22 December 2024, Sunday
KSFE Galaxy Chits Banner 2

ന്യായവിലയ്ക്ക് നാടൻ ഭക്ഷണം വിളമ്പി കുടുംബശ്രീ ‘പിങ്ക് കഫേകൾ’

സ്വന്തം ലേഖിക
കോട്ടയം
January 20, 2022 9:58 pm

ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളുൾപ്പെടെ തനി നാടൻ തനത് ഭക്ഷണവിഭവങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റെസ്റ്റോറന്റുകളായ പിങ്ക് കഫേയ്ക്ക് പ്രചാരമേറുന്നു. കുടുംബശ്രീ 2020 നംവബറിൽ തുടക്കം കുറിച്ച ‘പിങ്ക് കഫേകൾ’ ആണ് ഇപ്പോൾ പൊതുജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരിക്കുന്നത്. ‘പിങ്ക് കഫേ‘കളുടെ രൂപീകരണ പ്രവർത്തനങ്ങൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അധികൃതർ. 

ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകളിൽ, നിശ്ചിത മാതൃകയിൽ ഡിസൈൻ ചെയ്ത ബ്രാൻഡഡ് റെസ്റ്റോറന്റുകൾ എന്ന രീതിയിലാണ് ‘പിങ്ക് കഫേ‘കളുമായി കുടുംബശ്രീ തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിലാണ് 2020 നവംബറിൽ ആദ്യത്തെ ‘പിങ്ക് കഫേ’ കുടുംബശ്രീ ആരംഭിച്ചത്. നിശ്ചിത വാടക നിരക്കിൽ ബസ്സ് ലഭ്യമാക്കിയതും റെസ്റ്റോറന്റ് മാതൃകയിലേക്ക് മാറ്റിയതും കെഎസ്ആർടിസിയാണ്. ഇന്റീരിയർ ഡിസൈനും അടിസ്ഥാന സൗകര്യങ്ങളും കുടുംബശ്രീ ഒരുക്കി. നാടൻ ഭക്ഷണ വിഭവങ്ങൾക്കൊപ്പം മറ്റ് വെജ്, നോൺ- വെജ് വിഭവങ്ങളും തയാറാക്കി ന്യായമായ വിലയ്ക്ക് കഫേയിലൂടെ ലഭ്യമാക്കി. രണ്ടാം ലോക്ഡൗണിന് മുമ്പ് ദിവസം 22,000ത്തോളം രൂപ വിറ്റുവരവ് നേടാൻ ഈ കഫേയിലെ സംരംഭകർക്ക് കഴിഞ്ഞിരുന്നു. 

തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും പിങ്ക് കഫേകൾ ആരംഭിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജിനോട് ചേർന്നാണ് ജില്ലയിലെ പിങ്ക് കഫേ പ്രവർത്തിക്കുന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച കഫേയുടെ പ്രവർത്തനത്തിന് മുന്നോടിയായി ജീവനക്കാർക്ക് പ്രൊഫഷണൽ ട്രെയിനിങ് അടക്കം നൽകിയിരുന്നു. കൃത്യമായ നിരീക്ഷണ സംവിധാനത്തിലൂടെ കഫേയുടെ പ്രവ­ർത്തനം ലാഭകമാക്കാൻ സാധിച്ചതായി ജില്ലാ മിഷൻ അധികൃതർ ചൂണ്ടിക്കാട്ടി. പ്രതിമാസം 12 ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് കോട്ടയത്തെ കഫേയിൽ മാത്രം നടക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞവർഷം അവസാനത്തോടെ കൊല്ലം ജില്ലയിലും പിങ്ക് കഫേ തുറന്നു. കെഎസ്ആർടിസി ബസ് ലഭ്യമാകാത്ത സ്ഥലങ്ങളിൽ, നിശ്ചിത മാതൃകയിലുള്ള കിയോസ്കുകളായാണ് ‘പിങ്ക് കഫേ’ ആരംഭിച്ചത്. അഞ്ച് പേരടങ്ങുന്ന യൂണിറ്റാണ് കഫേ നടത്തുന്നത്. ഇത്തരത്തിൽ ഒരു കഫേയിലൂടെ അഞ്ച് കുടുംബങ്ങളിലേക്കും വരുമാനമെത്തിക്കാൻ കഴിയുന്നുണ്ടെന്ന് കുടുംബശ്രീ നേതൃത്വം ചൂണ്ടിക്കാട്ടി. കൂടുതൽ ജില്ലകളിലേക്ക് പിങ്ക് കഫേകളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കുടുംബശ്രീ നേതൃത്വം.
eng­lish sum­ma­ry; Kudum­bas­ree ‘Pink Cafes’ offer­ing local food at rea­son­able prices
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.