26 June 2024, Wednesday
KSFE Galaxy Chits

കലയിലേക്ക് കൈപിടിക്കാൻ ഇനി കുടുംബശ്രീയുടെ ‘എന്നിടം’

ഫൈസൽ കെ മൈദീൻ
തൊടുപുഴ
May 16, 2024 9:29 pm

കുടുംബശ്രീ അംഗങ്ങളുടെ കല, സാംസ്കാരിക, സാമുഹിക പ്രവർത്തനങ്ങൾക്ക് അവസരം ഉറപ്പാക്കാൻ ‘എന്നിടം’ പദ്ധതി ഒരുങ്ങുന്നു.
കുടുംബശ്രീ അംഗങ്ങളിൽ സാമൂഹ്യ ‑സാംസ്കാരിക അവബോധം സൃഷ്ടിക്കുക, നാടിന്റെ സൗഹാർദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക, മാനസികാരോഗ്യം ഉറപ്പാക്കുക, കുടുംബശ്രീയുടെ വാർഡ് തലത്തിലുള്ള എഡിഎസ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പൊതു ഇടങ്ങൾ ശുചീകരിക്കൽ, ബോധവത്കരണ ക്ലാസുകൾ, ഭക്ഷ്യമേള, പരിസ്ഥിതി സംരക്ഷണം, രോഗികളുടെ പരിചരണം, കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികൾ, റീൽസ് തയ്യാറാക്കൽ, സാംസ്കാരിക പ്രവർത്തനങ്ങൾ, ലൈബ്രറി സജ്ജീകരിക്കൽ, വായനാ മത്സരം, നാട്ടിലെ പ്രാദേശിക പ്രശ്നങ്ങളുടെ ചർച്ചകൾ, തനത് കായിക വിനോദങ്ങളിൽ പരിശീലനം, വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും എന്നിങ്ങനെ പ്രാദേശികമായി വിവിധ വിഷയങ്ങളിലാണ് എന്നിടം പദ്ധതി പ്രവർത്തിക്കുന്നത്. 

ജില്ലയിൽ പദ്ധതിയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷിക ദിനമായ 17നാണ് സംസ്ഥാന തല ഉദ്ഘാടനം. തെരെഞ്ഞെടുക്കപ്പെട്ട എഡിഎസുകൾ കേന്ദ്രീകരിച്ചാണ് ജില്ലാതല ഉദ്ഘാടനങ്ങൾ. 17 മുതൽ 20 വരെ തിയതികളിൽ അവ നടക്കും.
ഇടുക്കിയിലെ ഉദ്ഘാടനം നാളെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്‍ കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ മണിയാറാംകുടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ‍ഡയറക്ടർ കുര്യാക്കോസ്, അസി: ഡയറക്ടർ ശ്രീലേഖ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ മിനി സി ആർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ കളക്ടർ ഷീബാ ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. 

ഇടുക്കി ജില്ലയിൽ രണ്ട് നഗരസഭകളിലും 52 ഗ്രാമപഞ്ചായത്തുകളിലുമായി ആകെ 861 എ ഡി എസുകളാണുളളത്. അയൽക്കൂട്ടങ്ങൾ 12,405. കട്ടപ്പന നഗരസഭയിലെ 2 സി ഡി എസ് ഉൾപ്പടെ 55 സി ഡി എസുകളാണുളളത്. ജില്ലയിൽ ആകെ 163,842 കുടുംബശ്രീ അംഗങ്ങളാണ് പ്രവർത്തിക്കുന്നുണ്ട്.
വാർഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പൊതു ഇടങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിൽ കുടുംബശ്രീ സി ഡി എസിന്റെ സഹായത്താൽ എ ഡി എ സിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എല്ലാ മാസത്തിലേയും ഒരു ദിവസം എ ഡി എസ് തലത്തിലുള്ള റിക്രിയേഷൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പ്രധാനമായും വായനശാലകൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിക്കുവേണ്ടി റിക്രിയേഷൻ സെന്ററുകൾ ഒരുക്കുക. 

Eng­lish Sum­ma­ry: Kudum­bashree­’s ‘where’ to take up art

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.