
ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയബന്ധങ്ങൾ പറഞ്ഞാലും ആരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) മുപ്പതാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. യഥാർത്ഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്തുപിടിച്ചും കപടവിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ട് പോകും.
നാടിന്റെ ഭാവി എന്തായിരിക്കും എന്നുപറയേണ്ടത് കനഗോലുവോ മാധ്യമതമ്പുരാക്കളോ അല്ല മറിച്ച് ജനങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവം ഇടതുപക്ഷം കാണണം. എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതുകൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നതാണ് ജനങ്ങൾ എൽഡിഎഫിനോട് ആവശ്യപ്പെടുന്നത്. സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡിഎഫ് മുന്നോട്ട് പോകുകയാണ്. ആ മുന്നോട്ടുപോക്കിനെ കുറിച്ചാണ് ഇടതുപക്ഷത്തിലെ ഓരോ കക്ഷികളും ചർച്ച ചെയ്യുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ മൂന്നാം ഊഴവും അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത് അധ്യക്ഷനായി. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ സി പി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജന്ദ്രന്‍, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി കണ്‍വീനര്‍ കെ പി ഗോപകുമാര്‍, ചെയര്‍മാന്‍ ഒ കെ ജയകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. കെജിഒഎഫ് ജനറല്‍ സെക്രട്ടറി വി എം ഹാരിസ് റിപ്പോര്‍ട്ടും വനിതാ കമ്മിറ്റി പ്രസിഡന്റ് കെ എല്‍ സോയ രക്തസാക്ഷി പ്രമേയവും സെക്രട്ടറി പി പ്രിയ അനുശോചന പ്രമേയവും ട്രഷറർ എം എസ് വിമൽ കുമാർ വരവുചെലവ് കണക്കും സെക്രട്ടേറിയറ്റ് അംഗം കെ എസ് സജികുമാർ ബൈലോ ഭേദഗതിയും അവതരിപ്പിച്ചു. എം എസ് വിമല്‍കുമാര്‍ നന്ദി പറഞ്ഞു. കെ ആര്‍ ബിനുപ്രശാന്ത് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇന്ന് രാവിലെ 11ന് ലേബർ കോഡും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന വിഷയത്തിൽ സെമിനാർ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബി എം പ്രദീപ് മോഡറേറ്റർ ആകും. റിട്ടയേഡ് ജോയിന്റ് ലേബർ കമ്മിഷണർ ബേബി കാസ്ട്രോ വിഷയാവതരണം നടത്തും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, ഡോ. ജെ ഹരികുമാർ, വിനോദ് മോഹൻ എസ് എന്നിവർ പങ്കെടുക്കും.
തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.