6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025
November 16, 2025
November 15, 2025

കോഴിക്കോട് കോർപറേഷൻ എന്നും ഇടതുപക്ഷത്തോടൊപ്പം; യുഡിഎഫ് മത്സരിക്കുന്നത് പ്രതിപക്ഷത്തിരിക്കാൻ

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
November 17, 2025 8:35 pm

എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ദേശീയ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടം നേടിയ കോഴിക്കോട് നഗരത്തിന് പറയാനുള്ളത് ഇടതുമുന്നേറ്റങ്ങളുടെ കഥയാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നഗരഭരണം ഇടതുപക്ഷത്തിന്റെ കയ്യിൽ ഭദ്രമാണ്. 1975 മുതൽ ഇവിടം ഇടതുകോട്ടയാണ്. എൽഡിഎഫിന് വെല്ലുവിളിയുയർത്താൻ ഒരിക്കൽ പോലും കോൺഗ്രസിനോ യുഡിഎഫിനോ കഴിഞ്ഞിട്ടില്ല. കോർപറേഷൻ രൂപീകരിച്ചതുമുതൽ ഇടതുപക്ഷത്തോടാണ് ഈ നഗരം ആഭിമുഖ്യം പുലർത്തി പോന്നിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിൽ നഗരത്തിൽ നടപ്പിലാക്കിയ വികസന മുന്നേറ്റങ്ങളാണ് തുടർഭരണം സാധ്യമാക്കുന്നത്.
കഴിഞ്ഞ തവണ കോഴിക്കോട് കോർപറേഷനിലെ ആകെയുള്ള 75 വാർഡുകളിൽ 50ഉം എൽഡിഎഫ് കരസ്ഥമാക്കുകയായിരുന്നു. യുഡിഎഫിന് 18 വാർഡുകൾ മാത്രമാണ് നേടാനായത്. ബിജെപി ഏഴ് വാർഡുകളിൽ വിജയിച്ചു. 2015ലും കോർപറേഷനിൽ ഇതേ കക്ഷിനിലതന്നെയായിരുന്നു. കോർപറേഷനിൽ 2020ൽ എൽഡിഎഫിന് 1,43,811 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 1,03,547 വോട്ടും ബിജെപിയ്ക്ക് 73,896 വോട്ടും ലഭിച്ചു. 2015നെ അപേക്ഷിച്ച് 2020ൽ എൽഡിഎഫ് 10, 00ത്തോളം വോട്ടുകൾ അധികം നേടിയപ്പോൾ യുഡിഎഫിന് അത്രയും വോട്ടുകൾ കുറയുകയായിരുന്നു.
കോർപറേഷനിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. യുഡിഎഫിലാകട്ടെ സ്ഥാനാർത്ഥികളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പാർട്ടിവിട്ടത്. നിലവിലെ കോൺഗ്രസ് കൗൺസിലർ പോലും രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേക്കേറുകയായിരുന്നു. കോൺഗ്രസ് ആഭ്യന്തര തർക്കങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ മുന്നണിയിലെ ഘടകകക്ഷികളിലും പോര് ശക്തമാണ്. മുസ്ലിം ലീഗിൽ സംസ്ഥാന നേതാവ് ഉൾപ്പെടെ രാജിവച്ച് ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതും യുഡിഎഫിന് വിനയായിട്ടുണ്ട്. ബിജെപിയിലും സ്ഥാനാർത്ഥി നിർണയത്തിനെതിരെ അണികൾ പരസ്യമായി രംഗത്തുണ്ട്.
വമ്പിച്ച വികസന കുതിപ്പിനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി നഗരം സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും ഒടുവിൽ നടപ്പിലാക്കിയ ബീച്ച് ഫുഡ് സ്ട്രീറ്റും ന്യൂ പാളയം മാർക്കറ്റുമടക്കമുള്ള നവീകരണ പ്രവൃത്തികൾ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പുതിയ സെൻട്രൽ മാർക്കറ്റിന്റെ ശിലാസ്ഥാപനവും കഴിഞ്ഞ ദിവസം നടന്നു. യുനസ്കോയുടെ സാഹിത്യനഗര പദവി കോർപറേഷന് ലഭിച്ചതും നഗര ശുചീകരണ യത്നത്തിന് ഹരിതകർമസേനയെ നിയോഗിച്ചതും നഗരത്തിന്റെ വൃത്തി കാത്തു സൂക്ഷിക്കുന്നതിനായി രാത്രികാലത്തുൾപ്പെടെ ശുചീകരണ പദ്ധതികൾ നടപ്പിലാക്കിയതും റോഡുകൾ, കുടിവെള്ള കണക്ഷനുകൾ, നവീകരിച്ച ഹാളുകൾ എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുന്നു. അതി ദരിദ്രരില്ലാത്തതും വയോജന ഭിന്ന ശേഷി സൗഹൃദമായി നഗരത്തെ മാറ്റാൻ കഴിഞ്ഞതും ദേശീയ‑സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹമായതും എൽഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളാണ്.
ആകെയുള്ള 75 കോർപറേഷൻ വാർഡുകളുടെ എണ്ണം പുനര്‍വിഭജനം കഴിഞ്ഞതോടെ 76 ആയി. ഇത്തവണ മുന്നണി ധാരണയനുസരിച്ച് സിപിഐഎം 57 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. ഘടക കക്ഷികളായ സിപിഐ, ആര്‍ജെഡി എന്നിവ അ‍ഞ്ച് വാര്‍ഡുകളില്‍ വീതം മത്സരിക്കുന്നു. എന്‍സിപി മൂന്നും ജെഡിഎസ് രണ്ടും കേരള കോണ്‍ഗ്രസ് (എം), ഐഎന്‍എല്‍, നാഷണല്‍ ലീഗ്, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികള്‍ ഒന്നു വീതം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കോര്‍പറേഷന്റെ നിലവിലെ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഡോ. എസ് ജയശ്രീ, മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ അനിതകുമാരി, കെജിഒഎഫിന്റേയും സിപിഐയുടേയും നേതാവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ ഡോ. എ കെ സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവിലെ 13 കൗണ്‍സിലര്‍മാരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.