തൃക്കാക്കരയിൽ പോളിംഗ് ശതമാനത്തിലെ കുറവ് എൽ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ കാലം മാറി. വോട്ടിംഗ് ശതമാനം കുറഞ്ഞാലും കൂടിയാലും അത് അനുസരിച്ച് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുന്നതൊന്നും എളുപ്പമല്ല, തോമസ് പറഞ്ഞു. ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവർത്തിച്ചു. പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലർത്തിയ കാഴ്ചപ്പാട്. ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് കുറ്റപ്പെടുത്തി.
ജോ ജോസഫ് തുടക്കത്തിൽ പകച്ച് നിന്നെങ്കിലും പിന്നീട് പക്വതയുള്ള രാഷ്ട്രീയക്കാരനെ പോലെ മുന്നോട്ട് പോയെന്നും കെ വി തോമസ് പറഞ്ഞു. സ്ഥിരം രാഷ്ട്രീയക്കാർക്ക് പകരം പ്രൊഫഷണലുകൾ വരട്ടെയെന്നാണ് ജോ ജോസഫിന് വോട്ട് ചെയ്ത ശേഷം ജനങ്ങൾ അഭിപ്രായപ്പെട്ടതെന്നും കെ വി തോമസ് പറഞ്ഞു.ട്വന്റി 20 വോട്ടുകൾ എങ്ങോട്ട് മറിയുമെന്നതിനെ കുറിച്ചും കെ വി തോമസ് പ്രതികരിച്ചു. ആദ്യം പാർട്ടി സ്വീകരിച്ച സമീപനമല്ലായിരുന്നു ട്വന്റി 2 മണ്ഡലത്തിൽ സ്വീകരിച്ചത്.
ആദ്യം യു ഡി എഫിന് വോട്ട് ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. ട്വന്റി 20 വോട്ടുകൾ എൽ ഡി എഫിന് ലഭിക്കുമെന്നാണ് തന്റെ കാഴ്ചപ്പാട്.കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ അവരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി പേർ കോൺഗ്രസ് വിട്ട് മറ്റ് പാര്‍ട്ടിയില്‍ ചേരുമെന്നും അഭിമുഖത്തിൽ കെ വി തോമസ് പറഞ്ഞു
English Summary:KV Thomas says more people will leave Congress
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.