18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഭൂപരിപാലന പ്രക്രിയകളിൽ കേരളം ലോകത്തിനൊപ്പം: മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
February 18, 2025 10:52 pm

ഭൂപരിപാലന പ്രക്രിയകളിൽ കേരളം ലോകത്തിനൊപ്പം സഞ്ചരിക്കുന്ന നാടായി മാറിയെന്ന് റവന്യു മന്ത്രി കെ രാജൻ. ഡിജിറ്റൽ റീ സർവേ എന്ന രണ്ടാം ഭൂപരിഷ്കരണത്തിലൂടെ കേരളം ലോകത്തിനൊരു മാതൃകയായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനു കീഴിൽ സാങ്കേതിക പങ്കാളിയായ സർവേ ഓഫ് ഇന്ത്യയുമായി ചേർന്ന് റവന്യു വകുപ്പ് നടപ്പാക്കുന്ന ‘നക്ഷ’ (നാഷണൽ ജിയോ സ്പെഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ 100 നഗരങ്ങളിലാണ് സർവേ ഓഫ് ഇന്ത്യ നക്ഷ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ 10 നഗരങ്ങളെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈക്കം, പുനലൂർ, കാസർകോട് നഗരസഭകളില്‍ സംസ്ഥാന റവന്യു വകുപ്പ് ആരംഭിച്ച ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ്. നക്ഷ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഡിജിറ്റൽ റീ സർവേ ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ തന്നെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഡിജിറ്റൽ സർവേ മൂന്നാംഘട്ടം പൂർത്തിയാകും മുമ്പ് ഈ സർക്കാരിന്റെ കാലത്തുതന്നെ സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുന്ന സംസ്ഥാനമായും കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭൂപരിപാലനവും ഡിജിറ്റൽ റീ സർവേ നടപടികളും പഠിക്കാൻ വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടു വരുന്നുണ്ട്. അസം സർവേ സംഘം പരിശീലനം പൂർത്തിയാക്കി. നിലവിൽ പുതുച്ചേരി റവന്യു സർവേ ഉദ്യോഗസ്ഥർ പരിശീലനം തുടരുകയാണ്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും റവന്യു സർവേ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഏപ്രിൽ മാസത്തിൽ നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.
കെ ആൻസലൻ എംഎല്‍എ അധ്യക്ഷനായിരുന്നു. ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ സ്വാഗതം പറഞ്ഞു. സർവേ ഓഫ് ഇന്ത്യ കേരളം — ലക്ഷദ്വീപ് വിങ് സൂപ്രണ്ടിങ് സർവേയർ പങ്കജ് കുമാർ, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ. എം എ സാദത്ത്, ജോസ് ഫ്രാങ്ക്ലിൻ, എൻ കെ അനിതാകുമാരി, സർവേ ഓഫ് ഇന്ത്യ പ്രതിനിധി ആശാ തോമസ്, സിപിഐ (എം) ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരന്‍, ജനതാദൾ മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ, ആർജെഡി മണ്ഡലം പ്രസിഡന്റ് കെ കെ ശ്രീകുമാർ, കേരള കോൺഗ്രസ് (ബി) മണ്ഡലം പ്രസിഡന്റ് പുന്നയ്ക്കാട് തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. സർവേ-ഭൂരേഖ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി മോഹൻദാസ് നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.