
പ്രകൃതിവാതക ഉല്പാദനത്തിൽ വരുത്തിയ വീഴ്ചയ്ക്കും കരാർ ലംഘനത്തിനും നഷ്ടപരിഹാരമായി റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് പെട്രോളിയം (ബിപി) എന്നീ കമ്പനികളിൽ നിന്ന് 3,000 കോടി ഡോളർ (ഏകദേശം 2.69 ലക്ഷം കോടി രൂപ) നല്‍കണമെന്ന് കേന്ദ്ര സർക്കാർ. കൃഷ്ണ — ഗോദാവരി തടത്തിലെ (കെജി-ഡി6) വാതക പാടങ്ങളിൽ ഉല്പാദന ലക്ഷ്യം കൈവരിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. 14 വർഷമായി തുടരുന്ന തർക്കത്തിൽ മൂന്നംഗ ആർബിട്രേഷൻ ട്രിബ്യൂണലിന് മുമ്പാകെ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
പ്രതിദിനം 80 ദശലക്ഷം ക്യുബിക് മീറ്റർ വാതകം ഉല്പാദിപ്പിക്കേണ്ട സ്ഥാനത്ത് 2013–14 കാലയളവിൽ ഇത് വെറും 9.77 ദശലക്ഷമായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ കാലാവധിക്ക് മുമ്പേ ഈ പാടങ്ങളിൽ നിന്നുള്ള ഉല്പാദനം പൂർണമായും നിലച്ചു. 31 കിണറുകൾ കുഴിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും റിലയൻസ് വെറും 18 കിണറുകൾ മാത്രമാണ് ഉപയോഗിച്ചത്. അനാവശ്യമായ രീതികൾ പിന്തുടർന്നത് മൂലം പ്രകൃതിദത്തമായ വാതക ശേഖരത്തിന് നാശമുണ്ടായെന്നും സർക്കാർ ആരോപിക്കുന്നു.
ഉല്പാദന ശേഷി കുറവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വൻതോതിൽ പണം ചെലവാക്കി അനാവശ്യ സൗകര്യങ്ങൾ നിർമ്മിച്ചുവെന്നും ഇത് സർക്കാരിന് ലഭിക്കേണ്ട ലാഭവിഹിതം കുറച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം എണ്ണ‑വാതക പര്യവേക്ഷണം വലിയ അപകടസാധ്യതയുള്ള ബിസിനസ് ആണെന്നും ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ മൂലമാണ് ഉല്പാദനം കുറഞ്ഞതെന്നും റിലയൻസും ബിപിയും വാദിക്കുന്നു.
പുതിയ പര്യവേക്ഷണ നയം അനുസരിച്ച്, ലാഭം സർക്കാരുമായി പങ്കുവയ്ക്കുന്നതിന് മുമ്പ് നിക്ഷേപത്തുക പൂർണമായും തിരിച്ചുപിടിക്കാൻ ഓപ്പറേറ്റർക്ക് അവകാശമുണ്ടെന്നും കമ്പനികൾ പറയുന്നു. എല്ലാ നിക്ഷേപങ്ങളും പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയതെന്നും ഇവർ അവകാശപ്പെടുന്നു.
2011ലാണ് ഈ തർക്കം ആരംഭിക്കുന്നത്. അന്നത്തെ യുപിഎ സർക്കാർ റിലയൻസിന് ലഭിക്കേണ്ട 302 കോടി ഡോളറിന്റെ ചെലവ് ആനുകൂല്യങ്ങൾ നിഷേധിച്ചതോടെയാണ് റിലയൻസ് ആർബിട്രേഷൻ നോട്ടീസ് നൽകിയത്. പിന്നീട് മധ്യസ്ഥരെ നിയമിക്കുന്നതിനെച്ചൊല്ലി സുപ്രീം കോടതി വരെ കേസ് നീണ്ടുപോയി. നിലവിൽ ഓസ്‌ട്രേലിയൻ മുൻ ജഡ്ജി മൈക്കൽ കിർബി അധ്യക്ഷനായ ട്രിബ്യൂണലാണ് കേസ് കേൾക്കുന്നത്. നവംബർ ഏഴിന് വാദം പൂർത്തിയായ കേസിൽ അടുത്ത വർഷം ആദ്യം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ഊർജ സുരക്ഷയിൽ നിർണായകമാകുമെന്ന് കരുതിയിരുന്ന ഡി-1, ഡി-3 വാതകപ്പാടങ്ങളെച്ചൊല്ലിയുള്ള ഈ വിധി രാജ്യത്തെ എണ്ണ പര്യവേക്ഷണ മേഖലയിലെ നിക്ഷേപങ്ങളെ ബാധിക്കുമെന്നതിനാൽ അതീവ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.