25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

കോട്ടയം തദ്ദേശ അദാലത്തിന് തുടക്കം

Janayugom Webdesk
കോട്ടയം
August 24, 2024 1:05 pm

വ്യക്തിഗത പ്രശ്നങ്ങൾക്കൊപ്പം പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാനും തദ്ദേശ അദാലത്തിലൂടെ സാധിച്ചതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി എം.ബി. രാജേഷ്. കോട്ടയം അതിരമ്പുഴ സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ കോട്ടയം ജില്ലാ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇതിനോടകം നടന്ന ആറ് അദാലത്തുകളിലൂടെ ആയിരക്കണക്കിന് പരാതികൾക്ക് പരിഹാരം കാണാൻ സാധിച്ചതായി മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ വസ്തുനികുതി, വാടക എന്നിവയുടെ കുടിശികയ്ക്ക് കൂട്ടുപലിശ ഈടാക്കില്ല. ലൈഫ് മിഷനിൽ നിർമിക്കുന്ന വീടുകൾക്ക് യു.എ. നമ്പറുണ്ടെങ്കിൽ അവസാന ഗഡു തുക അനുവദിക്കാം തുടങ്ങിയ തീരുമാനങ്ങൾ അദാലത്തിൻ്റെ ഭാഗമായി ഉണ്ടായതാണ്.
കെട്ടിക്കിടക്കുന്ന പരാതികൾക്ക് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും കാലോചിതമായി ഉണ്ടാകേണ്ട പരിഷ്കാരങ്ങൾക്ക് അദാലത്ത് സഹായകരമാകും. 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തേണ്ട ആവശ്യമുണ്ടെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അദാലത്തുകൾ പൂർണമാകുമ്പോൾ ഈ ഭേദഗതികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
സഹകരണ — തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പരിഹരിക്കാൻ പറ്റിയ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സർക്കാർ ഇടപെടൽ ആവശ്യമുള്ളവയ്ക്ക് അടിയന്തര ഇടപെടലിലൂടെ പരിഹാരം കാണാനുമാണ് സർക്കാർ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ. മാരായ മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ( ഗ്രാമം ) ഡോ. ദിനേശൻ ചെറുവാട്ട്
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് എന്നിവർ പ്രസംഗിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പങ്കെടുത്തു.
അദാലത്തിൽ ഓൺലൈനായി 454 അപേക്ഷകൾ ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.