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷക ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്.
ഇന്തോ ‑യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉല്പന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബിജെപി നിലപാട് പറയണം: മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: നെല്‍കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് എന്തു പറയാനുണ്ടെന്ന് കേൾക്കാൻ മലയാളികൾക്ക് താല്പര്യമുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് ഒരു ഘട്ടത്തിൽ ലാഭകരമല്ലാത്തതിനാൽ നെൽകൃഷി വ്യാപകമായി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഭാവനാപൂർണമായ ഇടപെടലിലൂടെയാണ് കർഷകരെ സഹായിക്കാനും നെൽകൃഷിയിലേക്ക് പുനരാനയിക്കാനും തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിക്കാനും ഉള്ള നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഫലമായി കൃഷിഭൂമിയുടെ വിസ്തൃതി വർധിക്കുകയും കാർഷികഉല്പാദനം വർധിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar