3 March 2026, Tuesday

കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറന്റ് പയ്യന്നൂരിൽ

Janayugom Webdesk
പയ്യന്നൂർ
March 3, 2026 9:48 pm

കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്റേറന്റിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുറ്റത്ത് ട്രാക്ക് ഒരുക്കി. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുൻവശമാണ് പ്രത്യേകപാളത്തിൽ കോച്ച് സജ്ജീകരിക്കുക. അതിനുള്ളിലാണ് ഡൈനിങ്. റെയില്‍വേ കോച്ചിന്റെ സ്വാഭാവികത നിലനിർത്തിയാണ് അകത്തളം ഒരുക്കുന്നത്. കോച്ചിനരികെ പ്ലാറ്റ്ഫോം നിർമിക്കും. ഇതിലൂടെ ഹോട്ടലിലേക്ക് കയറാം. പ്ലാറ്റ്ഫോമിലിരുന്നും കഴിക്കാം. 

ഓൺലൈൻ ബുക്ക് ചെയ്ത് ആഹാരം വാങ്ങിക്കൊണ്ടുപോകാൻ തൊട്ടരികെ ഒരു കൗണ്ടറും ഉണ്ടാകും.
ഇവിടെ സ്ഥാപിക്കാൻ പഴയ ത്രി ടയർ എസി കോച്ച് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. മംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ഈ കോച്ച് ഇനി ട്രാക്കിലെത്തിക്കണം. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിന് മുന്നിൽ രാമന്തളി ബസുകൾ നിർത്തുന്ന ബസ് ബേയ്ക്ക് മുന്നിലാണ് ട്രാക്ക് നിർമിച്ചത്. ഒളവറ റെയിൽവേ ഗേറ്റിൽ ഈ കോച്ച് റെയിൽ മാർഗം എത്തിക്കും. അവിടെ നിന്ന് 120 ടൺ ഭാരം ഉയർത്തുന്ന ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷന് മുന്നിലെ ട്രാക്കിലെത്തിക്കണം.

ഏപ്രിൽ പകുതിയോടെ കോച്ച് റസ്റ്റോറന്റ് തുറക്കുമെന്ന് സംരംഭകരായ പെരുവാമ്പയിലെ ഹരികൃഷ്ണൻ, കാനായിയിലെ സാജിദ്, സതീശൻ പയ്യന്നൂർ, ജസ്‍ല എന്നിവര്‍ അറിയിച്ചു. 24 മണിക്കൂറും റസ്റ്റോറന്റ് പ്രവർത്തിക്കും. അഞ്ചുവർഷത്തേക്കാണ് നടത്തിപ്പിന് റെയിൽവേ കരാർ നൽകിയിരിക്കുന്നത്. കോച്ചിന് വാർഷിക വാടക അടയ്ക്കണം. 40 ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിച്ച പഴയ എ സി കോച്ചാണ് റസ്റ്റോറന്റിന് ഉപയോഗിക്കുന്നത്.
റോഡിലൂടെ കോച്ച് എത്തിക്കുന്നതിനായി തൃക്കരിപ്പൂർ–പയ്യന്നൂർ റോഡില്‍ മൂന്ന് മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരും. റോഡിന് കുറുകെയുള്ള വൈദ്യുത കമ്പികളും മാറ്റേണ്ടി വരും. ഇന്നലെ കോച്ച് ട്രാക്കിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും 120 ടൺ ഭാരം ഉയർത്തുന്ന വലിയ ക്രെയിൻ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഒരു കോച്ചിന്റെ ശരാശരി ഭാരം 40 ടണ്ണിനും 50 ടണ്ണിനുമിടയിലാണ്. 

കോച്ച് റസ്റ്റോറന്റ് അഞ്ചു വർഷത്തേക്ക് നടത്താൻ നേരത്തേ ടെണ്ടർ നൽകിയിരുന്നു. കരാറുകാരനാണ് കോച്ച്, റസ്റ്റോറന്റ് മാതൃകയിലാക്കുക. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പയ്യന്നൂരിനൊപ്പം പാലക്കാടും കോച്ച് റസ്റ്റോറന്റ് സ്ഥാപിക്കുന്നുണ്ട്. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ബെംഗളൂരുവിലും ഹുബ്ലിയിലും നിലവിൽ കോച്ച് റസ്റ്റോറന്റുകള്‍ പ്രവർത്തനം തുടങ്ങി. ഹുബ്ലിയിലെ റസ്റ്റോററന്റിന് ‘ബോഗി ബോഗി’ എന്നാണ് പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar