22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 2, 2024
September 20, 2024
September 17, 2024
August 13, 2024
July 26, 2024
July 18, 2024

വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികള്‍ രംഗത്ത്

‘സൂപ്പര്‍ പ്രസിഡന്റി‘നെതിരെ കെപിസിസി ‘മിഷന്‍’

അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ സുധാകരന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 26, 2024 8:35 pm

പാര്‍ട്ടിയില്‍ ‘സൂപ്പര്‍ പ്രസിഡന്റ്’ ചമയാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ സുധാകരന്‍ തുറന്നടിച്ചു. സതീശനെതിരെ നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ പരിശോധിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന, കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തിലായിരുന്നു വി ഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അതേസമയം, ഭാരവാഹി യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ വി ഡി സതീശനും അതൃപ്തിയിലാണ്. ഇന്നലെ തിരുവനന്തപുരം ഡിസിസിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ‘മിഷന്‍ 2025’ എന്ന പേരില്‍ കര്‍മ്മപദ്ധതിക്ക് വയനാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് രൂപം നല്‍കിയത്. കര്‍മ്മരേഖ അവതരിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിപക്ഷ നേതാവ് സര്‍ക്കുലര്‍ ഉള്‍പ്പെടെ പുറത്തിറക്കിയതോടെയാണ് കെപിസിസി ഭാരവാഹികളുമായുള്ള തര്‍ക്കം ശക്തമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് അതിലൂടെയായിരുന്നു പ്രതിപക്ഷ നേതാവ് നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്ക് നല്‍കിയത്. സംഘടനാകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ‘സൂപ്പര്‍ പ്രസിഡന്റ്’ ചമയുകയാണെന്ന ആരോപണമാണ് കെപിസിസി ഭാരവാഹികളുടേത്. ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം എം നിസാര്‍ എന്നിവര്‍ പരാതിപ്പെട്ടതോടെ, ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

വ്യാഴാഴ്ച രാത്രി നടന്ന അടിയന്തര യോഗത്തില്‍, പ്രതിപക്ഷ നേതാവ് കെപിസിസിയുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്ന വിമര്‍ശനം നേതാക്കള്‍ ഉന്നയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരെ നോക്കുകുത്തികളാക്കി മാറ്റുന്നുവെന്നും പരാതിയുയര്‍ന്നു. പ്രതിപക്ഷ നേതാവിന്റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്ന പരാതിയാണ് ഭൂരിപക്ഷം നേതാക്കളും യോഗത്തില്‍ ഉയര്‍ത്തിയത്. സര്‍ക്കുലര്‍ ഇറക്കേണ്ടത് കെപിസിസി തന്നെയാണെന്ന് കെ സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ്. വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണവും യോഗത്തിൽ ഉണ്ടായി. ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന. 

Eng­lish Sum­ma­ry: KPCC office bear­ers against VD Satheesan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.