12 December 2025, Friday

Related news

December 11, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025
November 12, 2025

ഭരണഘടനയുടെ ആധാരമുറപ്പിച്ച ചരിത്രവിധിക്ക് അര നൂറ്റാണ്ട്

അഡ്വ. കെ അനിൽകുമാർ
April 24, 2023 4:30 am

ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളെ ഇളക്കി മാറ്റാൻ പാർലമെന്റിന് അധികാരമില്ലെന്നും ഭരണകൂടത്തിന്റെ ഭാഗമായവർ എത്ര ഉയരത്തിലെത്തിയാലും ഇന്ത്യൻ നിയമവ്യവസ്ഥ അതിനും മേലെ ആയിരിക്കുമെന്നും ആവർത്തിച്ചുറപ്പിച്ച് 1973ൽ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് നൽകിയ ചരിത്രവിധിക്ക് ഏപ്രിൽ 24ന് അരനൂറ്റാണ്ട് തികയുന്നു. എഴുപതുകളുടെ ദേശീയ രാഷ്ട്രീയത്തെ വിനാശകരമായ അടിയന്തരാവസ്ഥയിലേക്ക് നയിച്ച ഇന്ദിരാ ഭരണകാലം വീണ്ടും ഓർമ്മിപ്പിക്കുന്ന വിധം മോഡി ഭരണകൂടം അടിച്ചേല്പിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും കാർന്നുതിന്നുമ്പോൾ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ പ്രസക്തി ഏറുകയാണ്. മുതലാളിത്ത വർഗവ്യവസ്ഥ ചെന്നുപെട്ട സാമ്പത്തിക പ്രതിസന്ധിയുടെ തുടർച്ചയായി അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ് അമിതാധികാര വാഴ്ചയിലേക്ക് നീങ്ങിയതാണ് അര നൂറ്റാണ്ട് മുമ്പ് സംഭവിച്ചതെങ്കിൽ തീവ്ര വലതുപക്ഷ വംശീയ രാഷ്ട്രീയത്തിന്റെ അധികാര സ്ഥാപനം മതരാഷ്ട്ര നിർമ്മിതിക്ക് ലക്ഷ്യമിടുന്ന ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണ സംവിധാനം അതിന്റെ ജന്മദൗത്യമായാണ് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ തകർക്കാനുമുള്ള നീക്കങ്ങളെ ത്വരിതപ്പെടുത്തുന്നത്.

കേശവാനന്ദഭാരതി കേസ് സുപ്രീം കോടതി പുനഃപരിശോധിച്ച് പാർലമെന്റിന് ഭരണഘടനയുടെ എല്ലാ അനുച്ഛേദങ്ങളെയും ഭേദഗതി ചെയ്യാനുള്ള അവകാശം ലഭിക്കണമെന്ന ആർഎസ്എസിന്റെ ആവശ്യം ഉപരാഷ്ട്രപതി ജഗ്‍ദീപ് ധന്‍ഖർ വെളിപ്പെടുത്തുകയുണ്ടായി. കേശവാനന്ദഭാരതി കേസ് ഉരുത്തിരിഞ്ഞ സാഹചര്യത്തിന് ഭരണകൂടങ്ങളുടെ വർഗസ്വഭാവവുമായി ബന്ധമുണ്ട്. മുതലാളിത്തം തങ്ങളുടെ ചൂഷണോപാധിയായി ഭരണകൂടത്തെ വരുതിയിലാക്കുമ്പോൾ, മർദിത ജനവിഭാഗങ്ങളെ തച്ചു തകർക്കുവാനുള്ള പ്രവണതയാണ് വലതുപക്ഷ ഭരണകൂടങ്ങളെ അമിതാധികാര വാഴ്ചയിലേക്ക് നയിക്കുന്നത്. ഇന്ദിരാ ഭരണകാലത്തെ മുതലാളിത്ത പ്രതിസന്ധിക്ക് അവർ രാഷ്ട്രീയ പരിഹാരമായി കണ്ടെത്തിയത് അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ കോർപറേറ്റ്-വർഗീയ വാഴ്ചയുടെ രാഷ്ട്രീയ ദൗത്യം തന്നെ ഫാസിസ്റ്റ് ഭരണകൂട നിർമ്മിതിയാണ്. ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിനാണ് പരമാധികാരമെന്ന വാദം ഇന്ത്യയിൽ ആർഎസ്എസും ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവും മുന്നോട്ടുവയ്ക്കുന്നത് ഹിറ്റ്ലറും മുസോളിനിയും ഉയർത്തിയ വാദങ്ങളുടെ തനിയാവർത്തനമാണ്.


ഇതുകൂടി വായിക്കൂ: ഇല്ലാതാകുന്ന ജനാധിപത്യ മൂല്യങ്ങള്‍


കോടതികളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനായി ഇസ്രയേൽ സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികൾക്കെതിരെ തൊഴിലാളികൾ പണിമുടക്കുകയും രാജ്യവ്യാപകമായി തെരുവുകളിൽ പോരാട്ടങ്ങൾ ഉയർന്നുവരികയും ചെയ്തു. തീവ്ര വംശീയ ഭരണകൂടത്തിനെതിരെ ഇസ്രയേൽ ജനത നടത്തിയ ചെറുത്തുനില്പ് ഇന്ത്യക്കും മാതൃകയാണ്. 1967ൽ ഗോലക് നാഥിനെതിരെ സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിലെ വിധിയോടെയാണ് ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിൽ കോടതിയിടപെടലുകളുടെ സാംഗത്യം ഉയർന്നുവന്നത്. ഭരണഘടനയുടെ മൂന്നാം അധ്യായത്തിൽ വിവരിക്കുന്ന മൗലികാവകാശങ്ങൾക്കെതിരായ ഏതെങ്കിലും നിയമം പാർലമെന്റോ നിയമസഭകളോ പാസാക്കിയാൽ നിലനിൽക്കുന്നതല്ലെന്നും പ്രാദേശികമായ ആചാരങ്ങൾ പോലും ഭരണഘടനയ്ക്ക് വിധേയമായിരിക്കണമെന്നും പതിമൂന്നാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതിക്ക് നിയമനിർമ്മാണ സഭകൾക്ക് അവകാശം നൽകുന്ന 368-ാം വകുപ്പ്, നടപടിക്രമങ്ങളെപ്പറ്റി മാത്രമാണെന്നും മൗലികാവകാശങ്ങളുടെ ഭേദഗതി അതിൽ പെടുന്നില്ല എന്നുമായിരുന്നു ഗോലക് നാഥ് കേസിലെ വിധി. പാർലമെന്റിന്റെ പരമാധികാരം ഉറപ്പിക്കാനായി ഈ വിധിയെ മറികടക്കുവാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് രണ്ടു ഭേദഗതികൾ ഇന്ദിരാ സർക്കാർ കൊണ്ടുവന്നു. ജനങ്ങളുടെ മൗലികാവകാശം ഭേദഗതി ചെയ്യാൻ അധികാരം നൽകുന്ന 24-ാം ഭേദഗതിയും പൗരന്റെ വസ്തുവകകള്‍ സർക്കാരിന് ഏറ്റെടുക്കാൻ പാർലമെന്റിന് അധികാരം നല്കുന്ന 25-ാം ഭേദഗതിയുമായിരുന്നു അത്.

ജന്മിമാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിൽ ഒരു കുടുംബത്തിന് 15 ഏക്കർ ഒഴികെ ബാക്കിയുള്ളവ മിച്ചഭൂമിയായ് സർക്കാരിൽ നിക്ഷിപ്തമാക്കുന്ന കേരള ഭൂപരിഷ്കരണ നിയമത്തിനെതിരെ കാസർകോട് ഇടനീർ മഠാധിപതി കേശവാനന്ദഭാരതി സുപ്രീം കോടതി അഭിഭാഷകനായിരുന്ന നാനി പൽക്കിവാലയിലൂടെ 32-ാം വകുപ്പ് പ്രകാരം ഹർജി നൽകി. ഇതോടൊപ്പം ആറ് റിട്ട് ഹർജി കൂടി ഒന്നിപ്പിച്ച് 13 അംഗ ഭരണഘടനാ ബെഞ്ച് 68 ദിവസമാണ് വാദം കേട്ടത്. 1973 ഏപ്രിൽ 24ന് നൽകിയ വിധിയിൽ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെന്നും എന്നാൽ, അത് ഭരണഘടനയുടെ അടിസ്ഥാന ശിലകളെ ശിഥിലീകരിക്കുന്നതാകാൻ പാടില്ലെന്നും വിധിച്ചു. മതനിരപേക്ഷത, വിശ്വാസ സ്വാതന്ത്ര്യം, തുല്യത, ലിംഗസമത്വം തുടങ്ങിയ ആധുനിക രാഷ്ട്രസങ്കല്പത്തിന്റ മൂലഘടകങ്ങളെ തകർക്കാൻ തങ്ങൾക്ക് അവകാശം ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ഭരണകൂട നിലപാട്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേശവാനന്ദഭാരതി കേസിലെ വിധിയെ ദുർബലപ്പെടുത്തി കോടതിയുടെ മേൽ പാർലമെന്റിന് പരമാധികാരം നൽകി. ജനതാ പാർട്ടി അധികാരത്തിൽ എത്തിയതോടെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ, അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഭേദഗതിയിലെ പല ഘടകങ്ങളും റദ്ദാക്കി. അതിന്റെ തുടർച്ചയായി 1980ൽ സുപ്രീം കോടതി മിനർവാ മിൽസ് കേസിലെ വിധിയിലൂടെ “അടിസ്ഥാന ഘടനാ പ്രമാണം” എന്നറിയപ്പെടുന്ന ആധാരശിലകളെ വിപുലമാക്കി സംരക്ഷിക്കുന്ന ചരിത്ര വിധി പുറപ്പെടുപ്പിച്ചു.


ഇതുകൂടി വായിക്കൂ: ഭരണഘടനയ്ക്കൊപ്പം പ്രതിജ്ഞാബദ്ധരായി


അടിയന്തരാവസ്ഥയിൽ കാരണം കാണിക്കാതെ പൗരന്മാരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനെതിരെ ശിവകാന്ത് ശുക്ല സമർപ്പിച്ച എഡിഎം ജബൽപൂർ കേസ് മറ്റൊരു ചരിത്രമാണ്. പൗരന്മാരുടെ സ്വാതന്ത്ര്യം നിയമത്തിന്റെ വരദാനമാണെന്നും ഭരണകൂടത്തിനെപ്പോഴും നിയമത്തിലൂടെ അത് കയ്യടക്കാൻ ആകുമെന്നതായിരുന്നു ഇന്ദിരാ സർക്കാരിന്റെ വാദം. ഇന്ത്യൻ ഫാസിസ്റ്റുകൾക്കെതിരെ സുദൃഢമായ പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഈ ചരിത്ര പ്രക്രിയയെ വിസ്മരിക്കരുത്. ഭരണഘടനയുടെ മൂലക്കല്ലുകളെ തകർക്കാൻ ഒരു പതിനഞ്ചംഗ ബെഞ്ച് സൃഷ്ടിച്ച് കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷ വിധി റദ്ദാക്കാൻ കഴിഞ്ഞാലേ മതരാഷ്ട്ര നിർമ്മിതി ഇന്ത്യയിൽ സാധ്യമാകൂ എന്ന ബോധ്യം ആർഎസ്എസിനുണ്ട്. നിയമ മന്ത്രി കിരൺ റിജിജുവും സഭാധ്യക്ഷന്മാരായ ഓം ബിർളയും ജഗ്‍ദീപ് ധന്‍ഖറും പാർലമെന്റിനാണ് പരമാധികാരം എന്നു വാദിക്കുന്നത് ജനാധിപത്യം ശക്തിപ്പെടുത്താനല്ല. മതരാഷ്ട്ര നിര്‍മ്മിതിക്ക് തടസമായി നിൽക്കുന്ന കേശവാനന്ദഭാരതി കേസ് വിധി അട്ടിമറിക്കാൻ സുപ്രീം കോടതിയെ പരുവപ്പെടുത്തുന്ന രാഷ്ട്രീയ ആക്രമണമാണ് കൊളീജിയം സംവിധാനത്തിനെതിരെ തുടങ്ങിവച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയെ അറബിക്കടലിൽ എറിഞ്ഞു കളഞ്ഞ ഇന്ത്യൻ ജനതയുടെ സമരബോധം വീണ്ടുമുണർന്ന് മോഡിവാഴ്ചയെ കടപുഴക്കുമ്പോഴേ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവി സുരക്ഷിതമാകൂ.

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.