പെൺവീറിന്റെ എഴുത്താണ് കൃപ അമ്പാടിയുടേത്; ആണളവുകൾക്കൊത്തു തുന്നിയ പെൺകുപ്പായങ്ങൾ പാകമാകാത്ത ഒരുവളുടെ. അരമുള്ള വാക്കിലുരസും പോലെയാണ് അവയുടെ അനുഭവം. സുഖദമല്ലാത്ത നേരുകളുടെ പരുപരുപ്പ്. കാല്പനികത തീരെയില്ല, ഉള്ളത് അതിന്റെ’ വികൃതകലാവൃത’മായ മറ്റേ മുഖം. ‘ഇരുണ്ട ഇടവഴികളിലെന്നോ എതിർ പാർത്ത ഒരുവൻ ഞെക്കിയുരുക്കിയ അരക്ഷിതത്വത്തിൻവടുക്ക’ളാകുന്നു മുലകൾ അപ്പോൾ; അഥവാ ‘അർബ്ബുദമുഴകൾ വെട്ടിയെടുത്ത കുഴിപ്പാടിൻ നോവൂറും കൃത്രിമമുലകൾ’ എന്ന പോലെ ദാരുണം. ‘മഴ തേനാണ് പാലാണ് കോപ്പാണ്. മാനത്തിനും മണ്ണിനുമിടയിൽ വിരി വലിച്ചുകെട്ടിയവർക്ക് ഓലിയിലൂടൊലിച്ചിറങ്ങിയാൽ മാത്രം കുടിച്ചു മരിക്കാവുന്ന മത്താണത്’ എന്നു മറ്റൊരു കവിതയിൽ.
മഴയ്ക്ക് മറ്റു ചില അവതാരങ്ങളുമുണ്ട് ഈ കവിതകളിൽ. മഴ പേറ്റിച്ചിയാകുന്നു, മണ്ണിന്റെ ഈറ്റുനോവറിയുന്ന മറ്റൊരു പെണ്ണ്. ‘ഇത്രമേൽ ഒരു പെണ്ണിന്റെ അഴലാഴങ്ങളിലേയ്ക്ക് വീഴാൻ മറ്റൊരു പെണ്ണിനേയാവൂ’.(മഴ ഒരു സ്ത്രീയാണെന്നു പറയാൻ ഒരൊറ്റക്കാരണം മതി).
പ്രസിദ്ധമായ ചില പുരുഷ രചനകളെ, സച്ചിദാനന്ദന്റെ ’ ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാൽ’ എന്ന പോലെ, പൊളിച്ചെഴുതുന്നവയാണ് കൃപയുടെ കവിതകളിൽ ചിലത്.കടമ്മനിട്ടയിലും അയ്യപ്പനിലും വിനയചന്ദ്രനിലുമൊക്കെയുണ്ടായിരുന്ന ആസക്തനായ പുരുഷന്റെ ആവിഷ്കാരങ്ങളെ അത് പെണ്ണിന്റെ ഉന്മത്തരതിയുടെ എഴുത്തുകൊണ്ട്, ഒരു കളം മായ്ക്കൽ പോലെ ‚മായ്ക്കുകയോ മാറ്റി വരയ്ക്കുകയോ ചെയ്യുന്നു.
കാമാഖ്യക്ഷേത്രത്തിലെ ശാക്തേയാനുഷ്ഠാനത്തെ അനുസ്മരിക്കുന്ന കവിതയാണ് കൂട്ടത്തിൽ ഒന്ന്. രതി, പെണ്ണിന്റെ അവകാശവും അധികാരവുമാകുന്നു.
‘ഇനിയങ്ങോട്ട് ഞാൻ ഊക്കിൻ ഭദ്രയാണ്
തളർച്ചയറ്റ മൂർച്ഛയിലാണ്,
ചേറും വീറും അണിഞ്ഞതാണ്,
നിന്റെയന്തിക്കൂട്ടെനിക്ക് വേണ്ടെടോ!
നീ സൂര്യനാണെങ്കിൽ ഞാൻ ഭൂമിയാണെടോ !
പകൽ കരുത്തുറ്റ് പൊരുതി
കറുത്തുറങ്ങിയ പെണ്ണ് ഞാൻ’.
‘നീയെന്നെ ദേവിയെന്ന് വിളിക്കരുത്, നിന്റെ കവിതകളിലെ വാളും ചിലമ്പുമുള്ള പെണ്ണാണ് ഞാൻ’.
‘കുടപിടിക്കാത്ത ഒരു കുട്ടിയേയെങ്കിലും വേണമെനിക്ക് സൂര്യൻ തന്നതെന്ന് കളവു പറഞ്ഞു വളർത്താൻ ആ ചങ്കുറപ്പിനെ ഗർഭം ധരിച്ചിരിക്കുന്നു ഞാൻ’ എന്നിങ്ങനെ അവൾ രുദ്രയായി ഭാവം പകരുന്ന ഉജ്ജ്വലനേരങ്ങളുമുണ്ട്.
ഈ കവിതകളിലെ പെണ്ണ് കണ്ണെഴുതുകയും പൊട്ടു കുത്തുകയും മുടി മിനുക്കുകയും ചെയ്യുന്ന ശാലീനയല്ല, അവളിൽ ഒരു പെൺകോമരം കുടിയിരിക്കുന്നു. അതിനാൽ അവയും അത്തരത്തിൽ നിരാഭരണകളായിരിക്കുന്നു; കാവ്യഭാഷയുടെചമയങ്ങളില്ലാതെ, കാവുതീണ്ടുന്ന ധൃഷ്ടതയോടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.