കോഴിക്കോട് കോര്‍പ്പറേഷന്റെ പണം പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്നും തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടിയിലധികം രൂ തട്ടിയെടുത്തതായാണ് ബാങ്കിന്റെ വിലയിരുത്തൽ. കോഴിക്കോട് കോർപ്പറഷന്റെ പണമാണ് നഷ്ടമായതെന്നും മറ്റ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷണൽ ബാങ്കിലുളള കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽ നിന്നും പണം മാനേജർ എം പി റിജിൽ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു കണക്കാക്കിയത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ചെന്നൈ സോണൽ ഓഫീസിൽ നിന്നുളള സംഘം ബാങ്കിൽ പരിശോധന തുടരുകയാണ്. ഏതാണ്ട് എട്ട് കോടിയോളം രൂപ മാനേജർ റിജിൽ ഓൺലൈൻ ഗെയിം കളിച്ചു നഷ്ടപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വർഷത്തെ മുഴുവൻ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. റിജിൽ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലിങ്ക് റോഡ് ശാഖയിലെ കോർപറേഷൻ അക്കൗണ്ടിൽ നിന്ന് പിതാവിന്റെ പേരിലുളള അക്കൗണ്ടിലേക്കും ആക്സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും റിജിൽ എത്ര തുക മാറ്റിയെന്നതിൽ വ്യക്തത വന്നിട്ടില്ല.
കോർപ്പറേഷൻ അക്കൗണ്ടുകളിലെ കണക്കുകൾ സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിനോട് വിവരം തേടിയിട്ടുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി. മുഴുവൻ വിവരങ്ങളും കൈമാറാൻ ബാങ്ക് അധികൃതർ മൂന്നു ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണം ഇടപാട് സംബന്ധിച്ച് നേരത്തെ കോർപ്പറേഷന് വിവരം ലഭിച്ചിരുന്നില്ലെന്നും മേയർ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ലിങ്ക് റോഡ് ശാഖയിലേക്ക് എൽഡിഎഫ് കോര്‍പ്പറേഷന്‍ കൗൺസിലർമാര്‍ മാര്‍ച്ച് നടത്തി. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കോഴിക്കോട് കോർപ്പറേഷനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യുഡിഎഫ് ജില്ലാകമ്മിറ്റി വ്യക്തമാക്കി.
English Summary: Kozhikode municipal corporation’s money stolen from Punjab National Bank; Investigation to Crime Branch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.