25 June 2024, Tuesday
KSFE Galaxy Chits

Related news

May 7, 2024
October 12, 2023
September 21, 2023
March 20, 2023
February 14, 2023
January 15, 2023
December 6, 2022
November 8, 2022
October 31, 2022
October 25, 2022

വേനല്‍ക്കാലത്തെ നേത്രരോഗങ്ങള്‍ അറിയാം

Dr. Anju Harish
Consultant Ophthalmologist SUT Hospital, Pattom
February 1, 2022 6:09 pm

വേനല്‍ക്കാല സൂര്യന്‍ കണ്ണുകള്‍ക്ക് ദോഷം ചെയ്യും. അന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ദ്ധിക്കുകയും പൊടി പടലങ്ങള്‍ കൂടുകയും ചെയ്യുന്നത് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമേ കണ്ണില്‍ അണുബാധയ്ക്കും കാരണമാകാം.സാധാരണയായി വേനല്‍ക്കാലത്ത് കണ്ടു വരുന്ന നേത്ര രോഗങ്ങള്‍ ഇവയാണ്:

കണ്‍ജങ്ക്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ്

കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്ക്റ്റവ എന്ന കോശഭിത്തിയില്‍ ഉണ്ടാകുന്ന അണുബാധയാണ് കണ്‍ജങ്ക്റ്റിവൈറ്റിസ്. ഇത് പലപ്പോഴും പകര്‍ച്ചവ്യാധിയായിട്ടാണ് ഉണ്ടാകാറുണ്ട്. ബാക്ടീരിയയോ വൈറസോ മൂലമുള്ള അണുബാധയാണ് പ്രധാന കാരണം. താല്‍ഫലമായി ഈ ഭാഗത്തേക്ക് താല്‍ക്കാലികമായി രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. കണ്ണിനു ചുവപ്പുനിറം, കണ്ണുനീരൊലിപ്പ്, കണ്‍പോളകള്‍ക്ക് വീക്കം, പീളകെട്ടല്‍, അസ്വസ്ഥതയും ചൊറിച്ചിലും എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാം.

90% ചെങ്കണ്ണും വൈറസ് അണുബാധ കാരണമാണ്. ഇത് ഒരു പകര്‍ച്ചവ്യാധിയായതിനാല്‍ കണ്‍ജങ്ക്റ്റിവൈറ്റിസ് ഉണ്ടെങ്കില്‍ സ്വയം ഒറ്റപ്പെടണം. അണുബാധയുള്ളപ്പോള്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. കൂടാതെ രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന ടവ്വലുകള്‍, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്. രോഗം പടരാതിരിക്കാന്‍ രോഗബാധിതനായ വ്യക്തിയും കുടുംബവും അവരുടെ വ്യക്തി ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വൈറസ് കൂടാതെ ബാക്ടീരിയ, ഫംഗസ് എന്നിവയും അണുബാധയ്ക്ക് കാരണമാകാം. അതിനാല്‍ ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നതിനു മുമ്പ് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.

അലര്‍ജിക്ക് കണ്‍ജങ്ക്റ്റിവൈറ്റിസ്

ഇത് സീസണല്‍ അല്ലെങ്കില്‍ ചൂട് കാലാവസ്ഥ കണ്‍ജങ്ക്റ്റിവൈറ്റിസ് എന്നും അറിയപ്പെടുന്നു. സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കാം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. തീവ്രമായ ചൊറിച്ചില്‍, റോപ്പി ഡിസ്ചാര്‍ജ്, പ്രകാശത്തോടുള്ള സംവേദന ക്ഷമത എന്നിവ ലക്ഷണങ്ങളാണ്. കോള്‍ഡ് കംപ്രസ്സുകളും ഐസ് പാക്കുകളും സഹായകരമാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാകുമ്പോള്‍ ശരിയായ ചികിത്സയ്ക്കായി നേത്ര രോഗ വിദഗ്ധനെ സമീപിക്കേണ്ടത് ആവശ്യമാണ്. ഇത് സ്പ്രിംഗ്, സമ്മര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകാം. എന്നാല്‍ കാര്യമായ കേടുപാടുകളില്ലാതെ സുഖപ്പെടാം.

സ്‌റ്റൈ (STYE)

കണ്‍പോളകളിലെ ഗ്രന്ഥികളിലുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് സ്‌റ്റൈ. ഗ്രന്ഥികളില്‍ പഴുപ്പ് അടിഞ്ഞു കൂടുകയും വേദനയും ചുവപ്പ് കണ്‍പോള വീക്കവും ലക്ഷണങ്ങളാണ്. വേദനയുടെ തീവ്രത ലിഡ് വീക്കത്തിന്റെ അളവിന് നേര്‍ അനുപാതത്തിലാണ്. ചൂടുള്ള കംപ്രസ്സുകള്‍ ഉപയോഗിച്ചാണ് സ്‌റ്റൈ ചികിത്സ. ഇതോടൊപ്പം തുള്ളിമരുന്നുകളും നേത്രരോഗ വിദഗ്ധന്റെ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കേണ്ടതാണ്. കണ്ണില്‍ കറക്റ്റ് ചെയ്യപ്പെടാത്ത റിഫ്രാക്ടീവ് പിശകുകള്‍ ഉണ്ടെങ്കില്‍ ആവര്‍ത്തിച്ച് സ്‌റ്റൈ ഉണ്ടായേക്കാം. അതിനാല്‍ കണ്ണിന്റെ പവര്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. പ്രമേഹരോഗികളിലും ആവര്‍ത്തിച്ച് സ്‌റ്റൈ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

ഡ്രൈ ഐ സിന്‍ഡ്രോം

ടിയര്‍ ഫിലിമിന്റെ സ്ഥിരത നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന ഏതെങ്കിലും ടിയര്‍ ഫിലിം ഘടകങ്ങളുടെ അഭാവമാണ് ഡ്രൈ ഐ സിന്‍ഡ്രോം ഫിലിം ദ്രുതഗതിയില്‍ തകരുന്നതിനും നേത്ര ഉപരിതലത്തില്‍ വരണ്ട പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും. വരണ്ട കണ്ണുകളുടെ ലക്ഷണങ്ങള്‍ നീറ്റല്‍, ചുവപ്പ്, വേദന, മണല്‍ വാരിയിട്ട പോലെ അസ്വസ്ഥത, ഫോട്ടോ സെന്‍സിറ്റിവിറ്റി (Pho­to­sen­si­tiv­i­ty, പ്രകാശം സഹിക്കാനുള്ള കഴിവില്ലായ്മ) എന്നിവയാണ്. ടിയര്‍ ഫിലിം ഘടകത്തിന്റെ കുറവിനെ അടിസ്ഥാനമാക്കി ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ സബ്സ്റ്റിറ്റിയൂട്ട്‌സ് (Arti­fi­cial tear sub­sti­tutes) നിര്‍ദേശിക്കുന്നത് ചികിത്സയില്‍ ഉള്‍പ്പെടുന്നു.

നേത്ര അണുബാധകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനായി ചില നുറുങ്ങുകള്‍ ഇപ്രകാരമാണ്:

· നല്ല വ്യക്തി ശുചിത്വം പാലിക്കുക.

· കണ്ണുകളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.

· കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും നല്ല പ്രതിരോധശേഷി ഉണ്ടാക്കുക.

· ധാരാളം വെള്ളം കുടിച്ചും പോഷകങ്ങളാല്‍ സമ്പുഷ്ടമായ ദ്രാവകങ്ങള്‍ കഴിച്ചും ശരീരത്തിലെ ജലാംശം സംരക്ഷിക്കുക.

· ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

· നല്ല ഒരു ജോടി സണ്‍ഗ്ലാസ്സുകള്‍ ഉപയോഗിച്ച് കണ്ണുകളെ പൊടി, അഴുക്ക്, മാരകമായ UV rays എന്നിവയില്‍ നിന്ന് സംരക്ഷിക്കുക.

· ബ്ലൂ ഫില്‍റ്റര്‍ (blue fil­ter) ലെന്‍സുകള്‍ ദോഷകരമായ നീല രശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കും.

· ഒരു നല്ല രാത്രിയുടെ ഉറക്കം നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമിക്കാനും സുഖപ്പെടുത്താനും അവസരം നല്‍കുന്നു. അതു വഴി കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനാകും.

· എല്ലാ വര്‍ഷവും കൃത്യമായി നേത്രരോഗ വിദഗ്ദ്ധനെ കണ്ട് കണ്ണുകള്‍ പരിശോധിക്കുക അതു വഴി കാഴ്ചയ്‌ക്കോ കണ്ണിന്റെ ആരോഗ്യത്തിനോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയും.

ENGLISH SUMMARY:Know sum­mer eye diseases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.