12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

August 6, 2024
June 29, 2024
September 21, 2023
March 20, 2023
December 6, 2022
November 8, 2022
October 31, 2022
October 11, 2022
June 28, 2022
June 24, 2022

ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലുകള്‍ മായുന്നുവോ?

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം
ഡോ.സുശാന്ത് എം ജെ
September 21, 2023 5:38 pm

മുക്ക് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഓര്‍മ്മകള്‍. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ആണ് ഓര്‍മ്മകള്‍. ഓര്‍മകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓര്‍മ്മകള്‍ നശിച്ചു പോകുക എന്നതാണ് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.

ഓര്‍മ്മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് demen­tia അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തില്‍ ആകമാനം 50 ദശലക്ഷം പേര്‍ക്ക് demen­tia ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇത് 4 ദശലക്ഷത്തിനടുത്തു വരും.

ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി സെപ്തംബര്‍ മാസം alzheimer’s മാസമായും സെപ്തംബര്‍ 21 alzheimer’s ദിനമായും ആചരിക്കുന്നു. ഈ വര്‍ഷത്തെ തീം എന്നത് “Nev­er too ear­ly, nev­er too late” എന്നതാണ്. അതായത് അല്‍ഷിമേഴ്‌സ് രോഗം വരാന്‍ പ്രേരകമാകുന്ന ഘടകങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒപ്പം തന്നെ അല്‍ഷിമേഴ്‌സ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ തീം കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം alzheimer’s രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തുകയും വേണം. രോഗ തീവ്രതയ്ക്കു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനു പുറമെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഡിമന്‍ഷ്യയുടെ അപകട സാദ്ധ്യത മാത്രമല്ല, വിട്ടുമാറാത്ത മറ്റു അവസ്ഥകളും കുറയ്ക്കുന്നു. മദ്യ വര്‍ജ്ജനം, കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍, ആശയവിനിമയം കൂട്ടുക, ഇവയൊക്കെ ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാദ്ധ്യത പരമാവധി കുറയ്ക്കുന്നു.

തലച്ചോറില്‍ നമ്മുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് tem­po­ral lobe എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാല്‍ ഈ കോശങ്ങള്‍ നശിച്ചു പോകുമ്പോഴാണ് demen­tia ഉണ്ടാകുന്നത്. പ്രായാധിക്യം മൂലം കോശങ്ങള്‍ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സ്‌ട്രോക്ക്, വിറ്റാമിന് ബി 12, thi­amine, തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകള്‍, തലച്ചോറിലെ മുഴകള്‍ ഒക്കെ dementiaയുടെ കാരണങ്ങളാണ്. ഇതില്‍ ഏറ്റവും പ്രധാനം പ്രായാധിക്യം മൂലം ഓര്‍മ്മകോശങ്ങള്‍ നശിച്ചു പോകുന്ന alzheimer’s രോഗമാണ്.

പ്രായം കൂടുന്നതനുസരിച്ച് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേല്‍ പ്രായമുള്ള പത്തില്‍ ഒരാള്‍ക്കും 85 നു മേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാദ്ധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവയൊക്കെ മറവിരോഗം വരാനുള്ള സാദ്ധ്യത കൂട്ടുന്നു.

ഡിമെന്‍ഷ്യയിലേയ്ക്ക് നയിക്കുന്ന അപകട ഘടകങ്ങള്‍ താഴെ പറയുന്നവയാണ്

·     വ്യായാമക്കുറവ്
മുതിര്‍ന്നവര്‍ ഓരോ ആഴ്ചയും 150 മിനിറ്റ് മിതമായ എയ്‌റോബിക് ആക്ടിവിറ്റി അല്ലെങ്കില്‍ 75 മിനിറ്റ് തീവ്രമായ എയ്‌റോബിക് ആക്ടിവിറ്റി ചെയ്യുക.
·     പുകവലി
·     അമിത മദ്യപാനം
·     വായുമലിനീകരണം
ഭരണാധികാരികള്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണം. പ്രത്യേകിച്ച് ഉയര്‍ന്ന വായു മലിനീകരണമുള്ള പ്രദേശങ്ങളില്‍.

·     തലയ്ക്ക് പരിക്കേല്‍ക്കുന്നത്.
·     സാമൂഹിക സമ്പര്‍ക്കം കുറയുന്നത്.
ഒരു ക്ലബ്ബിലോ കമ്മ്യൂണിറ്റി ഗ്രൂപ്പിലോ ചേരുന്നത് സാമൂഹികമായി സജീമവായി തുടരാനുള്ള നല്ല മാര്‍ഗ്ഗമാണ്.

·     കുറഞ്ഞ വിദ്യാഭ്യാസം
ആദ്യകാല ജീവിതത്തിലെ താഴ്്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. എല്ലാവരുടെയും ബാല്യകാല വിദ്യാഭ്യാസത്തിന് ഭരണാധികാരികള്‍ മുന്‍ഗണന നല്‍കണം.

·     അമിതവണ്ണം
പ്രത്യേകിച്ച് മധ്യവയസ്‌കരിലുള്ള അമിതവണ്ണം ഡിമെന്‍ഷ്യ വരാനുള്ള സാദ്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു..

·     രക്താദിമര്‍ദ്ദം
·     പ്രമേഹം
·     വിഷാദം
വിഷാദ രോഗം നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. കാരണം അത് അല്‍ഷിമേഴ്‌സ് വരാനും അതിന്റെ തീവ്രത കൂട്ടുവാനും കാരണമാകുന്നു.
·     ശ്രവണ വൈകല്യം
കേള്‍വിക്കുറവുള്ള ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാദ്ധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നത് അപകട സാദ്ധ്യത കുറയ്ക്കുന്നതായി കാണുന്നു.

65 നു മേല്‍ പ്രായമുള്ളവരില്‍ ചെറിയ മറവികള്‍ സ്വാഭാവികമാണ്. പലര്‍ക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കില്‍ ചെറിയ സൂചനകള്‍ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റും. എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കമാണെങ്കില്‍ എത്ര ശ്രമിച്ചാലും അത് ഓര്‍ത്തെടുക്കാന്‍ പറ്റിയെന്നു വരില്ല.

പ്രായമുള്ളവരില്‍ സാധനങ്ങള്‍ എവിടെ വച്ചു എന്ന് മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ alzheimer’s രോഗികള്‍ ഇത്തരത്തില്‍ മറന്നു പോകുന്നു എന്ന് മാത്രമല്ലെ അത് വയ്ക്കുന്നത് നമ്മള്‍ സാധാരണയായി അത്തരം സാധനങ്ങള്‍ വയ്ക്കാത്ത സ്ഥലങ്ങളിലായിരിക്കും. ഉദാഹരണത്തിന് താക്കോല്‍ എടുത്തു ഫ്രിഡ്ജില്‍ വയ്ക്കുക, പേഴ്‌സ് വാഷിംഗ് മെഷീന്റെ അകത്തു ഇടുക പോലുള്ള സംഭവങ്ങള്‍ കാണാന്‍ പറ്റും. അത് പോലെ സന്ദര്‍ഭത്തിനു അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും കാണാം. ഉദാഹരണത്തിന് ചൂടുള്ള സമയത്ത് സ്വറ്റര്‍ ഉപയോഗിക്കുന്നത്. പ്രായമുള്ളവര്‍ അവര്‍ മുമ്പ് നടത്തിയ സംഭാഷണങ്ങളില്‍ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാല്‍ alzheimer’s രോഗത്തില്‍ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവര്‍ മറന്നു പോകും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടും. പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴി തെറ്റി പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉള്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. ദീര്‍ഘനേരം ടിവിയുടെ മുന്നില്‍ തന്നെ ഇരിക്കുന്നതും, കൂടുതല്‍ സമയം ഉറങ്ങാനായി ചിലവിടുന്നതും പതിവാണ്. പെട്ടെന്നു തന്നെ ദേഷ്യവും സങ്കടവും ഒക്കെ മാറി മാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകള്‍ ഒക്കെ മറന്നു പോകുന്നത്, സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വാക്കുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വര്‍ഷം വരെ നീണ്ടു നില്‍ക്കും.

ഓര്‍മ്മക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്നങ്ങള്‍ താഴെ പറയുന്നവയാണ്.

·     ഒരിക്കല്‍ എളുപ്പമായിരുന്ന ജോലുകള്‍ ഇപ്പോള്‍ ചെയ്തു പൂര്‍ത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്.

·     പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുള്ള ബുദ്ധിമുട്ട്.

·     മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍; സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.

·     ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍, എഴുതുന്നതിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്.

·     സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം.

·     കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്. 

രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പെടുവാനും ഇവര്‍ക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാല്‍ അവര്‍ കഴിയുന്നത്ര സ്വന്തം ലോകത്തേയ്ക്കു ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളില്‍ വരെ പരസഹായം വേണ്ടി വരുന്നു. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവര്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളില്‍ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാകുകയും ചെയുന്നു. അവര്‍ക്കു പുറത്തു തനിയെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയും പലപ്പോഴും വീട്ടിലേയ്ക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു. സ്വന്തം വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ ഒരു രണ്ടാം ഘട്ടം എട്ടു തൊട്ടു പത്തു വര്‍ഷം വരെ നീണ്ടു നില്‍കുന്നു.

മൂന്നാം ഘട്ടത്തില്‍ രോഗിയുടെ ഓര്‍മ്മകള്‍ പൂര്‍ണമായും നശിക്കുകയും സ്വന്തം അസ്ഥിതാ വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂര്‍ണ സമയവും കിടക്കയില്‍ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതില്‍ താല്‍പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തില്‍ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയില്‍ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണമാവുകയും ചെയ്യുന്നു.

ചികിത്സാ രീതികള്‍

പൂര്‍ണ്ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു രോഗമല്ല അല്‍ഷിമേഴ്‌സ് രോഗം. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങള്‍ വച്ചും ഓര്‍മശേഷി നിര്‍ണയിക്കുന്ന ചോദ്യാവലികള്‍ ഉപയോഗിച്ചുമാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ CT അല്ലെങ്കില്‍ MRI സ്‌കാനും ചെയ്യേണ്ടതായി വരും. അല്‍ഷിമേഴ്‌സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാല്‍ ഓര്‍മശക്തി കൂട്ടുന്നതിനു വേണ്ടിയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും, പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടിയുള്ള വിനോദങ്ങളും cross­word puz­zles, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായമത്തിനുള്ള കളികളും ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും.. നിത്യേനെ diary, അല്ലെങ്കില്‍ ചെറുനോട്ടുകള്‍, മൊബൈല്‍ reminders ഒക്കെ ഉപയോഗിക്കാന്‍ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ രോഗിയുടെ മുറിയില്‍ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവര്‍ക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവര്‍ അടിക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയില്‍ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സ നല്‍കേണ്ടതുമാണ്.

അല്‍ഷിമേഴ്‌സ് രോഗമോ മറ്റൊരു ഡിമെന്‍ഷ്യയോ ഉള്ള ഒരാള്‍ക്ക് പരിചരണം നല്‍കുന്നത് പ്രതിഫലദായകവും അതേ സമയം വെല്ലുവിളി നിറഞ്ഞതുമാണ്. ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടത്തില്‍, ഒരു വ്യക്തി സ്വതന്ത്രനായി തുടരുകയും വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളൂ. എന്നിരുന്നാലും രോഗം പുരോഗമിക്കുമ്പോള്‍, പരിചരണത്തിന്റെ ആവശ്യകതകള്‍ കൂടുകയും ഒടുവില്‍ മുഴുവന്‍ സമയം പരിചരണം ആവശ്യമായി വരികയും ചെയ്യുന്നു.

അല്‍ഷിമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് വരുത്തുന്ന സ്വഭാവത്തിലുള്ള മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നാം പലപ്പോഴും കേള്‍ക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മദ്ധ്യ, അവസാന ഘട്ടങ്ങളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തില്‍ രോഗിയെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കാന്‍ Alzheimer’s & Relate Dis­or­ders Soci­ety of India (ARDSI) പോലുള്ള സന്നദ്ധ സംഘടനകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ഈ അസുഖത്തെപ്പറ്റിയും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

തലച്ചോറില്‍ അമിലോയിഡ് കണികകള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുത്തതാണ് അല്‍ഷിമേഴ്‌സ് രോഗ ചികിത്സയിലെ വാഗ്ദാനമായ ഒരു മുന്നേറ്റം. അമിലോയ്ഡ് കണങ്ങളുടെ നിക്ഷേപം അല്‍ഷിമേഴ്‌സ് രോഗം ബാധിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

സാധരണയായി പ്രായമേറിയവരില്‍ ആണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇത്തരക്കാരില്‍ പലരുടെയും ഓര്‍മക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, കൃത്യമായ വ്യായാമം ശീലമാക്കുക, സമൂഹവുമായി ഇടകലര്‍ന്നു ജീവിക്കുക, അര്‍ത്ഥവത്തായ സംവാദങ്ങളില്‍ എര്‍പ്പെടുക, ഒക്കെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. വളരെ അപൂര്‍വ്വമായി മാത്രം പാരമ്പര്യമായ അല്‍ഷിമേഴ്‌സ് രോഗം ചെറുപ്പക്കാരില്‍ കാണപ്പെടുന്നു.

ഡോ.സുശാന്ത് എം.ജെ.
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.