ഛത്തീസ്ഗഢില്‍ നിന്നുള്ള മാവോയിസ്റ്റ് വേട്ടകളുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇന്നലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് കേഡറുകളെയാണ് സേന കൊലപ്പെടുത്തിയത്. കാങ്കർ, ഗാരിയബന്ദ് ജില്ലകളുടെ അതിർത്തിയില്‍ ഛിന്ദ്ഖടക് ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കാങ്കർ പൊലീസ് സൂപ്രണ്ട് ഇന്ദിരാ കല്യാൺ എലെസേലയുടെ ഭാഷ്യം. മാവോയിസ്റ്റുകളുടെ സീതനാദി — റവാസ് ഏരിയാ കമ്മിറ്റി സെക്രട്ടറി സർവൻ മദ്കം എന്ന വിശ്വനാഥ്, നഗരി ഏരിയാ കമ്മിറ്റി അംഗം രാകേഷ് ഹേംല എന്ന രാജേഷ്, മെയിൻപൂർ — നുവാപഡയിലെ ബസന്തി കുങ്കം എന്ന ഹിദ്മെ എന്നിവരാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 22നാണ് നാരായണ്‍പൂരിലെ അബുജ്മദ് വനത്തില്‍, മാവോയിസ്റ്റ് നേതാക്കളായ കഡരി സത്യനാരായണ റെഡ്ഡി എന്ന കോസ, കട്ട രാമചന്ദ്ര റെഡ്ഡിയെന്ന രാജുദാദ എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലചെയ്തതാണെന്ന് സിപിഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) ആരോപിച്ചിട്ടുണ്ട്. കട്ട രാമചന്ദ്ര റെഡ്ഡിയുടെ മൃതദേഹം സംസ്കരിക്കരുതെന്നും, ഛത്തീസ്ഗഢ് ഹൈക്കോടതി ഉത്തരവിടുന്നതുവരെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റെഡ്ഡിയുടെ മകന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈ മാസം 10 വരെ ഇരു നേതാക്കളും സുരക്ഷിതരായിരുന്നുവെന്നും 11ന് ശേഷം അവരെ പിടികൂടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ വച്ച് വകവരുത്തിയ ശേഷം ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയായിരുന്നു പൊലീസ് എന്നുമാണ് സംഘടന പറയുന്നത്.
മാവോയിസ്റ്റുകളെയും ആദിവാസി പ്രവര്‍ത്തകരെയും കൊന്നുതള്ളുന്ന ഭീകരതയ്ക്ക് മോഡി ഭരണത്തില്‍ നല്‍കിയിട്ടുള്ള ഓമനപ്പേരാണ് ഏറ്റുമുട്ടല്‍ കൊല. 2026 മാർച്ച് 31നകം രാജ്യത്തുനിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വർഷം ആദ്യം പ്രഖ്യാപിച്ചത് ഇത്തരം നടപടികള്‍ക്ക് വേഗം കൂട്ടാന്‍ വേണ്ടിയാണ്. ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അർധസൈനിക വിഭാഗങ്ങളിലെ 10,000 കമാൻഡോകൾ ഉൾപ്പെടുന്ന സംഘത്തെ മാവോവാദി വിരുദ്ധ ഓപ്പറേഷനുവേണ്ടി രൂപീകരിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും ബൃഹത്തായ മാവോവാദി വിരുദ്ധ ഓപ്പറേഷനാണിത്. കരേഗട്ട, നാഡ്പള്ള, പൂജാരി കാങ്കർ എന്നിവിടങ്ങളിലെ നിബിഡവനങ്ങളിലാണ് മാവോവാദികൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 400ലേറെ മാവോവാദികളെയാണ് ഛത്തീസ്ഗഢില്‍ മാത്രം വധിച്ചത്. 2024ല്‍ 163 പേരെയും ഈ വര്‍ഷം ഇതുവരെ 252 പേരെയും വധിച്ചു. അരികുവൽക്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ഏറെക്കാലമായി തുടരുന്ന സംഘർഷങ്ങളുടെ ഭാഗമാണ് രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ. രാജ്യസുരക്ഷ മുൻനിർത്തിയെന്ന വ്യാജേന, ഇത്തരം പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഗോത്ര സ്വയംഭരണത്തെയും ഭരണഘടനാ സുരക്ഷയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകര്‍ നിരന്തരമായി ചൂണ്ടിക്കാണിക്കുന്നതാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ ഉറപ്പുനൽകുന്ന ആദിവാസി അവകാശങ്ങൾ ആസൂത്രിമായി അട്ടിമറിക്കപ്പെടുകയും വനങ്ങളും ധാതുക്കളുമെല്ലാം കോർപറേറ്റ് ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നതിനെതിരെ പ്രതിരോധമുയര്‍ത്തുന്നവരെയാണ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി കൊന്നൊടുക്കുന്നത്. ആദിവാസികളെ ശത്രുതയോടെ കാണുന്ന സൈനിക സമീപനത്തിനെതിരെയാണ് പ്രാദേശിക ചെറുത്തുനില്പുണ്ടാകുന്നത്. പ്രതിരോധിക്കുന്നവരെ കൊന്നുതള്ളുക മാത്രമല്ല, അവരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കാൻ പോലും പലപ്പോഴും ഭരണകൂടം തയ്യാറാകുന്നില്ല. കുടുംബാംഗങ്ങളുടെ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന നടപടി ജനാധിപത്യ സംസ്കാരത്തിന് അപമാനമാണ്.
മാവോയിസ്റ്റുകളുടെ സായുധ രീതി അംഗീകരിക്കാനാവുന്നതല്ല. എന്നാല്‍ മാവോയിസം എന്നത് ഭീകര പ്രവര്‍ത്തനമോ ദേശവിരുദ്ധമോ അല്ല. ഇക്കാര്യം കോടതികള്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാമുണ്ടാക്കുന്നതിന് പകരം കൊലപാതകത്തിന്റെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ സമീപനമാണ് ഛത്തീസ്ഗഢിലെയുള്‍പ്പെടെ ബിജെപി സർക്കാരുകള്‍ സ്വീകരിക്കുന്നത്. ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വനത്തിന്റെ അവകാശികളായ ആദിവാസികളെ മേഖലകളില്‍ നിന്ന് ഒഴിപ്പിക്കുകയാണ് ചങ്ങാത്ത മുതലാളിത്ത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. എന്തിന്റെ പേരിലായാലും ജനാധിപത്യതത്വങ്ങൾക്കും നിയമ സംവിധാനങ്ങൾക്കുമെതിരായി മനുഷ്യജീവനുകളെ ഇല്ലാതാക്കുന്നത് ആഘോഷമാക്കുന്ന നിലപാട് മനുഷ്യത്വവിരുദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.