18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 1, 2025
March 27, 2025
March 15, 2025
March 13, 2025
March 8, 2025
March 3, 2025
February 28, 2025
February 18, 2025
February 6, 2025

കുറിഞ്ഞി സങ്കേതം: അടിയന്തരയോഗം വിളിക്കുമെന്ന് മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
October 16, 2024 9:29 am

ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സര്‍വ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് എംഎൽഎയുടെ സാന്നിധ്യത്തില്‍ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.
ദേവിക്കുളം വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62, കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58, എന്നിവയില്‍പെട്ട പട്ടയഭൂമി ഒഴിവാക്കിയുള്ള ഏകദേശം 3200 ഹെക്ടര്‍ ഭൂമിയാണ് കുറിഞ്ഞിമല ഉദ്യാനം രൂപീകരിക്കുന്നതിനായി 1972 ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം 2006 ല്‍ വനം വകുപ്പ് ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്. ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസറായി ദേവിക്കുളം ആര്‍ഡിഒയെ 2015 ൽ നിയമിച്ചു. ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിന്‍മേലുള്ള അവകാശങ്ങള്‍ പരിശോധിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും ഓരോ തണ്ടപ്പേര്‍ കക്ഷിയേയും നേരില്‍ കേട്ട് രേഖകള്‍ പരിശോധിച്ച് കൈവശക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതലകള്‍ സെറ്റില്‍മെന്റ് ഓഫീസര്‍ക്ക് നല്‍കിയിരുന്നു.

വനം വകുപ്പിന്റെ ഉദ്ദേശവിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മേല്‍പറഞ്ഞ വില്ലേജുകളിലെ പട്ടയഭൂമികള്‍ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകള്‍ പുനര്‍ നിര്‍ണ്ണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകള്‍ നിശ്ചയിക്കാന്‍ 2018 ലും 2020 ലും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വന നിയമ പ്രകാരവും ഭൂപതിവ് നിയമ പ്രകാരവുമുള്ള കളക്ടറുടെ അധികാരം നല്‍കി സ്പെഷല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നത് സബ് കളക്ടര്‍മാരേയാണ്. എന്നാല്‍ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഇക്കാര്യത്തില്‍ നിയമിക്കണം എന്ന ഉദ്ദേശത്തോടു കൂടി കുറിഞ്ഞിമല സങ്കേതത്തിന്റെ കാര്യനിര്‍വ്വഹണത്തിനായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായിരുന്ന ഡോ. എ കൗശികനെ സ്പെഷല്‍ ഓഫീസറായി 2020 ല്‍ നിയമിച്ചിരുന്നു. എന്നാല്‍ റവന്യൂ ഹെഡ് ഓഫീസില്‍ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ഇടുക്കി ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയില്ല എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ തന്നെയുള്ള ദേവികുളം സബ് കളക്ടര്‍ക്ക് കുറിഞ്ഞിമല സങ്കേതത്തിന്റെ അധിക ചുമതല നല്‍കി 2022 ല്‍ ഉത്തരവായി. സെറ്റില്‍മെന്റ് ഓഫീസറാണ് ഉദ്യാന പ്രദേശത്തുള്ള പട്ടയഭൂമിയുടെ തണ്ടപ്പേര്‍ പരിശോധന നടത്തേണ്ടത്. ദേവിക്കുളം സബ് കളക്ടര്‍ നിലവില്‍ ഇടുക്കി ഡെവലപ്മെന്റ് കമ്മീഷണര്‍, ഇടുക്കി പാക്കേജിന്റെ സ്പെഷ്യല്‍ ഓഫീസര്‍, മാങ്കുളം, ദേവിക്കുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ റിസര്‍വ് ഫോറസ്റ്റുകളുടേയും, നാഷണല്‍ പാര്‍ക്കുകളുടേയും സെറ്റില്‍മെന്റ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സര്‍വ്വെ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തില്‍ പെട്ട ഭൂമിയില്‍ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങള്‍. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് കുറിഞ്ഞിമല ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായി പ്രത്യേക ചുമതല നല്‍കി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. 

ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളില്‍ അഡ്വക്കേറ്റ് ജനറലിനോട് ഒരു നിയമോപദേശം സ്പെഷല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ ഒരു യോഗം നടത്തിയെങ്കിലും നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്റെ അതിരുകള്‍ തിട്ടപ്പെടുത്തതിന് വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയിൽ എ രാജ എം എൽ എ യുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു. 

TOP NEWS

April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.