ഇത്തവണയും ഓണത്തിന് പൂക്കളമിടാൻ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നിൽ കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷക സംഘങ്ങൾ പൂക്കൃഷിയിൽ പങ്കാളികളായിരുന്നു. ഇത്തവണ ആയിരം ഏക്കറിൽ പൂക്കൃഷി ആരംഭിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ നിലവിൽ 3000 വനിതാ കർഷക സംഘങ്ങൾ മുഖേന 1253 ഏക്കറിൽ പൂക്കൃഷി ചെയ്യുന്നുണ്ട്. ഓണവിപണിയിൽ പൂക്കൾക്കുള്ള വർധിച്ച ആവശ്യകത തിരിച്ചറിഞ്ഞാണ് കുടുംബശ്രീ വനിതാ കർഷകർ ഈ മേഖലയിലും ചുവടുറപ്പിക്കുന്നത്. ഓണാഘോഷത്തെ മനോഹരമാക്കാൻ മിതമായ നിരക്കിൽ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ചുരുങ്ങിയ കാലയളവിൽ മികച്ച വരുമാനം നേടാൻ കഴിയുമെന്നതും കർഷകരെ പൂക്കൃഷിയിലേക്ക് ആകർഷിക്കുന്നു. വിളവെടുപ്പിന് തയ്യാറായ കൃഷിയിടങ്ങളിൽ നിന്നു തന്നെ പൂക്കൾക്ക് വലിയ തോതിൽ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം പത്തിന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും. കുടുംബശ്രീ കർഷക സംഘങ്ങൾ വഴി നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ സംസ്ഥാനമൊട്ടാകെ കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെയാണ് ഇപ്പോൾ പൂക്കൃഷിയിലും സജീവമാകുന്നത്. അതത് സിഡി എസുകളുമായി ചേർന്നു കൊണ്ടാണ് പ്രവർത്തനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.