11 January 2026, Sunday

Related news

January 9, 2026
January 7, 2026
December 24, 2025
December 23, 2025
December 1, 2025
November 14, 2025
November 10, 2025
November 2, 2025
October 29, 2025
October 10, 2025

കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്; കേരളം വികസിത രാജ്യങ്ങളേക്കാൾ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം

Janayugom Webdesk
തിരുവനന്തപുരം
September 6, 2025 8:23 pm

കേരളത്തിലെ ശിശു മരണനിരക്ക് അഞ്ച് ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരേയും മറ്റ് സഹപ്രവർത്തകരേയും ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
2021ലെ ശിശു മരണനിരക്കായ ആറിൽ നിന്നാണ് മികച്ച പ്രവർത്തനങ്ങളിലൂടെ അ‌ഞ്ച് ആക്കി കുറയ്ക്കാനായത്. 2023‑ൽ 1,000 കുഞ്ഞുങ്ങളിൽ അഞ്ച് മരണങ്ങൾ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 1,000 ജനനങ്ങളിൽ 5.6 എന്ന നിരക്കിനേക്കാൾ കുറവാണ്. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചു. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും ആറ് ആശുപത്രികൾക്ക് ദേശീയ മുസ്കാൻ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. ജന്മനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്ക്രീനിങ് പദ്ധതി നടപ്പിലാക്കി. കുഞ്ഞുങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായി. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.