18 December 2025, Thursday

Related news

August 8, 2025
August 5, 2025
June 4, 2025
March 21, 2025
February 15, 2025
September 27, 2024
September 11, 2024
June 20, 2024
March 8, 2024
February 16, 2024

കുടുംബശ്രീയെ ഇനി വിരൽത്തുമ്പിലറിയാം

സ്വന്തം ലേഖിക
കോട്ടയം
March 3, 2023 10:53 pm

സ്ത്രീ ശാക്തീകരണ രംഗത്ത് ലോകത്തിന് മാതൃകയായ കുടുംബശ്രീയെ ഇനി വിരൽത്തുമ്പിലറിയാം. കുടുംബശ്രീ രജിസ്റ്ററുകൾ എല്ലാം ആപ്പിലൂടെ ലഭ്യമാവും. കുടുംബശ്രീയുടെ കണക്കുകൾ പുസ്തകങ്ങളിലും രജിസ്റ്ററുകളിലും സൂക്ഷിക്കുന്നതിന് പകരം ഇനി ലോക്കോസ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്താം. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായാണ് ആപ്പ് സജ്ജമാക്കുന്നത്. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക.

നിലവിൽ മുഴുവൻ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയൽക്കൂട്ടങ്ങൾക്ക് പുതിയ മുഖച്ഛായ നൽകുന്നതാണ് പദ്ധതി. മൊബൈൽ ആപ്ലിക്കേഷൻ പരിചിതമാകുന്നതോടെ അയൽക്കൂട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും എല്ലാ അംഗങ്ങൾക്കും വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയൽക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ കഴിയുമെന്നതും നേട്ടമാണ്. പ്രവർത്തന പുരോഗതി തൽസമയം വിലയിരുത്തുന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയൽക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾ സംബന്ധിച്ച കണക്കുകൾ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.

കുടുംബശ്രീ ഗ്രാമീണ അയൽക്കൂട്ടങ്ങൾ എഡിഎസ്, സിഡിഎസ് എന്നിവയുടെ പ്രൊഫൈലും സാമ്പത്തിക ക്രയവിക്രയ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ മൊബൈൽ ആപ്ലിക്കേഷനായ ലോക്കോസ് ആരംഭിച്ചത്. തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണർമാർ മുഖേനയാണ് ലോക്കോസ് സജ്ജമാക്കുന്നത്. ഇവർക്കായി സംസ്ഥാന തലത്തിൽ ആദ്യഘട്ട ശില്പശാല സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ബ്ലോക്ക് തല പരിശീലനം ഉടൻ ആരംഭിക്കും. അയൽക്കൂട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച പൂർണ വിവരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്താൻ സാധിക്കുമെന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ നേട്ടം. അംഗങ്ങളുടെ സമ്പാദ്യം, വായ്പാ തിരിച്ചടവുകൾ തുടങ്ങിയ കണക്കുകളും ആപ്പിലൂടെ രേഖപ്പെടുത്താം. ഗ്രാമീണ മേഖലയിലുള്ള കുടുംബശ്രീ അയൽക്കൂട്ടം, എഡിഎസ്, സിഡിഎസ് എന്നിവയിലാണ് ആപ്പ് സൗകര്യം ക്രമീകരിക്കുന്നത്.

സംസ്ഥാനത്ത് 2,51,000 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് ഗ്രാമീണ മേഖലയിലുള്ളത്. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാൽ ഒരാൾക്ക് ഒന്നിലധികം അയൽക്കൂട്ടങ്ങളിൽ അംഗത്വം നേടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ എൻട്രിയാണ് രണ്ടാമത്തേത്. കേരളത്തിൽ ഈ പ്രവർത്തനങ്ങൾക്കായി അമ്പത് അയൽക്കൂട്ടങ്ങൾക്ക് ഒരു റിസോഴ്സ് പേഴ്സൺ എന്ന കണക്കിൽ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിലെ എല്ലാ അയൽക്കൂട്ട ഭാരവാഹികളെയും മൊബൈൽ ആപ്ലിക്കേഷൻ പരിശീലിപ്പിച്ചു കൊണ്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം. നിലവിൽ തൃശൂർ ജില്ലയിൽ പദ്ധതി പ്രാവർത്തികമായിരുന്നു. അടുത്തഘട്ടത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇത് പൂർണമാവുന്നതോടെ കുടുംബശ്രീയുടെ പുസ്തകങ്ങളിലെയും രജിസ്റ്ററുകളിലെയും വിവരങ്ങൾ ഞൊടിയിടയിൽ പരിശോധിക്കാം.

Eng­lish Sum­ma­ry: Locos app
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.