ജാതി-ജന്മി- നാടുവാഴിത്തം അടിച്ചേൽപ്പിച്ച അടിമത്തവും അനാചാരങ്ങളും നിലനിന്നിരുന്ന കാലം. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ജീവിതം ദയനീയം. കഠിനമായ ജോലി, വേതനം ഉറപ്പല്ല, അറുതിയില്ലാതെ ജന്മിമാരുടെ പീഡനവും ചൂഷണവും, ചോദിക്കാൻ ആരുമില്ല. തൊഴിലാളിദ്രോഹ നടപടികൾ കൊടികുത്തി വാഴുകയാണ്. സമൂഹത്തിൽ തീർത്തും അശാന്തവും അസംഘടിതവുമായ അവസ്ഥ. ജന്മിമാർക്കായി രാപ്പകൽ ഭേദമന്യേ പണിയെടുക്കുന്ന തൊഴിലാളികൾ അഴലിന്റെ ആഴങ്ങളില്‍. 1922 ൽ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രൂപീകരണത്തോടെ ജന്മിത്തത്തിന്റെ കരാളതകൾക്കെതിരായുള്ള കയർ ഫാക്ടറി തൊഴിലാളികളുടെ ചെറുതും വലുതുമായ പ്രതികരണങ്ങൾ മൊട്ടിട്ട് തുടങ്ങി. കെട്ടുവള്ളത്തിൽ നിരനിരയായി കുട്ടനാട്ടിൽ നിന്ന് ആലപ്പുഴയിലെ കയർ ഫാക്ടറിയിലേക്ക് പണിയെടുക്കാനായി പോകുന്ന തൊഴിലാളികളുടെ മനസില്‍ വിപ്ലവാവേശം അലയടിച്ചുയർന്നു. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരായ സമരാവേശം നാടാകെ പടർന്നു. ആലപ്പുഴയിലെ കയർ ഫാക്ടറിയിലെ സമരവും തൊഴിലാളികളുടെ മുന്നേറ്റവും തൊട്ടടുത്ത പ്രദേശമായ കുട്ടനാട്ടിലും ചലനങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി.
അക്ഷരാഭ്യാസമോ അധികാരമോ സമ്പത്തോ പദവികളോ ഇല്ലാതിരുന്ന ഒരു ജനതയെ അധികകാലം തടവിലാക്കാൻ പറ്റില്ലെന്ന മുന്നറിയിപ്പ് അന്തരീക്ഷമാകെ അലയടിച്ചുയര്‍ന്നു. പിന്നാക്കക്കാരായ കർഷകത്തൊഴിലാളികൾക്കിടയിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുവാനായി അന്ന് സാധുജന പരിപാലന സംഘം എന്ന സംഘടന പ്രവർത്തിച്ചിരുന്നു. പുരോഗമന ചിന്താഗതിക്കാരായിരുന്ന ശീതങ്കനും മൂലയിൽ സോമനാഥനുമായിരുന്നു ഭാരവാഹികൾ. കർഷകത്തൊഴിലാളികൾക്കെതിരായുള്ള ജന്മിമാരുടെ പീഡനങ്ങളിൽ അസ്വസ്ഥനായ കേശവദേവും ശീതങ്കനുമായുള്ള കണ്ടുമുട്ടൽ കുട്ടനാടിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. 1939 ഡിസംബർ എട്ടിന് പള്ളാത്തുരുത്തിയിലെ ഉമ്മറിന്റെ ചായക്കടയിൽ കർഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചുചേർക്കാൻ ഇരുവരും തീരുമാനിച്ചു. ശീതങ്കൻ അധ്യക്ഷത വഹിച്ച ആ യോഗത്തിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയായി. രാജ്യത്തെ ആദ്യത്തെ കർഷകത്തൊഴിലാളി പ്രസ്ഥാനമാണ് ഉമ്മറിന്റെ ചായക്കടയിലെ അരണ്ട വെളിച്ചത്തിൽ അന്ന് രൂപം കൊണ്ടത്.
ശീതങ്കൻ പ്രസിഡന്റും എസ് കെ ദാസ് സെക്രട്ടറിയുമായുള്ള കമ്മറ്റിക്ക് രൂപം നൽകിയാണ് യോഗം പിരിഞ്ഞത്. യൂണിയൻ പ്രവർത്തനം ശക്തി പ്രാപിച്ചതോടെയാണ് മുതലാളിമാരെ കണ്ടാൽ വഴിമാറി നടന്നിരുന്ന രീതിക്ക് മാറ്റം വന്നതെന്നും യുവാക്കൾ മേൽ മീശ വെച്ചും ഷർട്ടിട്ടും നടക്കാൻ തുടങ്ങിയതെന്നും ചരിത്രകാരനായ എൻ കെ കമലാസനൻ വിവരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കുട്ടനാട്ടിലും ഭക്ഷ്യക്ഷാമം രൂക്ഷമായി. നെല്ലിന് വില വർധിച്ചപ്പോൾ കൂലിയായി നെല്ലിന് പകരം പണം നൽകുവാൻ തുടങ്ങി. ഇതോടെ തൊഴിലാളികൾക്ക് ജീവിക്കാൻ നിവൃത്തിയില്ലാതായി. കുപ്പപ്പുറത്തെ കൃഷിക്കാരനായിരുന്ന കവലക്കൽ മത്തന്റെ പാടത്തെത്തിയ എസ് കെ ദാസും സി കെ കേശവനും തൊഴിലാളികൾക്ക് കൂലി നെല്ലായി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇത് സമ്മതിക്കാതെ മത്തൻ നിലപാട് കടുപ്പിച്ചപ്പോൾ സ്ത്രീത്തൊഴിലാളികൾ അദ്ദേഹത്തെ മണിക്കൂറുകളോളം വളഞ്ഞുവച്ചു. പൊലീസ് വന്നിട്ടും സ്ത്രീകൾ പോരാട്ടം തുടർന്നപ്പോൾ മത്തൻ നെല്ല് കൂലിയായി നൽകാമെന്ന് സമ്മതിച്ചു. കൂലി കൂടുതലിന് വേണ്ടിയുള്ള കർഷകത്തൊഴിലാളികളുടെ രാജ്യത്തെ ആദ്യത്തെ ഈ സമരം നിലക്കാത്ത പോരാട്ടങ്ങൾക്ക് കൈയ്യൊപ്പ് ചാർത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.