കപ്പടിക്കും വരെ വിജയം തേടിയുള്ള അശ്വമേധത്തിന് ഖത്തര്‍ ലോകകപ്പില്‍ ഇന്ന് തുടക്കമാകുന്നു. തോറ്റാല്‍ പുറത്താകുമെന്നതിനാല്‍ രണ്ടുംകല്‍പ്പിച്ച പോര്‍മുഖങ്ങളായിരിക്കും ഇനി തുറക്കപ്പെടുക. രണ്ടാം റൗണ്ടിലെത്തിയ പതിനാറു ടീമുകളില്‍ എട്ടെണ്ണം മാത്രം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്ന മരണക്കളികള്‍. ആരൊക്കെയായിരിക്കും അവസാന എട്ടിലെത്തുക എന്നത് പ്രവചനങ്ങള്‍ക്കതീതം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ വീഴ്ച സംഭവിച്ചാലും തിരുത്താന്‍ രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇനി വീഴ്ച പുറത്തേക്കുള്ള വാതില്‍ തുറന്നു നല്‍കുമെന്നതിനാല്‍ ഇഞ്ചോടിഞ്ച് പോരാടി വിജയം കൈപ്പിടിയിലൊതുക്കാനാകും ടീമുകള്‍ ശ്രമിക്കുക. നിശ്ചിത സമയത്ത് സമനിലയിലായാല്‍ കളി 30 മിനിറ്റ് അധികസമയത്തേക്കും അതും സമനിലയിലായാല്‍ ഷൂട്ടൗട്ടിലേക്കും നീളും. ഒരു ടീം അടുത്ത റൗണ്ട് ഉറപ്പാക്കി മാത്രമേ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങൂ.
ജര്‍മ്മനിയും ബെല്‍ജിയവും ഒഴികെയുള്ള വമ്പന്മാരെല്ലാം വ്യാഴാഴ്ച രാത്രിയോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി കഴിഞ്ഞു. ബ്രസീലും പോര്‍ച്ചുഗലും ഉള്‍പ്പെട്ട ഗ്രൂപ്പുകളിലെ മത്സരം പൂര്‍ത്തിയായതോടെ രണ്ടാം റൗണ്ട് ചിത്രവും ഇന്നലെ രാത്രി തെളിഞ്ഞു.
പ്രതിരോധ നായകന്‍ വാന്‍ഡക്കും മിന്നും സ്‌ട്രൈക്കര്‍പുലിസിച്ചും നേര്‍ക്കുനേര്‍
ഇന്നത്തെ ആദ്യമത്സരത്തില്‍ ഗ്രൂപ്പ് എ യിലെ ചാമ്പ്യന്മാരായ ഹോളണ്ട് ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരായ യു എസ് എ യുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് സി യിലെ ഒന്നാംസ്ഥാനക്കാരായ അര്‍ജന്റീനയും ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാമത്തെ മത്സരം.
ഗ്രൂപ്പ് തലത്തില്‍ ആദ്യമത്സരത്തില്‍ സെനഗലിനെതിരെ മികച്ച തുടക്കമാണ് ഓറഞ്ച്പടക്ക് ലഭിച്ചതെങ്കിലും ഇക്വഡോറിനോട് സമനിലയില്‍ പിരിഞ്ഞതോടെ മൂന്നാമത്തെ മത്സരത്തില്‍ ഖത്തറിനെ വീഴ്ത്തിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. അമേരിക്കയാകട്ടെ കരുത്തരായ ഇംഗ്ലണ്ടിനെയും ഗാരത് ബെയ്‌ലിന്റെ വെയ്ല്‍സിനേയും സമനിലയില്‍ തളച്ച് അവസാന മത്സരത്തില്‍ ഇറാനെ വീഴ്ത്തിയുമാണ് മുന്നേറിയത്. ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല. അഞ്ച് സൗഹൃദമത്സരങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ ഡച്ചുകാര്‍ക്കാണ്. നാലുമത്സരങ്ങളും അവര്‍ വിജയച്ചപ്പോള്‍ ഒരു വിജയം മാത്രമാണ് അമേരിക്കക്ക് ലഭിച്ചത്. നെതര്‍ലന്‍ഡ്‌സ് അഞ്ചുമത്സരങ്ങളില്‍ നിന്നായി പത്തുഗോളുകള്‍ നേടിയപ്പോള്‍ അമേരിക്ക നേടിയത് അഞ്ചെണ്ണം. ഗ്രൂപ്പ് തലത്തില്‍ താരസമ്പന്നമായ ഇംഗ്ലണ്ടിനെ വരച്ച വരയില്‍ നിര്‍ത്താനായത് പ്രതിരോധത്തിന്റെ വന്‍മതില്‍ വിര്‍ജില്‍ വാന്‍ഡെക്കിന്റെ സംഘവുമായുള്ള പോരാട്ടത്തില്‍ അമേരിക്കക്ക് ആത്മവിശ്വാസം നല്‍കുന്നു. ആദ്യമത്സരത്തില്‍ സെനഗലിനെതിരെ ടീം മികച്ച ഫോമിലേക്കുയര്‍ന്നെങ്കിലും പിന്നീടങ്ങോട്ട് ഫിനിഷിങില്‍ മൂര്‍ച്ചയില്ലാതെ പോയത് നെതര്‍ലാന്‍ഡ്‌സിന് വെല്ലുവിളിയായി. അമേരിക്കയുടെ ചെല്‍സി സ്‌ട്രൈക്കര്‍ ക്രസ്റ്റിയന്‍ പുലിസിച്ച് ഇറാനെതിരെ ഗോളടിച്ച് മികച്ച ഫോമിലേക്കുയര്‍ന്നതോടെ പ്രതിരോധത്തിലൂന്നി കളിക്കുന്ന വാന്‍ഡെക്കിനും സംഘത്തിനും പണി കനക്കുമെന്നുറപ്പ്.
അര്‍ജന്റീനയുടെ ഫോമും ഓസ്ട്രേലിയയുടെ കുതിപ്പും
ഇന്ന് രാത്രിയിലെ രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരും ആരാധകരുടെ പ്രിയ ടീമുമായ അര്‍ജന്റീന ഏഷ്യന്‍ കോണ്‍ഫഡറേഷന്‍ ടീമായ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുമ്പോള്‍ മത്സരഫലം പ്രവചനാതീതം. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ സൗദിയോട് അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങിയ മെസിയും കൂട്ടരും തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയായിരുന്നു. കരുത്തരായ മെക്‌സിക്കോയേയും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിനെയും വീഴ്ത്തിയാണ് അര്‍ജന്റീന മുന്നേറിയത്. മെസിക്കൊപ്പം ടീം മൊത്തത്തില്‍ കളത്തില്‍ നിറഞ്ഞു കളിക്കുന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഓസ്ട്രേലിയ കരുത്തരായ എതിരാളികളാണെന്ന് അര്‍ജന്റീനയുടെ കോച്ച് ലയണല്‍ സ്കലോനി വ്യക്തമാക്കിയതോടെ കടമ്പകടക്കാന്‍ എല്ലാ തന്ത്രങ്ങളും ടീം പുറത്തെടുക്കുമെന്ന് വ്യക്തം. 4–3‑3 എന്നതാകും ശൈലി. ഡി മരിയിയും മെസിയും നേതൃത്വം നല്‍കുന്ന മുന്നേറ്റങ്ങളെ പ്രതിരോധിക്കല്‍ തലവേദനയാകും.
പൊതുവെ പ്രതിരോധത്തില്‍ പാളിച്ച പ്രകടമാകുന്ന ടീമാണ് ഓസീസ്. ടോംറോജിന്റെ നേതൃത്വത്തിലുള്ള മധ്യനിരയാണ് ടീമിന്റെ ഹൈലൈറ്റ്. തെക്കേ അമേരിക്കന്‍ ടീമായ പെറുവിനെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ഷൂട്ടൗട്ടില്‍ മറികടന്ന പരിചയം അര്‍ജന്റീനയുമായുള്ള പോരാട്ടത്തില്‍ കോച്ച് ഗ്രാഹാം അര്‍നോള്‍ഡിന് മുതല്‍ കൂട്ടാകും. 4–3‑2–1 എന്ന ശൈലിയിലാണ് ടീം കളത്തിലെത്തുന്നത്. ഗ്രൂപ്പ് തലത്തില്‍ ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെതിരെ തകര്‍ന്ന ടീം പിന്നീട് താളം കണ്ടെത്തുകയായിരുന്നു. ശക്തരായ ഡെന്‍മാര്‍ക്കിനേയും വെയ്‌ല്‍സിനേയും മറികടന്ന് ആറുപോയിന്റ് നേടിയാണ് ഓസ്ട്രേലിയയുടേയും വരവ്. ഗ്രൂപ്പ് തലത്തിലെ പോയിന്റ് നില നോക്കിയാല്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം.
ഇരുടീമും ലോകകപ്പില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. മുമ്പ് സൗഹൃദ മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തപ്പോള്‍ അഞ്ച് തവണ അര്‍ജന്റീനയും ഒരു തവണ ഓസ്ട്രേലിയയും ജയിച്ചു. ഒരു മത്സരം സമനിലയിലായി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.