23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 29, 2024
November 8, 2023
November 8, 2023
November 7, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023
November 4, 2023
November 3, 2023

മലയാളത്തിന്റെ മഹോത്സവത്തിന് തിരിതെളി‍ഞ്ഞു

പി എസ് രശ്‌മി
തിരുവനന്തപുരം
November 1, 2023 11:13 pm

നാടിന്റെ നേട്ടങ്ങളും പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചകളും സംസ്കാരത്തിന്റെ വെളിച്ചവും ഇഴചേര്‍ത്തെടുത്ത മലയാളത്തിന്റെ മഹോത്സവത്തിന് തിരിതെളി‍ഞ്ഞു. കേരളത്തിന്റെ പേരും പെരുമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ‘കേരളീയം ’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും സിനിമാതാരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടെ നിറഞ്ഞ വേദിയും നാടിന്റെ പരിച്ഛേദമായി പതിനായിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയ സദസും കേരളത്തിന്റെ ഒരുമയുടെയും തനിമയുടെയും നേര്‍സാക്ഷ്യമായി. ഇനിയുള്ള ആറ് ദിവസങ്ങളും തലസ്ഥാനനഗരി നിറഞ്ഞുകവിയും. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രദർശന, പരിപാടികളിൽ നിറയുക വികസന, മതനിരപേക്ഷ അന്തരീക്ഷത്തിന്റെ കാഴ്ചകളാകും.

കേരളപ്പിറവി മുതല്‍ സംസ്ഥാനം നേടിയ പുരോഗതികള്‍, സ്വീകരിച്ച പുരോഗമനാത്മകമായ നയങ്ങളും കാഴ്ചപ്പാടുകളും, മികച്ച പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിലെ വൈദഗ്ധ്യം, വിജ്ഞാന സമ്പത്തിനും നൂതന ആശയങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്നിവയെല്ലാം ലോകത്തിന് മുന്നിലേക്കെത്തും. കേരളത്തനിമയുടെ ആവിഷ്കാരമായ 42 പ്രദർശന നഗരികൾ, നവകേരളത്തിന്റെ രൂപരേഖയൊരുക്കുന്ന സെമിനാറുകൾ, ചലച്ചിത്രോത്സവം, പുഷ്പോത്സവം, വ്യാപാരമേളകൾ, കലാപരിപാടികൾ തുടങ്ങി കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴ് സുന്ദര രാപ്പകലുകളിലായി നടക്കുന്നത്.

വേദികളിലെ പ്രദര്‍ശനങ്ങളിലേക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ഉദ്ഘാടന വേദിയില്‍, കേരള കലാമണ്ഡലം അവതരിപ്പിച്ച കേരളീയ ഗാന നൃത്താവിഷ്കാരവും കേരളീയവുമായി ബന്ധപ്പെട്ട് ഷാജി എൻ കരുൺ തയ്യാറാക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും കേരളത്തനിമയുടെ നേര്‍ക്കാഴ്ചകളായി. വരും വര്‍ഷങ്ങളിലും കേരളീയത്തിന്റെ തുടര്‍ച്ച അതിഗംഭീരമായിരിക്കണമെന്ന് അതിഥികളോരോരുത്തരും ഓര്‍മ്മിപ്പിച്ചു.

അടുത്ത വർഷത്തെ കേരളീയത്തിന്റെ പ്രചരണാർത്ഥം കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ മുഖ്യമന്ത്രിയുമായി വേദിയിൽവച്ച് സെൽഫിയെടുത്തതും ഈ ഓര്‍മ്മപ്പെടുത്തലിന്റെ തുടര്‍ച്ചയായിരുന്നു. കേരളീയത്തിന്റെ ബ്രോഷർ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു. കേരളീയം പ്രവര്‍ത്തനറിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വി വേണു അവതരിപ്പിച്ചു.

സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനവും വേദിയിൽ മുഖ്യമന്ത്രി നിർവഹിച്ചു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. കേരളീയം സംഘാടക സമിതി ചെയർമാനും പൊതുവിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആമുഖ പ്രഭാഷണം നടത്തി. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, ആന്റണി രാജു, വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, ഡോ. ആർ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: keraleeyam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.