സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിൽ പങ്കെടുക്കുന്നതുകൊണ്ട് കോൺഗ്രസ് നേതാവ് കെ വി തോമസിന് വഴിയാധാരമാകേണ്ടി വരില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അവരുടെ പാർട്ടി നേതാക്കൾക്ക് ഇത്തരത്തിലുള്ള വിലക്ക് ഏർപ്പെടുത്തിയാൽ കൂടെയുള്ളവർ കൂടി നഷ്ടപ്പെടുന്ന അവസ്ഥയാകും. സെമിനാറിൽ പങ്കെടുക്കാമെന്ന് കെ വി തോമസ് നേരത്തെ തന്നെ അറിയിച്ചതാണ്. ശശി തരൂരും പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. പങ്കെടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് വരുമെന്നാണ് കരുതുന്നത്. കോൺഗ്രസ് വിട്ട് നിരവധി നേതാക്കൾ ഇതിനകം സിപിഐ(എം)ൽ ചേർന്നിട്ടുണ്ട്. മൂന്ന് കെപിസിസി ജനറൽ സെക്രട്ടറിമാരാണ് അടുത്തിടെ സിപിഐ(എം)ൽ ചേർന്നത്. മുൻ കാലങ്ങളിൽ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുന്നവർ സിപിഐഎമ്മിൽ ചേരാറില്ലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി.
ഇടതു പക്ഷവുമായി സഹകരിക്കാർ കെ വി തോമസ് തീരുമാനിച്ചാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് ഇരുവരെ ചർച്ചയൊന്നും നടന്നിട്ടില്ല. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. ബഹുസ്വരതയ്ക്കാണ് സെമിനാറുകൾ പ്രധാന്യം നൽകുന്നത്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് മടിക്കുകയാണ്.
കേരളത്തിലെ കോൺഗ്രസ് സിപിഐ(എം) വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിലെ ജനവിരുദ്ധ സർക്കാരിനെ എങ്ങിനെ താഴെയിറക്കാമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. എന്നാൽ കോൺഗ്രസ് ബിജെപിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. നിലപാട് തിരുത്താത്ത പക്ഷം കോൺഗ്രസിന് വലിയ നഷ്ടമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
English summary; KV Thomas’ stand is welcome: Kodiyeri Balakrishnan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.