22 January 2026, Thursday

കെറ്റാമെലോണ്‍ ഡാര്‍ക്ക് വെബ് ലഹരി കച്ചവടം; രണ്ട് വര്‍ഷത്തിനിടെ 10 കോടിയുടെ ഇടപാട്

Janayugom Webdesk
കൊച്ചി
July 3, 2025 9:46 pm

ഡാര്‍ക്ക് വെബിലൂടെയുള്ള ലഹരി കച്ചവടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടില്‍ എഡിസണ്‍ ബാബു (29)വിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഏകദേശം 700ല്‍ അധികം ഇടപാടുകളാണ് എഡിസണ്‍ നടത്തിയത്. കെറ്റാമെലോണ്‍ എന്നപേരില്‍ പ്രവര്‍ത്തിച്ച രാജ്യത്തെതന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്നുവില്പന ശൃംഖലയിലെ സുപ്രധാന കണ്ണിയാണ് എഡിസനെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഏകദേശം പത്ത് കോടി രൂപയുടെ ഇടപാടാണ് പ്രതി നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായിട്ടുണ്ട്. 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി വാലറ്റ് അടങ്ങിയ ലാപ്‌ടോപ്പും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഇത് പരിശോധfച്ചതില്‍ നിന്നും നിരവധി രഹസ്യങ്ങള്‍ എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. 

പ്രതിയുടെ വീട് പരിശോധിച്ചതില്‍ നിന്ന് ഡാര്‍ക്‌വെബ് ഇടപാടുകള്‍ക്കായി പ്രത്യേക മുറിതന്നെ സജ്ജമാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഗോള എല്‍എസ്ഡി വിതരണക്കാരായ ഡോ. സോയൂസ് ശൃംഖലയില്‍നിന്ന് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് പ്രതി എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങും. ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്ക് തപാലിലാണ് ഇങ്ങനെ ഓഡര്‍ചെയ്യുന്ന ലഹരിയെത്തുക. ഇത് ആഭ്യന്തര കെറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് വിതരണംചെയ്യും. വാങ്ങുന്ന വ്യക്തിക്ക് ഇത് എവിടെ നിന്നുവന്നുവെന്നോ ആരാണ് ഇത് തങ്ങള്‍ക്ക് അയക്കുന്നതെന്നോ വ്യക്തമല്ല. ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളെയാണ് എഡിസണ്‍ ലക്ഷ്യമിട്ടത്. കൊറിയര്‍ വഴിയുള്ള കച്ചവടമായതുകൊണ്ട് ഇടപാടുകാരിലേയ്ക്ക് നേരിട്ടെത്താന്‍ സാധിക്കുന്നില്ല എന്നത് മറയാക്കിയായിരുന്നു കച്ചവടം. ഓരോ തവണയും കൊറിയര്‍ സ്ഥാപനങ്ങള്‍ മാറ്റിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. 

ഒരു സംസ്ഥാനത്തെ തന്നെ പല പട്ടണങ്ങളിലും വേറിട്ട് നില്‍ക്കുന്ന കൊറിയര്‍ സര്‍വീസുകള്‍ ലഹരി കച്ചവടത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ജൂണ്‍ 28‑ന് എഡിസന്റെ പേരില്‍ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ മൂന്നു തപാല്‍ പാഴ്‌സലുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതാണ് കേസ് എഡിസണിലേയ്ക്ക് എത്തുന്നത്. ഡാര്‍ക്ക് വെബ്ബ് രഹസ്യകോഡുകളടക്കം കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. ഗൂഗിള്‍പോലുള്ള ബ്രൗസറുകളോ സെര്‍ച്ച് എന്‍ജിനുകളോ ഉപയോഗിച്ച് പ്രവേശിക്കാനാകില്ലെന്നതും ടോര്‍ പോലുള്ള പ്രത്യേക സോഫ്റ്റ് വേറുകളും കോണ്‍ഫിഗറേഷനുകളും ആവശ്യമുള്ളതുമാണ് ഡാര്‍ക്ക് നെറ്റ്. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍ തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസമാണ്. അന്വേഷണസംഘങ്ങള്‍ സമീപിച്ചാലും ചില രാജ്യങ്ങള്‍ ഡാര്‍ക്ക് നെറ്റ് വിവരം കൈമാറാന്‍ തയാറാകാത്തതും തിരിച്ചടിയാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.