5 November 2024, Tuesday
KSFE Galaxy Chits Banner 2

കുരീപ്പുഴ ശ്രീകുമാറിന്റെ കവിത

webdesk
February 11, 2023 8:54 am
നടിയുടെ രാത്രി
---------------
അഭ്രത്തിലല്ല
സ്വപ്നത്തിലല്ലോടുന്നു
കട്ടിയിരുട്ടിൻ ഹൃദയത്തിലേക്കവൾ

എള്ളിനോടൊപ്പം കുരുത്ത
പി കെ റോസി
മുള്ളിലും റോസാദലത്തിലും വീണവൾ

കന്നിച്ചലച്ചിത്രനായിക, രാത്രിയിൽ
എങ്ങുമൊരാശ്രയമില്ലാതെ പായവേ
രക്ഷിച്ചതില്ല യഹോവ
വാഴ്ത്തപ്പെട്ട സ്വർഗ്ഗസ്ഥർ
തൊണ്ടയിൽ അർബുദപ്പുറ്റുമായ്‌
മിണ്ടാതെ നിന്നു
വിഗതകുമാരന്റെ
ചിഹ്നമറിഞ്ഞ ചരിത്രമഹാമുനി

എന്തായിരിക്കാം സിനിമപ്പുതുമഴ
ചെന്നവൾ സൂര്യമുറ്റത്ത്‌
മൂടിപ്പുതച്ചവ ക്യാമറയെന്നൊരാൾ
വാടിത്തളർന്നൊന്നു നിൽക്കെന്നു മറ്റൊരാൾ

കോടിയുടുത്തു ചിരിച്ചുകൊണ്ടങ്ങനെ
വാവാവം പാടിയും കൊക്കര കൂട്ടിയും
ഞാറിന്റെ കൗതുകം പോൽ മിഴി നീട്ടിയും
പൂമരം പോലെ നിശ്ശബ്ദയായ്‌ നിന്നും
കാണികളില്ലാത്ത നാടകമാണെന്നു
ഭാവന കൊണ്ടു വിത്തിട്ടു പിരിഞ്ഞവൾ
പാടം നിറഞ്ഞു കവിയും വിളവിനാ-
ണീവിളയെന്നു നിനയ്ക്കാതെ റോസി

പിന്നെയിരുട്ടിൽ തിരശ്ശീലയിൽ കണ്ടു
മിന്നി മറഞ്ഞു തുടിക്കുന്ന പെണ്ണിനെ
ആരീയൊരുമ്പെട്ടവൾ
നടിക്കുന്നവൾ
ആണിനോടൊപ്പമിറങ്ങി നടപ്പവൾ?

കുപ്പമാടത്തിലൊടുങ്ങേണ്ടവൾ
തീണ്ടി നിൽക്കുന്നു മുന്നിൽ
അഹങ്കാരരൂപിണി

ആദ്യവെള്ളിത്തിര കീറി മേലാളന്റെ
ധാർഷ്ട്യം വിധിച്ചു
കൊടും പാപിയാണിവൾ
വേശ്യ
മനുസ്മൃതിയട്ടിമറിക്കുന്ന
ദൂഷ്യം കൊളുത്തിയോൾ
കൊല്ലുകീ യക്ഷിയെ

തമ്പുരാക്കന്മാരെറിഞ്ഞ തീക്കൊള്ളിയാൽ
വെന്തു വീഴുന്നു കുമിൾക്കുടിൽ
ഉള്ളിലെ ഉപ്പുചിരട്ട, പഴന്തുണി ഈസ്റ്ററിൻ
പിറ്റേന്നഴിച്ച റിബൺ ചാന്ത്‌ കണ്മഷി

രാത്രിയൊടുങ്ങി
തമിഴകത്തിൽ പനയോലയും വെയിലും
സിനിമ പിടിക്കുന്നൊരൂരിൽ
പേരില്ല വേരില്ല ഒടുങ്ങുന്നു റോസി
ഭ്രാന്താലയത്തിന്റെ നക്ഷത്രസാക്ഷി

 

Eng­lish Sam­mury: kureep­uzha sreeku­mar’s poem nadiyude rathri

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.