
ലോ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം. എസിപി പ്രദീപ് കുമാര്‍ ഘോഷാലിനാണ് സംഘത്തിന്റെ നേതൃത്വം. അതേസമയം, വിദ്യാര്‍ത്ഥിനി നേരിട്ടത് അതിക്രൂര പീഡനമെന്ന വിവരങ്ങളും പുറത്തുവന്നു. പ്രതികള്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചതായും പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. കോളജിലെ ഗാര്‍ഡ് റൂമില്‍ എത്തിച്ചാണ് പ്രതികള്‍ 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. മുഖ്യപ്രതി മനോജിത് മിശ്ര നടത്തിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണം. താന്‍ മറ്റൊരാളുമായി പ്രണയത്തില്‍ ആണെന്നും വെറുതെ വിടണമെന്നും കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും പ്രതികള്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്ന് വിദ്യാര്‍ത്ഥിനി നല്‍കിയ മൊഴിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിനി നേരിട്ടത് അതിക്രൂര പീഡനം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി പാടുകളും മുറിവുകളും ഉണ്ട് കഴുത്തില്‍ ആക്രമണത്തിന്റെ പാടുകള്‍. ശ്വാസതടസം നേരിട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു എന്നാല്‍ പ്രതികള്‍ വീണ്ടും പീഡനം തുടര്‍ന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നും പൊലീസില്‍ പരാതി നല്‍കിയാല്‍ ഇത് പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഡ് റൂമില്‍ എത്തിച്ച് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് പുറത്ത്ഇരിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. ആക്രമം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. അതേസമയം പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.