25 December 2024, Wednesday
KSFE Galaxy Chits Banner 2

കുഞ്ഞമ്മിണിക്കഥകൾ

മേഴ്സി ടി കെ
March 22, 2022 10:56 am

കലാവാസനകൾ 

രാവിലെ റേഡിയോയില്‍ കര്‍ണാടകസംഗീതപാഠം കേട്ട്, താളം പിടിച്ച് കൂടെ പാടും അപ്പന്‍. ‘തരനീന നാനാ തരാ.. നീനാ’ പാട്ടിനൊപ്പമെത്താന്‍ വാശീം പിടിക്കും. അതു കാണുമ്പോള്‍ ‘അപ്പന്‍ കാലത്തേ തൊടങ്ങീ കാളരാഗം’ന്ന പറയും അമ്മ. ‘കാളരാഗോല്ല, മായാമാളവഗൌളരാഗം’ന്ന അപ്പന്‍ തിരുത്തുമ്പോ അരുതാത്തെന്തോ കേട്ടപോലെ അമ്മ അടുക്കളേക്കൊറ്റ പാച്ചിലാണ്. അതുകണ്ട് ഉറഞ്ഞുചിരിച്ച് ‘കലാവാസനേല്ല്യാണ്ടായല്ലോ’ന്ന പരിതപിക്കും അപ്പന്‍. ദീര്‍ഘസ്ഥായീലൊക്കേ പാടുമ്പോള്‍ തൊണ്ടേലെ ഞരമ്പ് പൊങ്ങിവരുംവിധം വാശി പിടിക്കും. സംഗീതത്തോട് കടുത്ത അഭിനിവേശായിരുന്നു അപ്പന്. നല്ല പാട്ടുള്ള സിന്മകള്‍ രണ്ടൂന്നുപ്രാശ്യം കാണും, പോവുമ്പേ അവളും കൂടും. ‘നല്ലപാട്ടൊള്ള സിന്മ്യാ, ഒക്കെ കേട്ട് പഠിച്ചോണംട്ടോ’ന്ന് പറയും. ‘ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍’ന്ന പാട്ടൊക്കെ അസ്സലായി പാടും അപ്പന്‍. ചിലപ്പോ പാതിരക്കെഴുന്നേറ്റു കുത്തീരുന്ന് എഴുതും. ‘ഈ പാതിരക്ക് എന്തൂട്ടായീ യെഴുതണേ’ന്ന്‍ അമ്മ ചോദിച്ചാല്‍ ‘വില്‍പ്പത്രം’ന്ന് പറയും. പക്ഷേ മരണശേഷം അപ്പന്‍റെ കൈപ്പെട്ടീലെ ആധാരക്കെട്ടിനൊപ്പം എഴുതി തീരാത്ത പ്രണയകഥകളും ഉണ്ടായിരുന്നു. അവിടന്നാകാം കുഞ്ഞമ്മിണീടേ അക്ഷരവേരുകള്‍ മുളച്ചത്.

കുളിച്ച് സുന്ദരിയായാല് പീട്യേല്‍ കൊണ്ടോവാന്ന് പറഞ്ഞപ്പോ കുളിക്കാന്‍ മടിയുള്ള കുഞ്ഞമ്മിണി ശെടാപ്പെടാന്ന് പോയി കുളിച്ച് വന്നു. നല്ല ഉടുപ്പിടീച്ച് മുടി ചീകിച്ച് കൊച്ചേട്ടന്‍ പീട്യേല്‍ കൊണ്ടോയി. ചെന്നപ്പാടെ ചില്ലുഭരണീന്ന് മൊട്ടായിടുത്ത് കൊടുത്തു. ഗൌരവക്കാരനായ വല്ല്യേട്ടനാ പീട്യക്കാരന്‍. അവളെ കണ്ടപ്പോ  കണ്ണും ചുണ്ടുമനക്കി പരിചയം പുതുക്കി. തല്ലിന്റെ ആശാനാ കക്ഷി. കുഞ്ഞമ്മിണീനെ തല്ലാന്‍ വടി വെട്ടിവെട്ടി രണ്ടു പേരമരങ്ങള്‍ ഉണക്കിക്കളഞ്ഞ കുറ്റത്തിലെ യഥാര്‍ത്ഥപ്രതിയാണ്. പക്ഷേ കുറ്റം പാവം കുഞ്ഞമ്മിണീടെ തലേലായി.

പീട്യേലെ തിണ്ണേലും ബെഞ്ചിലും മിക്കവാറും ഹാജരുള്ള കുറച്ചു പേരുണ്ട്. പത്രം വായിക്കാനും നാട്ടുവിശേഷം പറയാനും കൂട്ടു കൂടാനും കൂടണോരാണ്. കൂട്ടുകാട് പൌലൊസേട്ടന്‍, വടക്കുഞ്ചേരി വര്‍ഗീസേട്ടന്‍, സുതനാശാരി, തേവന്‍, മാലായിപെലേന്‍ ഇവരൊക്കേണ് പ്രധാനികള്‍. സിനിമ, നാടകം, പാട്ട്, രാഷ്ട്രീയം, വിപണി തുടങ്ങിയ സര്‍വലോക വിഷയങ്ങളും ചര്‍ച്ച ചെയ്യും. പൌലൊസേട്ടന്‍ ഗായകനും നാടക നടനുമാണ്. പീട്യേല്‍ ആളില്ലെങ്കീ ‘ആ വാഴക്കൊലേന്നു പാടടോ പൌലോസുമാപ്ലേ’ന്ന് പറയും തേവന്‍. പറയേണ്ട താമസം, തൊണ്ട യനക്കി സ്വരം ശരിയാക്കി, കയ്യില്‍ താളമിട്ട്, ഭാവാഭിനയത്തോടെ പാടാന്‍ തൊടങ്ങും പൌലൊസേട്ടന്‍.

‘മലയപ്പുലയനാ മാടത്തിന്‍ മുറ്റത്ത്
മഴ വന്ന നാളോരു വാഴ നട്ടു
മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പ് പൊടിച്ചുവന്നു,
അരുമക്കിടാങ്ങളിലൊന്നായതിനേയും
അഴകിപ്പുലക്കള്ളിയോമനിച്ചു’

വാഴ കുലച്ച്, പഴം തിന്നുന്നേനെ പ്പറ്റീള്ള കുഞ്ഞുങ്ങടെ സ്വപ്നവും ഇല്ലത്തേക്ക് പഴക്കുല കൊണ്ടോവാന്‍ വിധിക്കപ്പെട്ട പുലയന്‍റെ ധര്‍മസങ്കടോല്ലാം ശ്വാസ മടക്കിപ്പിടിച്ച് കേട്ടിരിക്കും. കമ്മ്യൂണി സ്റ്റുകാരനായ മാലായിപെലേന്‍ കണ്ണു നിറഞ്ഞു വികാരഭരിതനായി നെടുവീര്‍പ്പിടും. പിന്നെ വിശാലായി ചിരിച്ചോണ്ട് പറയും ‘ഈ അന്യായ ങ്ങള് കണ്ടല്ലേ ഈയെമ്മസ്സ്നമ്പൂരി ഭൂപരിഷ്ക്കരണം കൊണ്ടോന്നേ, മൊതലാള്‍യോള് വെള്ളം കുടിച്ചി ല്ലേ, ഹാഹാ..’ പിന്നെ സങ്കടം മറയ്ക്കാന്‍ പത്രമെടുത്ത് കണ്ണോടടു പ്പിച്ച് മുക്കീം മൂളീം വാര്‍ത്ത വായിക്കും. അതുകണ്ട് തേവനും സുതനാ ശാരീം മുഖത്തോടുമുഖം നോക്കും.

പീട്യേടെ ഉള്ളില്‍ തേരാപാരാ നടന്ന് അവള്‍ മൊട്ടായി തിന്നു. തിരക്ക് കൂട്യപ്പോ അവളെ പിടിച്ച് സ്റ്റൂളി ലിരുത്തി വല്ല്യേട്ടന്‍. പെണ്ണുങ്ങള്‍ പണി കഴിഞ്ഞ് അരീം സാധനോം വാങ്ങാന്‍ വരണ സമയോണ്. ചിലോര് ‘ഒരെണ്ണ’ന്ന് പറഞ്ഞ് തല നീട്ടി കാട്ടി. തവി നിറയെ എണ്ണ കോരി തലേലൊഴിച്ചു കൊടുത്തപ്പോ മോത്തേക്കും ചെവീക്കൂടി താഴേക്കു മൊഴുകി. അവള്‍ക്കും തലേല് എണ്ണ യൊഴിക്കാന്‍ കൊതിയായി. സാധന ങ്ങള്‍ പൊതിയണ കൊച്ചേട്ടനോട് സ്വകാര്യായി ‘എന്‍റെ തലേല് കൊറച്ച് എണ്ണയൊഴിക്ക്യോ’ന്ന് ചോദിച്ചു. ‘മിണ്ടാണ്ടിരുന്നില്ലെങ്കീ ഉള്ളംതൊടക്ക് നല്ല നുള്ള്‍ കിട്ടും’ന്ന് സ്വകാര്യായി ത്തന്നെ കൊച്ചേട്ടന്‍. അവള്‍ പിണങ്ങി ചുണ്ടുകൂര്‍പ്പിച്ചു. സ്വകാര്യം പറച്ചില്‍ കണ്ടിട്ടോ എന്തോ വല്ല്യേട്ടന്‍ ചോദ്യഭാവത്തില്‍ കൊച്ചേട്ടനോട് താടി പൊക്കി കണ്ണുയര്‍ത്തി. പിന്നെ  രണ്ടുപേരും ‘കുണുകുണാ’ന്ന് പറഞ്ഞ് കുലുങ്ങിച്ചിരിക്കണ്. എണ്ണക്കാര്യോണോന്ന് അവള്‍ക്ക് സംശ്യം തോന്നി.

‘ങാ ഇതാരാ മ്മടെ കുഞ്ഞമ്മിണ്യ ല്ലേ… ഇങ്ങുവന്നേ, ഒരു പാട്ട് പാട്യേ’ അവളെ കണ്ടപ്പോ പൌലൊസേട്ടന്‍ വിളിച്ചു. കൊച്ചേട്ടന്‍ അവളോട് ‘പാടി ക്കോ‘ന്ന് കണ്ണു കാണിച്ചു. അവളെ ണീറ്റുചെന്ന് കൈകെട്ടി നിന്നു. കൊച്ചേട്ടന്‍ പഠിപ്പിച്ച മര്യാദേണത്, അല്ലെങ്കീ മൂക്കീകയ്യിടല്‍, തല മാന്തല്‍, ഉടുപ്പുപൊക്കി കടിക്കല്‍ മുതലായ വൃത്തികേടുകള്‍ കാണിക്കൂത്രേ. അവള്‍ പാടി… ‘പെരിയാറെ പെരിയാറെ, പര്‍വതനിരയുടെ പനിനീരേ, കുളിരുംകൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണ് നീ’. ‘പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്ത്…’ന്നു പാടീട്ട് ഒന്നു നിര്‍ത്തി. ‘പൊന്നലകള്‍ ഞൊറിഞ്ഞു ടുത്തൂ’ന്നുവച്ചാ എന്താന്നോ’ അമ്മേടെ മുണ്ടിന്റെ ഞെറീല്ലേ, കണ്ടട്ടില്ലേ അമ്മേടെ പൊറേലുള്ള വാല്.. അതു പോലെ ശേലില് തെരമാലയടിക്കൂ ന്ന്.! ‘ഓ അതാണല്ലേ’ന്ന് പറഞ്ഞു എല്ലാരും കൂട്ടച്ചിരി. ‘ടീ പാട്ട് മതി, പറച്ചില്‍ വേണ്ടെ’ന്ന്‍ കൊച്ചേട്ടന്‍ വിളിച്ചു പറഞ്ഞു. അതോടെ പാട്ടും പറച്ചിലും നിന്നു. ‘പാട്…പാട്…’ന്ന്‍ നിര്‍ബന്ധിച്ചപ്പോ ബാക്കികൂടി പാടി. ‘മിടുക്കി, പാട്ട് അസ്സലായെ’ന്ന്‍ പൌലൊസേട്ടന്‍. ‘ഒരു പാട്ടും കൂടി പാട്’ന്ന്‍ വര്‍ഗീസേട്ടന്‍ പറഞ്ഞപ്പോ ‘എന്നാ അപ്പന്റെ പാട്ട് പാടാ’ന്ന് പറഞ്ഞ് പിന്നേം കൈകെട്ടിനിന്ന് കൊച്ചേട്ടനെ നോക്കി. ‘പാടിക്കോ’ന്ന്‍ തലചെരിച്ച് കണ്ണുയര്‍ത്തികാട്ടി കൊച്ചേട്ടന്‍. ‘അറബിക്കടലൊരു മണവാളന്‍, കരയോ നല്ലൊരു മണ വാട്ടി, പണ്ടേപണ്ടേ പായിലിരുന്ന് പകിടയുരുട്ടികളിയല്ലോ.’ പകിടയുരു ളണ പോലേണ് തെരമാലകള്‍ കരേ ലേക്ക് കേറിവരണേ’ന്ന് പറയണോ ന്ന് കലശലായി തോന്നിപ്പോ നിര്‍ത്തി. ‘പറച്ചില് വേണ്ടെ’ന്ന് കൊച്ചേട്ടന്‍ കണ്ണു ചുരുക്കി ചൂണ്ടാണിവിരല്‍ ഉയര്‍ത്തിയാട്ടി. ഒരുവിധത്തില് പറച്ചിലില്ലാതെ പാടി തീര്‍ത്തു. അന്നുതൊട്ട് പൌലൊസേ ട്ടനും തേവനും സുതനാശാരീം പിന്നെ ആരാണ്ടൊക്ക്യേം അവളെ ‘പെരിയാറേ’ന്ന് വിളിച്ചു.

സ്കൂള്‍ ആനിവേഴ്സറിക്ക് ഡാന്‍സും പാട്ടൂണ്ടാവൂങ്കിലും സിസ്റ്റുന്മാര്‍ കുഞ്ഞമ്മിണീനെ ഒന്നിലും ചേര്‍ത്തില്ല. ശേലില്ലാത്തോ ണ്ടോ കര്‍ത്തതോണ്ടോ എന്തോ.! അവൾക്ക് നല്ല സങ്കടായി. കൂട്ടുകാര്‍ ഡാന്‍സ് കളിക്കണ നോക്കി കൊതി യോടെ നിന്നു. മൂന്നാംക്ളാസ്സില്‍ വെച്ച് കാന്റിഡ സിസ്റ്റ് ഡാന്‍സിനെടുത്തപ്പോ സന്തോഷായി. ‘പഠിച്ച ഡാന്‍ സൊന്നു കളിച്ചേ’ന്ന് കൊച്ചേട്ടന്‍ പറഞ്ഞു. കമ്പി വടി പോലത്തെ കൈകള്‍ നീര്‍ത്തീം ചുരുക്കീം കായികാഭ്യാസീനെപോലെ അവള്‍ ഡാന്‍സ് കളിച്ചു. എന്തോ പന്തികേടു ള്ളപോലെ അപ്പനും കൊച്ചേട്ടനും ചിരിച്ചു. കുറച്ചൂസം ചാടിത്തുള്ളീപ്പോ ക്ഷീണായി. കയ്യും കാലും ദേഹം മുഴോനും വേദന.! വീട്ടീ വന്നാലൊറ്റ കെടപ്പാ. ‘ഡാന്‍സ് കളിക്കാനുള്ള കെല്‍പ്പില്ല്യതിന്, ദേ വന്ന് ചത്തോണം കെടക്കണ്, വേണ്ടെന്നുവെച്ചാ ലോ’ന്ന് അമ്മ. ‘അത് സാരോല്ല്യ, തൊടക്കോല്ലേ’ന്ന് അപ്പന്‍. അമ്മ അങ്ങനേണ്, നിരുല്‍സാഹപ്പെടുത്തി തളര്‍ത്തും, കുഞ്ഞമ്മണീനേ മാത്രോല്ല എല്ലാരേം. കരിക്കിടാന്‍ ചെന്തെങ്ങീ കേറ്റി, കൊറേ കേറി താഴേക്കു നോക്ക്യ കുഞ്ഞേട്ടനോട് ‘പേടീണ്ങ്കീ മോനെറിങ്ങിപ്പോരേ’ന്ന് അമ്മേടെ തളര്‍ത്തല്‍. കാലുവിറച്ച് ദേ ‘ശൂ…’ന്ന് കുഞ്ഞേട്ടന്‍ താഴേക്ക്.! ‘നിഷ്പ്രയാസം കേറീതാ, അപ്പഴാ അമ്മ ധൈര്യം കെടുത്തിവീഴ്ത്തീ തെ’ന്ന് കുഞ്ഞേട്ടന്‍. ആദ്യായി കുഞ്ഞമ്മിണീടെ കഥ തിരഞ്ഞെടു ത്ത്, റെക്കോഡിങ്ങിന് ചെല്ലാനറീച്ച് തൃശൂര്‍ ആകാശവാണീന്ന് കത്ത് വന്നപ്പോള്‍ (പ്രതിഫലം 201/-രൂപ) അമ്മ പറഞ്ഞതെന്താന്നോ, ‘201 രൂപ അങ്ങട് കൊടുക്കണോന്നാവും’ ന്ന്‍.! ഈ അമ്മേനെ എന്താ ചെയ്യണ്ടേ.! എന്തായാലും ഡാന്‍സിന്റെ കാര്യത്തില്‍ ഒരു തീരുമാനായി. പിറ്റേന്ന്, കാന്‍റീഡ സിസ്റ്റ് പറയണ്, കുഞ്ഞമ്മിണീനെ ഡാന്‍സീന്ന് മാറ്റീ ന്ന്, പൊക്കം കൂടലാത്രേ.! സങ്കടത്തിന്റെ പെരുങ്കടലാണ് അന്ന് കണ്ണീ ന്നൊഴുകീത്. പിന്നീട് അവളെ ഡാന്‍സ് പഠിപ്പിക്കാന്‍ ജെസ്സി ഒന്നു ശ്രമിച്ചു, നടീലെ വീട്ടിലെ ഷീബേയുടെ ശിക്ഷണത്തിലും ഒരു പരീക്ഷണം നടത്തീങ്കിലും വിജയിക്കാതെ ഡാന്‍സുമോഹത്തിന് തിരശ്ശീലയിട്ടു.

‘ചട്ടീ, കലം.., കൊടം…’ വല്ല്യകൊട്ട നിറയെ മണ്‍പാത്രോമായി വരണ കൊശോന്റെ വിളി കേക്കുമ്പഴേ കുഞ്ഞമ്മിണി ഉമ്മറത്ത് ഹാജരാകും. കുഞ്ഞിക്കലം വാങ്ങണോന്നു ള്ള ഗൂഡലക്ഷ്യോണ് ഉള്ളില്‍. വാശി പിടിച്ച് കുഞ്ഞിക്കലം വാങ്ങും. അന്നേള്ള മോഹോ അതുപോലെ കലോണ്ടാക്കണോന്ന്. അപ്പഴാ വടക്കേപ്പൊരേലെ ആനിചേച്ചി കലോണ്ടാക്കണ കാര്യം പറഞ്ഞത്. കെണര്‍ കുത്തുമ്പോ കിട്ടണ വെള്ള മണ്ണുകൊണ്ടാത്രേ കലോണ്ടാക്കണേ. ഒരൂസം ആനിചേച്ചി പറഞ്ഞു, ‘തറമൂലേല് കെണര്‍ കുത്തണുണ്ട്, പോയാ മണ്ണ് കിട്ടും’ന്ന്. അമ്മോട് പറഞ്ഞപ്പോ തല്ലാന്‍ വന്നു. കരച്ചിലിന് ഒടുവില്‍ ജെസ്സീടേം ആനിചേച്ചീ ടേം കൂടെപോയി മണ്ണ് കൊണ്ടുവന്നു. കൊഴുക്കട്ട ഉണ്ടാക്കണപോലെ മണ്ണുരുട്ടി പരത്തി കുഴീണ്ടാക്കി കലം പോലാക്കണം. പിന്നെ മണ്ണ്‍ കയ്യിലിട്ട് വള്ളി പോലാക്കി കലത്തിന്റെ വക്കില്‍ പിടിപ്പിക്കണം. അങ്ങനെ ആനിചേച്ചീടെ നേതൃത്വത്തില്‍ ആദ്യ കലം റെഡ്ഡി.! പിന്നെ കൊറേ കലോം ചട്ടീമുണ്ടാക്കി. എല്ലാം കൊച്ചകത്തെ ജനാലപ്പടീല്‍ സൂക്ഷിച്ചുവച്ചു. കൊച്ചേട്ടന് കല്യാണായപ്പോ കൊച്ചകത്താ കെടപ്പൊരുക്കീത്. മുറി വൃത്തിയാക്ക്യ കൂഴൂക്കാരി റോസിചേച്ചി ചട്ടീം കലോക്കെടുത്ത് ജനാലേടെ മോളിലെ പടീല് വച്ചു. ആദ്യരാത്രി ജനാലേക്കൂടി പൂച്ച ചാടി. ദേ കെടക്കണ് ചട്ടീം കലോം.! ഭാഗ്യം! ഒന്നും പൊട്ടീല്ല്യ! പക്ഷേ പുതുപ്പെണ്ണായ ചേച്ചീടെ തലേലാ കലം വീണേ.! ‘ഞങ്ങടെ ആദ്യരാത്രി കൊളാക്ക്യോളാ’ന്ന് ചേച്ചിക്ക്  പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വകയായി.

വെള്ള തലോണൊറ വേണോന്ന് അപ്പന് നിര്‍ബന്ധാ. എങ്കീ എല്ലാര്‍ക്കും വെള്ളമതീന്ന് പറഞ്ഞ് മല്‍മല്‍ തുണി വാങ്ങി തലോണൊറകള്‍ തയ്പ്പിച്ചു. ഫാബ്രിക് ചായം കൊണ്ട് ചോന്ന പൂക്കളും പച്ച ഇലകളും വരച്ച് അപ്പന്റെ തലോണൊറ ഭംഗിയാക്കി കൊച്ചേട്ടന്‍. പിന്നെ വര കുഞ്ഞേട്ടനേറ്റെടുത്തു. കുഞ്ഞേട്ടന്‍ ചോന്ന ചായോടെത്ത് അലസമായി അഞ്ചാറ് തോണ്ടല്‍…പിന്നെ പച്ച ചായോടെത്ത് കൊറേ വരേം കുറീം. ഞൊടിയിടേല്‍ നല്ല ഭംഗീള്ള പൂക്കള്‍ ച്ചിത്രങ്ങളായി. കൊച്ചേട്ടന്റെ സൂക്ഷ്മവരേണ്, പൂര്‍ണ്ണതേണ്ടാവും. പക്ഷേ വരക്കാന്‍ പാടാണ്. കുഞ്ഞേട്ടന്റെ സൂത്രവരേണ്, അതാണവള്‍ ക്കിഷ്ടായത്. എളുപ്പത്തില്‍ വരക്കാ ല്ലോ! അവളും വരക്കാന്‍ തുടങ്ങി. പൂക്കളും കിളികളും ചിത്രശലഭവു മെല്ലാം വിരല്‍ത്തുമ്പില്‍ വിടര്‍ന്നു പറന്നു. അങ്ങനെ കുറേനാള്‍ ജീവി തത്തിനുമേല്‍ നിറങ്ങള്‍ കോരി നിറച്ചു വര്‍ണ്ണാഭമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.