3 March 2026, Tuesday

Related news

February 28, 2026
February 22, 2026
February 22, 2026
February 14, 2026
February 11, 2026
January 29, 2026
January 1, 2026
November 16, 2025
November 6, 2025
November 3, 2025

ബ്ലാസ്റ്റേഴ്സിന്‌ കൊച്ചി തന്നെ ‘വീട്’; ഇന്ത്യ‑ഹോങ്കോങ് സൗഹൃദ മത്സരത്തിനും സ്റ്റേഡിയം വേദിയാകും

Janayugom Webdesk
കൊച്ചി
February 11, 2026 7:37 pm

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തന്നെ പന്ത് തട്ടുമെന്ന് ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിട്ടി) അറിയിച്ചു. 22 മുതല്‍ മേയ് മാസം വരെ മൊത്തം ഒമ്പത് മത്സരങ്ങളാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അരങ്ങേറുക. നിരവധി ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഇത്തവണ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നത്. നേരത്തെ ജിസിഡിഎയുമായുള്ള അ­ഭിപ്രായഭിന്നതകളെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം ഊഹാപോഹങ്ങള്‍ക്ക് കൂടിയാണ് അന്ത്യമാകുന്നത്. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഈ സീസണില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നേരിട്ടാണ് ഇ­ന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ കൊച്ചിയില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജിസിഡിഎയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഈ കത്തിലെ ഉള്ളടക്കങ്ങള്‍ ജിസിഡിഎ അംഗീകരിക്കുകയായിരുന്നു. സ്‌പോണ്‍സര്‍മാരുടെ കുറവും സീസണ്‍ കാലാവധി കുറഞ്ഞതും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ലോകഫുട്‌ബോള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയില്‍ സ്റ്റേഡിയം നവീകരിച്ചതിന് ശേഷമുള്ള ആദ്യ മത്സരങ്ങളാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും. മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള രാജ്യാന്തര ഫുട്‌ബോള്‍ മത്സരം കൊച്ചിയില്‍ നടന്നേക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചിട്ടുണ്ട്. ഫീല്‍ഡ് ഓഫ് പ്ലേയിലെ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചു കഴിഞ്ഞു. പിച്ചിന്റെ അറ്റകുറ്റ പണികള്‍ നിലവില്‍ ജിസിഡിഎ നേരിട്ടാണ് നിര്‍വഹിക്കുന്നത്. സ്റ്റേഡിയത്തിന്റെ ലോവര്‍ ടിയറിലെ എല്ലാ ചെയറുകളും മാറ്റി പുതിയ ചെയറുകള്‍ സ്ഥാപിച്ചു. വിഐപി ഏരിയയില്‍ പ്രത്യേകമായി പുതിയ ആധുനിക ചെയറുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ 48 ടോയ്‌ലറ്റ് ബ്ലോക്കുകളില്‍ മെഡിക്കല്‍ റൂം, ഹോം ടീം റൂം, എവേ ടീം റൂം, ഒന്നാം നിലയിലെ വിഐപി ലേഡീസ് ടോയ്‌ലറ്റ്, രണ്ടാംനിലയിലെ വിവിഐപി ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയില്‍ ടൈലിങ്, സാനിറ്ററി ഫിറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. റൂം നമ്പര്‍ നാലിന് സമീപമുള്ള ടോയ്‌ലറ്റിന്റെയും ഒന്നാം നിലയിലെ വിഐപി ടോയ്‌ലറ്റിന്റെയും നവീകരണ പ്രവൃത്തികള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കി. 770 മീറ്റര്‍ നീളത്തില്‍ പുറം ചുറ്റുമതിലും 510 മീറ്റര്‍ നീളത്തില്‍ ഉള്‍മതിലുകളും നിര്‍മ്മിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് ലൈനുകളും പൂര്‍ണമായും ശുചീകരിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലൊന്നായി മാറിയതായും ജിസിഡിഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.