21 December 2025, Sunday

കെ എന്‍ രാജ് ശതാബ്ദി വര്‍ഷ സ്മരണ

പി എ വാസുദേവൻ
കാഴ്ച
December 14, 2024 4:00 am

ഡോ. കെ എന്‍ രാജിന്റെ നൂറാം ജന്മവാര്‍ഷികമാണിത്- 1924–2024. ഒരുപക്ഷെ ഇന്നത്തെ പൊതുചര്‍ച്ചകളില്‍ രാജ് സജീവമല്ലായിരിക്കാം. അദ്ദേഹം തുടങ്ങിവച്ച പല പ്രശ്നങ്ങളുടെയും പരിഗണനാ പ്രധാന്യവും മാറിയിരിക്കാം. പിന്നെ പൊതുമനസിന്റെ ഓര്‍മ്മക്കുറവും മറ്റൊരു ഘടകം. പക്ഷെ കേരള സമ്പദ്ഘടനയെയും അതിനുനിദാനമായ സ്ഥാപനവ്യവസ്ഥയെയും കുറിച്ച് പഠിക്കുമ്പോള്‍ കെ എന്‍ രാജിനെ ഓര്‍മ്മിക്കാതിരിക്കുന്നത് നന്ദികേടാണ്. അദ്ദേഹം ഒരു വെറും ധനശാസ്ത്രപണ്ഡിതന്‍ മാത്രമായിരുന്നില്ല. അതൊക്കെ ആവോളമുണ്ടായിരുന്നിട്ടും ഒരു നാടിന്റെ വികസന പ്രശ്നങ്ങളെ ജനപക്ഷത്തുനിന്ന് നോക്കിക്കണ്ട് വിശകലനം ചെയ്യാനും അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും അദ്ദേഹം ഫലവത്തായി ശ്രമിച്ചു. 

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിലും പദ്ധതി നിര്‍ദേശങ്ങളിലും രാജ് നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. നെഹ്രുവിന് അദ്ദേഹം വിശ്വസ്ഥനായ ധനകാര്യ വിദഗ്ധനായിരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയിലെ കാര്‍ഷികമേഖലയെക്കുറിച്ച് ഒട്ടേറെ വ്യക്തമായ കുറിപ്പുകള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. വ്യവസായങ്ങളെ അവഗണിക്കാനല്ല ശ്രമിച്ചത്. വ്യാവസായിക മേഖല വികസിക്കുമ്പോള്‍, അതിന്റെ സുസ്ഥിരതയ്ക്കാവശ്യമായ ചോദനം സൃഷ്ടിക്കുന്നത് കാര്‍ഷിക മേഖലാ വികസനമാണെന്നതായിരുന്നു രാജിന്റെ വാദം. അതുകൊണ്ടുതന്നെ രണ്ടാം പദ്ധതിയില്‍ കൃഷിയെ അവഗണിച്ച് വ്യവസായമേഖലയ്ക്ക് പ്രാധാന്യം നല്കിയപ്പോള്‍ അദ്ദേഹം എതിര്‍ത്തു. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യപ്രാപ്തി കുറഞ്ഞപ്പോള്‍ രാജിന്റെ പ്രവചനമായിരുന്നു ശരിയെന്ന് പലരും മനസിലാക്കി.
നെഹ്രുവിയന്‍ സോഷ്യലിസ്റ്റായിരുന്നെങ്കിലും നെഹ്രുവുമായുണ്ടായിരുന്ന വിയോജിപ്പുകള്‍ പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. പല ഉയര്‍ന്ന സര്‍ക്കാര്‍ ലാവണങ്ങളും അദ്ദേഹത്തിനായി മാറ്റിവച്ചപ്പോഴും അത് സ്വീകരിക്കാതിരുന്നത്, തന്റെ സ്വതന്ത്രമായ അക്കാദമിക്സ്‌ തുടര്‍ന്നു പോവുന്നതിനായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായാലുണ്ടാവുന്ന പരിമിതികള്‍ രാജിന് അറിയാമായിരുന്നു. സര്‍ക്കാരിന് പുറത്ത് താന്‍ കൂടുതല്‍ ഉപകാരപ്രദമാവുമെന്ന് അദ്ദേഹം അറിഞ്ഞു. എന്നാലും നെഹ്രുവിന്റെ പ്രശ്നങ്ങളും പരിമിതികളും അദ്ദേഹം അനുഭാവപൂര്‍വം മനസിലാക്കി. നിയോലിബറല്‍ ധനശാസ്ത്ര പ്രയോഗങ്ങളോട് അദ്ദേഹം വിയോജിച്ചത് സ്റ്റേറ്റ് ആക്ഷനിലൂടെ മാത്രം പരിഹരിക്കേണ്ട പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ്. എല്ലാം സ്വതന്ത്ര വിപണിക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം മനസിലാക്കി. തന്നെയുമല്ല, ഒരു സമൂഹത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്ഥാപന സംവിധാനവും അതിന്റെ നടത്തിപ്പുകാരും വേണമെന്നും നിര്‍ദേശിച്ചു. രാജ് ഒന്നാന്തരം സ്ഥാപന സ്ഥാപകനായിരുന്നു. അതിന്റെ നല്ല ഉദാഹരണങ്ങളാണ് ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസും.

കേരളത്തിലെ മനുഷ്യരും വിഭവങ്ങളും വികസനത്തിന് എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ച് സമഗ്രമായ പഠനമായിരുന്നു അതിന്റെ ഉദ്ദേശ്യം. അങ്ങനെയൊരാശയം ഉദിച്ചത് അന്നത്തെ മുഖ്യമന്ത്രിയും ദൂരവീക്ഷണമുള്ള വ്യക്തിയുമായിരുന്ന സി അച്യുതമേനോന്റെ മനസില്‍. കാര്യം ചെയ്യാനറിയാവുന്ന ഒരു ഭരണാധികാരിക്ക് എന്തും ചെയ്യാനാവും. കക്ഷി രാഷ്ട്രീയത്തിന്റെ പരിമിതികളില്ലാത്ത അദ്ദേഹം രാജിന് കത്തെഴുതി കാര്യം പറഞ്ഞു. ആ കത്തിന്റെ ദീര്‍ഘകാല സന്ദേശമറിയാവുന്ന രാജ് തന്റെ സ്ഥാനവും വന്‍ ശമ്പളവും വിട്ട് തിരുവനന്തപുരത്തെത്തി സിഡിഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അദ്ദേഹത്തിന്റെ പരന്ന സ്വാധീന വലയത്തില്‍ പെട്ട പ്രഗത്ഭരായ സാമൂഹികശാസ്ത്രവിദഗ്ധരെ രാജ് സെന്ററിലെത്തിച്ചു. ടി എന്‍ കൃഷ്ണന്‍, എ വെെദ്യനാഥന്‍, കെ പി കണ്ണന്‍, എം എ ഉമ്മന്‍, പിജികെ പണിക്കര്‍, അമിയ ബാഗ്‌ചി, ഐ എസ് ഗുലാത്തി തുടങ്ങി ഒട്ടേറെ പേര്‍. പിന്നെ ജോവന്‍ റൊബിന്‍സണ്‍, അശോക് മിത്ര, അമര്‍ത്യ സെന്‍ തുടങ്ങിയവര്‍ ഗസ്റ്റ് പ്രഭാഷകര്‍. യുഎന്നുമായി ബന്ധപ്പെട്ട് കേരളത്തിലെ ദാരിദ്ര്യം, ജോലി, തൊഴില്‍ എന്നിവയെ സംബന്ധിച്ച് വിശദമായൊരു പഠനം. പെട്ടെന്ന് എല്ലാ വിചാരിച്ചതിലും ഗംഭീരമായി. എല്ലാത്തിനും പിന്നില്‍ കെ എന്‍ രാജുണ്ടായിരുന്നു. ഒരു വ്യക്തിക്ക് എത്ര വലിയ മാറ്റമുണ്ടാക്കാനാവുമെന്ന് രാജ് തെളിയിച്ചു.

പഠനത്തിനും പദ്ധതിക്കും ആവശ്യമായ സ്ഥാപനവ്യവസ്ഥയും പണ്ഡിതരും ഒരുക്കുന്നതില്‍ അദ്ദേഹം അസാമാന്യ പ്രതിഭ തെളിയിച്ചു. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് വളര്‍ത്തിയെടുക്കുന്നതിലും ഡിസിഎസ് വളര്‍ത്തുന്നതിലും രാജിന്റെ കഴിവു തന്നെയായിരുന്നു പ്രധാനം. ലോകത്തെങ്ങുമുള്ള ധനശാസ്ത്ര വിദഗ്ധരെയെല്ലാം അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങനെ ഒരേയൊരാളേ കേരളത്തിലുണ്ടായിരുന്നുള്ളു. പ്ലാനിങ് കമ്മിഷന്‍ രേഖകള്‍ ഉണ്ടാക്കുന്നതിലും തുടക്കകാലത്ത് റിസര്‍വ് ബാങ്കിന്റെ ദിശ നിര്‍ണയിക്കുന്നതിലും രാജിന്റെ സ്വാധീനം കാണാം. റിസര്‍വ് ബാങ്കിന്റെ പ്രധാന ഓറിയന്റേഷന്‍, ഇന്ത്യയിലെ കര്‍ഷകരുടെ ആവശ്യങ്ങളാവണമെന്നദ്ദേഹം നിര്‍ബന്ധിച്ചു.

വ്യാവസായിക വികസനത്തിലേക്ക് രണ്ടാം പഞ്ചവത്സര പദ്ധതി തിരിഞ്ഞപ്പോള്‍ രാജ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. വ്യാവസായിക മുന്നേറ്റത്തിന്റെ ഇന്ധനം കൃഷിയാവണം. വ്യാവസായിക ഉല്പന്നങ്ങളുടെ ചോദനം വരുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാവണം. അതുകൊണ്ട് കൃഷിയില്‍ നിന്നുള്ള വരുമാനവും കാര്‍ഷിക തൊഴിലവസരങ്ങളും വര്‍ധിക്കണമെന്നദ്ദേഹം പറഞ്ഞിരുന്നു. പെട്ടെന്ന് രണ്ടാം പദ്ധതി മുതല്‍ വ്യാവസായിക മേഖലയ്ക്ക് നല്കിയ ഊന്നല്‍ ശരിയല്ലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. 

എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ആരംഭനാളുകളിലെ സങ്കീര്‍ണമായ സാമ്പത്തിക – സാമൂഹിക രംഗത്തെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. നെഹ്രു നേരിടുന്ന പ്രശ്നസങ്കീര്‍ണതകളും അദ്ദേഹത്തിനറിയാമായിരുന്നു. പൊതുരംഗത്തെ പ്രശ്നങ്ങളെ സൂക്ഷ്മമായി പഠിക്കാന്‍ നല്ല അക്കാദമിക് സെന്ററുകള്‍ വേണമെന്ന് മനസിലാക്കിയതുകൊണ്ടാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയെ അദ്ദേഹം രൂപപ്പെടുത്തിയത്. അമര്‍ത്യസെന്‍, സുഖ്മയ് ചക്രവര്‍ത്തി, ജഗദീഷ് ഭഗവതി, മന്‍മോഹന്‍ സിങ് തുടങ്ങിയവരെ അവിടെ ഒന്നിച്ചുചേര്‍ക്കാനദ്ദേഹത്തിന് സാധിച്ചു. അതേ കാര്യങ്ങളാണദ്ദേഹം തിരുവനന്തപുരത്തെ ഡിസിഎസിലും പരീക്ഷിച്ചത്. കൂട്ടിന് അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയുമുണ്ടായിരുന്നത് മറ്റൊരു നേട്ടം. 

പക്ഷെ, കാര്യങ്ങള്‍ അങ്ങനെ നിലനിന്നില്ല. ആ സ്ഥാപനവും മറ്റൊരു സ്ഥാപനം മാത്രമായി. ഡിസിഎസിന്റെ ആദ്യ നാളുകളില്‍ അവിടെ എത്രയോ തവണ പോകാനും ഒട്ടേറെ സെമിനാറുകളിലും കോഴ്സുകളിലും പങ്കെടുക്കാനും‍ കഴിഞ്ഞത് വലിയ നേട്ടമായി ഞാന്‍ കരുതുന്നു. അനാരോഗ്യം കാരണം രാജ് പിന്‍വാങ്ങി. അവിടെ അടുത്ത് താമസിച്ചിരുന്നപ്പോള്‍ പോയി കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹം 86-ാം വയസില്‍ അന്തരിച്ചു. 1970ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജിന് പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. കേരളം അദ്ദേഹത്തെ വേണ്ടത്ര ഓര്‍മ്മിച്ചില്ല എന്നത് സത്യമാണ്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.