23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 6, 2024
December 1, 2024
November 30, 2024
November 29, 2024
November 26, 2024
November 26, 2024
November 23, 2024
November 13, 2024
November 12, 2024

കര്‍ഷക മനസറിഞ്ഞ്, കരം പിടിച്ച്

സ്വന്തം ലേഖകന്‍
കല്പറ്റ
November 8, 2024 11:13 pm

വയനാട് കാലങ്ങളായി നേരിടുന്ന വികസന വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് ഇടതുമുന്നണി ജനങ്ങൾക്കിടയിൽ നിറയുമ്പോൾ കിറ്റുകൾ നൽകിയും പണം വിതറിയും വോട്ടർമാരെ വിലയ്ക്കെടുക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസും ബിജെപിയും. ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രി യാത്രാവിലക്ക്, വനാതിർത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ മനുഷ്യവന്യജീവി സംഘർഷം, ചുരം ബദൽ റോഡിനായുള്ള കാത്തിരിപ്പ്, കാർഷിക മേഖലയിലെ പ്രതിസന്ധി, പരിസ്ഥിതി ദുർബല മേഖല, വയനാടിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽവേ ഇങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്. 

കർണാടകയിലേത് കോൺഗ്രസ് സർക്കാരായിട്ടും രാത്രിയാത്രാ വിലക്ക് നീങ്ങുന്നതിനുതകുന്ന നിലപാട് സ്വീകരിക്കാൻ മുന്‍ എംപി രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്ന യാഥാർത്ഥ്യം ജനങ്ങൾ ഉറക്കെപ്പറയുന്നു. ജനസൗഹൃദമായി വനം — വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിൽ വിമുഖത തുടരുന്ന ബിജെപി ഭരണകൂടവും നിശബ്ദരായിരിക്കുന്ന യുഡിഎഫ് ജനപ്രതിനിധികളും വയനാടൻ ജനതയെ പരിഹസിക്കുന്നു. കാർഷികപ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിനും അതേനയങ്ങൾ തുടരുന്ന ബിജെപി ഭരണകൂടത്തിനുമാണ്. 

ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻമൊകേരിയുടെ കല്പറ്റ മണ്ഡല പര്യടനം വടുവൻചാലിൽ നിന്ന് ആരംഭിച്ചു സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും അരിവാൾ ധാന്യക്കതിർ ചിഹ്നക്കൊടികളും ഉയർത്തി പ്രകടനമായി സ്വീകരണ സ്ഥലത്തേക്ക്. ചെണ്ടമേളങ്ങളും പടക്കവും… ആഘോഷമാണ് സ്വീകരണ ഇടങ്ങളില്‍. ചുരുങ്ങിയ വാക്കിൽ സ്ഥാനാർത്ഥിയുടെ മറുപടി. താഴെ അരപ്പറ്റയിൽ തൊഴിലാളികളുടെ തിരക്ക്. കുന്നമ്പറ്റ പുനരധിവാസ ഫ്ലാറ്റിലെത്തുമ്പോൾ യുഡിഎഫ് പഞ്ചായത്തായ മേപ്പാടി നല്‍കിയ പഴകിയ പലവ്യഞ്ജന കിറ്റിന്റെ പശ്ചാത്തലം പറഞ്ഞു വീട്ടമ്മമാർ.

കിറ്റുകൾ പഞ്ചായത്തിൽ ചെന്ന് വാങ്ങണമെന്നായിരുന്നു യുഡിഎഫ് തീട്ടൂരം. ദുരിതത്തിന്റെ ആഴത്തിൽ ആണ്ട വീട്ടമ്മമാർ പഞ്ചായത്തിലെത്തി കിറ്റുകൾ വാങ്ങി വീട്ടിലെത്തിയപ്പോഴായിരുന്നു ഉപയോഗശൂന്യമെന്ന് ബോധ്യമായത്. ദുരിതബാധിതർക്ക് നൽകാൻ സർക്കാർ നൽകിയിരുന്ന കിറ്റുകൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൂഴ്‌ത്തിവച്ച് മാസങ്ങൾ വൈകി വിതരണം ചെയ്യുകയായിരുന്നു യുഡിഎഫ് ഭരണസമിതി. ദുരിതബാധിതർക്കായി കുന്നമ്പറ്റയിലെ പുനരധിവാസ സമുച്ചയം സജ്ജമാക്കിയത് ഐഎൻഎൽ ആണ്.
ഇരുപത് കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന ചെറുകൂട്ടങ്ങളിലേക്കിറങ്ങിയും കൈ കോർത്തും കൈവീശിയും സ്ഥാനാർത്ഥിയെത്തുമ്പോൾ നിശ്ചയിച്ചതിലും സമയം വൈകിയിരുന്നു. പ്രവർത്തകരും നാട്ടുകാരും കത്തിക്കയറുന്ന വെയിലിനെ മറക്കുന്നു. ഉച്ചകഴിഞ്ഞ് വെണ്ണിയോടും കുപ്പാടിത്തറയും കടക്കുമ്പോൾ കർഷക പങ്കാളിത്തം പ്രകടം. കടശ്വാസ കമ്മിഷൻ പ്രവർത്തനങ്ങളിലൂടെ കാർഷിക ജീവിതത്തിന്റെ വ്യഥകൾ നേരിട്ടറിയുന്ന നേതാവിനോട് നന്ദിപറയാനും വർത്തമാന പ്രതിസന്ധി പങ്കുവയ്കാനും അവര്‍ തിരക്കിട്ടു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി പ്രായമായവരും കുട്ടികളും ഉൾപ്പെടെ ആളുകൾ സത്യൻ മൊകേരിയെ മാലയിട്ട് സ്വീകരിച്ചു. പൊഴുതനയും ചുണ്ടേലും കടന്ന് വൈത്തിരിയിലെത്തുമ്പോൾ രാത്രി ഏറെ വൈകി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, എംപിമാരായ പി പി സുനീർ, പി സന്തോഷ് കുമാർ, എംഎൽഎമാരായ കെ കെ ശൈലജ, വാഴൂർ സോമൻ, നേതാക്കളായ സി ദിവാകരന്‍, കെ പി ശങ്കര്‍ദാസ്, പി കെ മൂർത്തി, പി വസന്തം, മഹിതാ മൂർത്തി, രാഖി രവികുമാർ, ടി ടി ജിസ്‌മോൻ, എൻ അരുൺ, അതുൽ നന്ദൻ, എം സെയ്ദ്, എ കെ തോമസ്, കെ റഫീക്ക് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.