വേര്‍തിരിവുകളില്ലാത്ത, ദാരിദ്ര്യമില്ലാത്ത മനുഷ്യരുടെ, വികസിത നവകേരളം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് മലയാളികള്‍. ലോകത്തിനുമുന്നില്‍ കേരളം തലയുയര്‍ത്തി നിന്ന ഏഴ് ദിനരാത്രങ്ങള്‍ക്ക് തിരശീല വീഴുമ്പോള്‍, കുറിച്ചത് പുതിയ തുടക്കം. ആറര പതിറ്റാണ്ട് കൊണ്ട് കെെവരിച്ച നേട്ടങ്ങളും തനത് കലകള്‍, സാംസ്കാരിക വൈവിധ്യങ്ങള്‍, ഭക്ഷണങ്ങള്‍, കാര്‍ഷികോല്പന്നങ്ങള്‍, ആരോഗ്യ‑വിദ്യാഭ്യാസ‑ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര സ്ഥാനം എന്നിവയുമടക്കം കേരളത്തെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തിയ കേരളീയത്തിന് പ്രൗഢോജ്വല സമാപനമായി. അടുത്ത വര്‍ഷത്തെ കേരളീയത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് മലയാളികള്‍ മഹോത്സവമാക്കിയ ആദ്യപതിപ്പിന് തിരശീല വീണത്.
കേരളീയത്തിന് മുമ്പും ശേഷവും എന്ന് കേരളത്തെ അടയാളപ്പെടുത്തുമെന്ന റവന്യു മന്ത്രി കെ രാജന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ആദ്യപതിപ്പിന് ലഭിച്ച വന്‍ വരവേല്‍പ്. കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളില്‍ തലസ്ഥാനത്തെ വിവിധ വേദികളിലായി നടന്ന നിരവധി പരിപാടികളിലേക്ക് കേരളമൊന്നടങ്കം ഒഴുകിയെത്തുകയായിരുന്നു. വിവിധ വിഷയങ്ങളിലുള്ള 25 സെമിനാറുകളോടൊപ്പം, സമസ്ത മേഖലകളെയും അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഭക്ഷ്യ‑പുഷ്പ‑കലാ മേളകളുമെല്ലാം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു. ഓരോ ദിവസവും ലക്ഷങ്ങളാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ തലസ്ഥാനത്ത് വിവിധ വേദികളിലെത്തിയത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേരളം എത്തിച്ചേരാനുള്ള ലക്ഷ്യങ്ങളെക്കുറിച്ച് വിശദമാക്കുന്ന നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത കേരളീയത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേട്ടങ്ങളില്‍ അഭിമാനിച്ച് വിശ്രമിക്കുകയല്ല, നമ്മുടെ വികസന മാതൃക മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്വാഗതം പറഞ്ഞു. സെമിനാറുകളുടെ അവലോകനം ചീഫ് സെക്രട്ടറി ഡോ. വി വേണു നിര്‍വഹിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
ദേശീയതലത്തില്‍ അറിയപ്പെടുന്ന മഹോത്സവമായി കേരളീയം മാറാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളീയത്തെക്കുറിച്ചുള്ള ചിലരുടെ വിമര്‍ശനങ്ങള്‍ക്ക് കാരണം, നമ്മുടെ നാട് നല്ല രീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. ജനങ്ങളുടെ ഈ ഒരുമയും ഐക്യവും ഉണ്ടെങ്കില്‍ നമുക്ക് നേടാന്‍ കഴിയാത്തത് ഒന്നുമില്ല എന്ന് നാം തെളിയിച്ചതാണ്.
നാടിന്റെ അഭിമാനകരമായ നേട്ടങ്ങള്‍, ദേശീയ തലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ നമുക്ക് സാധ്യമായി. പുതിയ തലമുറയുടെ പങ്കാളിത്തം വലിയ തോതില്‍ ഉണ്ടായി. അവരുടെ കണ്ണുകളില്‍ പുതിയ പ്രതീക്ഷ ഉയരുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. അതാണ്, ഇനിയും കേരളീയം ആവര്‍ത്തിക്കുന്നതിന് സര്‍ക്കാരിന് കരുത്ത് പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ കേവലമായ ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരുന്നില്ല. ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളായാണ് കാണുന്നത്. അതില്‍ ഗൗരവമുള്ളവ, നാടിന്റെ ഭാവിക്ക് ഗുണം ചെയ്യുന്ന തരത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
English Summary: keraleeyam event 2023
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.