
ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം. അടുത്തിടെ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) ആരോപിച്ചു.
ഈമാസം 22ന് നാരായണ്‍പൂരിലെ അബുജ്മദ് വനത്തില്‍, നേതാക്കളായ കഡരി സത്യനാരായണ റെഡ്ഡി എന്ന കോസ, കട്ട രാമചന്ദ്ര റെഡ്ഡിയെന്ന രാജുദാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കട്ട രാമചന്ദ്ര റെഡ്ഡിയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു, ഛത്തീസ്ഗഢ് ഹൈക്കോടതി ഉത്തരവിടുന്നതുവരെ മൃതദേഹം സംസ്കരിക്കാനോ ദഹിപ്പിക്കാനോ പാടില്ലെന്നും ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കഡരി സത്യനാരായണ, കട്ട രാമചന്ദ്ര എന്നിവരെ ഈമാസം 11, 20 തീയതികളിലാണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ 22ന് രണ്ടു നേതാക്കളെയും സുരക്ഷാസേന വ്യാജ ഏറ്റുമുട്ടലിലുടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഐ (മാവോയിസ്റ്റ്) ആരോപിച്ചു. ഈമാസം 10 വരെ രണ്ടുനേതാക്കളും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിരുന്നു. എന്നാല്‍ 11 ന് ശേഷം റായ്പൂർ പട്ടണത്തിൽ നിന്നോ മറ്റെവിടെ നിന്നോ അവരെ പിടികൂടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഈ കേന്ദ്രത്തില്‍ വച്ചാണ് നേതാക്കളെ വകവരുത്തിയത്.
തുടര്‍ന്ന് അബുജ്മദ് വനത്തില്‍ തിരച്ചിൽ ആരംഭിച്ചു. ഇതിനുപിന്നാലെയാണ് രണ്ടു നേതാക്കളുടെയും മൃതദേഹം സുരക്ഷാസേന പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും സിപിഐ (മാവോയിസ്റ്റ്) വക്താവ് വികല്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേഡര്‍മാരുടെ തുടര്‍ച്ചയായ കീഴടങ്ങലുകള്‍ സംഘടനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കീഴടങ്ങുന്ന മുന്‍ പാര്‍ട്ടി കേഡര്‍മാര്‍ സുരക്ഷാസേനയ്ക്ക് വിവരങ്ങള്‍ കൈമാറുന്നതാണ് അടുത്തിടെയുണ്ടായ തിരിച്ചടികള്‍ക്ക് കാരണം. കുത്തക കമ്പനികള്‍ നടത്തുന്ന ചൂഷണത്തിനും പ്രകൃതി വിഭവം കൊള്ളയടിക്കുന്നതിനുമെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ മാവോയിസ്റ്റ് മുദ്രചാര്‍ത്തി ഇല്ലായ്മ ചെയ്യുന്ന പ്രവണത ഛത്തീസ്ഗഡിലും തെലങ്കാനയിലും നിര്‍ബാധം തുടരുന്നതായും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
കട്ട രാമചന്ദ്ര റെഡ്ഡിയുടെ മകന്‍ രാജചന്ദ്ര റെഡ്ഡിയാണ് പിതാവിന്റെ മൃതദേഹം സംസ്കരിക്കാനുള്ള പൊലീസിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ചന്ദ്രയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കേസിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ദസറ അവധിക്കുശേഷം ഹൈക്കോടതി ഹര്‍ജി പരിഗണിക്കണമെന്നും അതുവരെ മൃതദേഹം സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.