
കൊച്ചി കോര്‍പ്പറേഷനിലെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ യുഡിഎഫില്‍ മേയര്‍ സ്ഥാനത്തിനായി ചരടുവലി മുറകുന്നു.സാമുദായിക നേതാക്കളെ ഉപയോഗിച്ചാണ് കസേര ഉറപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഡെപ്യൂട്ടി മേയറെ തീരുമാനിക്കുന്നതിലും പ്രധാന പരിഗണന സാമുദായിക സമവാക്യത്തിനാണ്.കൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനം വനിതാ സംവരണം ആണെങ്കിലും മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന മൂന്നുപേരും വിജയിച്ചതാണ് യുഡിഎഫിനും കോണ്‍ഗ്രസിനും പ്രതിസന്ധിയുണ്ടാക്കുന്നത്.
സ്റ്റേഡിയം ഡിവിഷനിൽ നിന്നും ജയിച്ച സിറ്റിങ് കൗൺസിലർ കൂടിയായ ദീപ്തി മേരി വർഗീസ്, പാലാരിവട്ടം ഡിവിഷനിലെ വി കെ മിനിമോൾ എന്നിവരുടെ പേരുകളാണ് ആദ്യ പരിഗണനയിലുള്ളത്. എന്നാൽ ഫോർട്ടു കൊച്ചിയിൽ നിന്നും ജയിച്ച ഷൈനി മാത്യുവും മേയർ സ്ഥാനത്തിനായി കാര്യമായ ശ്രമം നടത്തുന്നുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ആയതിനാൽ ദീപ്തി മേരി വർഗീസിന്റെ പേരാണ് സംസ്ഥാന നേതാക്കൾ മുന്നോട്ടു വെയ്ക്കുന്നത്.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മിനി മോളുടെ പേരും പരിഗണനയിലുണ്ട്.
ഇരുവരും ക്രൈസ്തവ വിശ്വാസികളും ഒരേ ഇടവകക്കാരും ആയതിനാൽ സാമുദായിക സമവാക്യം എന്ന അനുനയ നീക്കം വിലപ്പോവില്ല. ഫോർട്ടു കൊച്ചിയിൽ നിന്നും ജയിച്ച ഷൈനി മാത്യുവും മേയറുടെ കസേരയ്ക്കായി ശ്രമം തുടരുന്നുണ്ട്. എല്ലാവർക്കും വേണ്ടി സാമുദായിക നേതാക്കളെ ഉപയോഗിച്ചുള്ള ചരട് വലികൾ അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് സൂചന.സാമുദായിക പ്രാതിനിധ്യം പരിഗണിക്കുന്നതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ വി പി കൃഷ്ണകുമാർ, ദീപക് ജോയ്, വി ആർ സുധീർ എന്നീ പേരുകൾക്കാണ് കൂടുതൽ പരിഗണന. ഈ മാസം 21ന് പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടതിനാൽ അതിനുമുമ്പ് തന്നെ മേയർ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ശ്രമത്തിലാണ് ഡിസിസി നേതൃത്വം. അതേസമയം മേയർ ഡെപ്യൂട്ടി മേയർ കസേരകൾ സ്വപ്നം കണ്ടിരിക്കുന്നവരെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് യുഡിഎഫിന് മുന്നിലുള്ള പ്രതിസന്ധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.