അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ നെഞ്ചേറ്റി കോഴിക്കോട്. കലാമാമാങ്കത്തിന്റെ രണ്ടാം ദിനം വേദികളിലെല്ലാം അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാന വേദിയായ വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാടം’ ജനസാഗരത്താല്‍ നിറഞ്ഞു കവിഞ്ഞു. ഉച്ചയോടെ ആദ്യ മത്സര ഇനം പൂര്‍ത്തിയായപ്പോഴും വേദിയിലേക്ക് കലാസ്വാദകരുടെ ഒഴുക്കാണ്. മത്സരങ്ങൾ കാണാനും ഒപ്പം വേദിയ്ക്കരികിലെ വിവിധ പവലിയനുകള്‍ സന്ദര്‍ശിക്കാനുമെല്ലാം വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായെത്തുകയാണ്.
രാവിലെ മുതൽ ഉച്ചവരെ വേദി ഒന്നിൽ എച്ച്എസ്എസ് വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തമത്സരമായിരുന്നു. ഉച്ചയ്ക്ക് ശേഷം ജനപ്രിയ ഇനമായ ഒപ്പനയാണ് എന്നതും ഇവിടേയ്ക്കുള്ള ജനത്തിരക്കിന് കാരണമായി. വേദിയും മൈതാനവും അക്ഷരാര്‍ത്ഥത്തില്‍ ജനാരവത്താല്‍ മുഖരിതമാണ്.
ഹയർ സെക്കന്ററി വിഭാഗം നാടക മത്സരം നടക്കുന്ന തളി സാമൂതിരി സ്കൂളിലെ ‘ഭൂമി’ വേദിയിലും കലാസ്വാദകരുടെ വമ്പിച്ച തിരക്കായിരുന്നു. രാവിലെ മുതല്‍ത്തന്നെ ഹാള്‍ തിങ്ങിനിറഞ്ഞു. പാലക്കാട് വാടാനംകുറിശ്ശി ജിഎച്ച്എസ്എസിന്റെ ‘ചാവുചരിതം’ എന്ന നാടകത്തോടെയാണ് മത്സരം ആരംഭിച്ചത്. നാട്ടിൽ നടക്കുന്ന വിവിധ മരണങ്ങളെ കുറിച്ചുള്ള കഥ പ്രേക്ഷക ഹൃദയങ്ങളെ സ്വാധീനിച്ചു. ചാവു പാട്ടും പാടി മരണ വീട്ടിൽ നിന്നും തിരിച്ചു പോകുന്നവരെക്കുറിച്ചായിരുന്നു നാടകത്തിന്റെ ആദ്യ ശ്രദ്ധ പതിഞ്ഞത്. തൂങ്ങിമരണത്തിന്റെയും സുന്ദരിയുടെയും കഥയിൽ തുടങ്ങി ഡയറീസ്, പയസ്, ഈപ്പസ് പോളിമസ് തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിൽ അഭിനേതാക്കളായി കടന്നുവന്നു. സോയ ഷൊർണൂരിന്റെ രചനയില്‍ സുബിൻ ഉണ്ണികൃഷ്ണനായിരുന്നു നാടകത്തിന്റെ സാക്ഷാത്കാരം നിര്‍വ്വഹിച്ചത്. പാലക്കാട് ജില്ലയിലെ ഷൊർണൂർ ഉപജില്ലയിൽ നിന്നും ആദ്യമായിട്ടാണ് വാടാനംകുറുശ്ശി ഹയർസെക്കന്ററി സ്കൂൾ സംസ്ഥാന കലോത്സവത്തിന് എത്തുന്നത്.
ഹയര്‍ സെക്കന്ററി വിഭാഗം മോഹിനിയാട്ടം മത്സരം നടന്ന തളി സാമൂതിരി സ്കൂള്‍ ഗ്രൗണ്ടിലെ ‘കൂടല്ലൂര്‍’ വേദിയിലും ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം മത്സരവും കുച്ചുപ്പുടി മത്സരവും അരങ്ങേറിയ നടക്കാവ് പ്രോവിഡന്‍സ് സ്കൂളിലെ ‘തസ്രാക്ക്’ വേദിയിലും ആദ്യ ദിവസത്തെ അപേക്ഷിച്ച് വലിയ ജനക്കൂട്ടമായിരുന്നു. ബൈസ്കൂള്‍ വിഭാഗം ദഫ് മുട്ട് മത്സരവും ഹയര്‍ സെക്കന്ററി വിഭാഗം കോല്‍ക്കളി മത്സരവും നടന്ന ബീച്ച് ഗുജറാത്തി ഹാളിലെ ‘ബേപ്പൂര്‍’ വേദിയിലും നിന്നുതിരിയാന്‍ പോലും കഴിയാത്തവിധം ജനത്തിരക്കായിരുന്നു.
സെന്റ് ജോസഫ് ബോയ്സ് സ്കൂളിലെ ‘നാരകംപുരം’ വേദിയിലായിരുന്നു മോണോആക്ട് മത്സരം നടന്നത്. ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിലെ ’ പാണ്ഡവപുര’ത്ത് ചാക്യാര്‍ കൂത്തും നങ്ങ്യാര്‍ കൂത്തുമായിരുന്നു അരങ്ങേറിയത്. ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിലെ ‘പാലേരി’ വേദിയില്‍ ഇന്നലത്തെ പോലെ ഇന്നും എച്ച് എസ്, എച്ച് എസ് എസ് വിഭാഗം മിമിക്രിയും വൃന്ദവാദ്യവുമായിരുന്നു മത്സര ഇനങ്ങള്‍. പരപ്പില്‍ സ്കൂളിലെ ‘തൃക്കോട്ടൂര്‍’, ‘തിക്കോടി’ വേദികളില്‍ അറബി സാഹിത്യോത്സവവും ചാലപ്പുറം അച്യുതന്‍ ഗേള്‍സ് സ്കൂളിലെ ‘മൂപ്പിലശ്ശേരി’, ‘പുന്നയൂര്‍ക്കുളം’ വേദികളില്‍ സംസ്കൃതോത്സവവും നടന്നു.
മറ്റ് വിവിധ വേദികളിലായി കഥകളി, കഥാപ്രസംഗം, പ്രസംഗം, ലളിതഗാനം, സംഘഗാനം, ബാന്റ് മേളം, നാടന്‍പാട്ട്, ഗസല്‍ ആലാപനം, ഗിറ്റാര്‍, തബല തുടങ്ങിയ മത്സര ഇനങ്ങള്‍ അരങ്ങേറി. കാര്‍ട്ടൂണ്‍, കഥാരചന, ഉപന്യാസ രചന, കവിതാരചന തുടങ്ങ വിവിധ രചനാ മത്സരങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കുന്നുണ്ട്. ഇതുവരെ 78 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 311 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മുന്നിട്ടു നില്‍ക്കുന്നു. 309 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 300 പോയിന്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമുണ്ട്.
English Summary: Kozhikode are ahead with 311 points
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.