22 December 2024, Sunday
KSFE Galaxy Chits Banner 2

ലഡാക്ക്: ഏകാധിപത്യ നയങ്ങള്‍ക്ക് തിരിച്ചടി

യെസ്‌കെ
October 10, 2023 4:30 am

‘ഞങ്ങളുടെ സംസ്ഥാന പദവി തിരികെ വേണം. കേന്ദ്രഭരണ പ്രദേശമായതിനാൽ ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല. ഞങ്ങളുടെ മക്കള്‍ തൊഴിൽരഹിതരാണ്’; കാർഗിൽ നിവാസികള്‍ ഏതാനുംദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. ‘നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം (അനുച്ഛേദം 370 റദ്ദാക്കല്‍) നിരസിക്കുന്നോ അംഗീകരിക്കുന്നോ എന്ന വ്യക്തമായ സന്ദേശമായിരിക്കണം തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകേണ്ടത്’ എന്ന് ലഡാക്ക് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും പറഞ്ഞിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഈ രണ്ടുകാര്യങ്ങളും ശരിവച്ചുകൊണ്ടുള്ളതായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം മേഖലയിൽ നടന്ന ആദ്യത്തെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് വൻ വിജയം.
ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ബിജെപി വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. 26 സീറ്റുകളുള്ള മലയോര കൗൺസിലിലെ 26ൽ 22 സീറ്റും നേടി ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായ എന്‍സി-കോൺഗ്രസ് സഖ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ദിശാസൂചകം നല്‍കി. നാഷണൽ കോൺഫറൻസ് 12 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 10 എണ്ണത്തില്‍ വിജയിച്ചു. ബിജെപിക്ക് കേവലം രണ്ട് സീറ്റാണ് ലഭിച്ചത്. അവരെ പിന്തുണയ്ക്കുന്ന സ്വതന്ത്രരും രണ്ട് സീറ്റുകള്‍ നേടി. എന്‍സിയും കോൺഗ്രസും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടാക്കിയിരുന്നെങ്കിലും ചില സീറ്റുകളില്‍ സൗഹൃദമത്സരവും നടത്തിയിരുന്നു. ബിജെപിയുമായി കടുത്ത മത്സരമുള്ള മേഖലകളിൽ മാത്രമായാണ് സഖ്യം പരിമിതപ്പെടുത്തിയത്. നാല് സീറ്റുകളില്‍ ആം ആദ്മി പാർട്ടിയും 25 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.
എന്‍സി നേതാവ് ഫിറോസ് അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള നിലവിലെ കൗൺസിലിന്റെ കാലാവധി ഒക്ടോബർ ഒന്നിന് പൂർത്തിയായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 95,388 വോട്ടർമാരിൽ 74,026 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 77.61 ശതമാനമായിരുന്നു പോളിങ്. 30 അംഗ കൗണ്‍സിലില്‍ നാല് അംഗങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെടുന്നവരാണ്. സെപ്റ്റംബർ 10 നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ലഡാക്ക് ഭരണകൂടം നാഷണൽ കോൺഫറൻസിന് ‘കലപ്പ’ ചിഹ്നം നിഷേധിച്ചത് നിയമയുദ്ധത്തിലേക്ക് നയിച്ചതോടെ സുപ്രീം കോടതി ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ കൗണ്‍സില്‍ 11ന് നിലവിൽ വരും.


ഇതുകൂടി വായിക്കൂ; കശ്മീർ ബ്യൂറോക്രസിയിലെ സവർണാധിപത്യം


അനുച്ഛേദം 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്മേലുള്ള ഹിതപരിശോധനയെന്ന നിലയിലാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കശ്മീരിനെ വിഭജിച്ചത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രഭരണ പ്രദേശം എന്ന പരീക്ഷണം വിജയിച്ചില്ലെന്നും വോട്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഗവർണർ മുഖേനയും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും ന്യൂഡൽഹി നേരിട്ട് ഭരണം നടത്തുന്ന മേഖലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പരമ്പരാഗത പാർട്ടിയായ നാഷണൽ കോൺഫറൻസ് ഉയർന്നത്, മുസ്ലിം ഭൂരിപക്ഷ ജില്ലയായ കാർഗിൽ രാഷ്ട്രീയമായി മാറിയിട്ടില്ലെന്ന് തെളിയിക്കുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ബിജെപി സർക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെയും തുടര്‍ന്നുള്ള ഏകാധിപത്യ നയങ്ങളുടെയും തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടേണ്ടത്.
ജമ്മു കശ്മീർ വിഭജിച്ചതിനും അനുച്ഛേദം 370 റദ്ദാക്കിയതിനും എതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെട്ടു. ‘കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് കാരണം ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണെ‘ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറയുന്നു. ‘മാധ്യമങ്ങള്‍ ഒരു പക്ഷേ ഈ വാര്‍ത്ത കണ്ടില്ലെന്ന് വരാം. ബിജെപിയെ തുടച്ചുമാറ്റി ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭാരത് ജോഡോ യാത്രയുടെ നേരിട്ടുള്ള പ്രതിഫലനമാണിത്’- ജയറാം രമേശ് എക്സില്‍ കുറിച്ചു. ഏതായാലും ലേ, കാർഗിൽ ജില്ലകളിലെ ബുദ്ധ‑മുസ്ലിം സംഘടനകള്‍ തമ്മിലുള്ള അപൂർവ രാഷ്ട്രീയ സഖ്യം ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് വലിയ വെല്ലുവിളിയാണ്.
സംസ്ഥാന പദവിക്കും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടമെന്ന നിലയിലാണ് എൻസി-കോൺഗ്രസ് സഖ്യം മത്സരിച്ചത്. ഹിൽ കൗൺസിലിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ ഇരു പാർട്ടികൾക്കും തുല്യപങ്കാളിത്തം ഉണ്ടായിരിക്കും. ബിജെപി നയങ്ങളുടെ നിരാകരണമായാണ് ജനവിധിയെ ഇരു പാർട്ടികളും വിശേഷിപ്പിച്ചത്. സംഘ്പരിവാര്‍ നയങ്ങൾക്കെതിരായ ഉജ്വലമായ വിധിയാണിതെന്നും ജമ്മു കശ്മീരിനോട് കേന്ദ്രസർക്കാർ ചെയ്ത നീതികേടിനെതിരെയുള്ള പ്രതികരണമാണെന്നും എൻസി വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള എക്സിലെ പോസ്റ്റിൽ പറഞ്ഞു. കാർഗിലിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞെന്ന് ലഡാക്ക് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാജി അസ്ഗർ അലി കർബാലി പറഞ്ഞു.
2019 പ്രഖ്യാപനങ്ങളുടെ ഹിതപരിശോധനയായി തെരഞ്ഞെടുപ്പിനെ എൻസി വിലയിരുത്തിയപ്പോൾ, ബിജെപി ഹിന്ദു- മുസ്ലിം ശക്തിപരീക്ഷണമെന്ന സ്ഥിരം ഫോര്‍മുലയാണ് ഉപയോഗിച്ചത്. കാർഗിൽ മുസ്ലിം ഭൂരിപക്ഷ ജില്ലയും അതിലധികവും ഷിയ വിഭാഗക്കാരുമാണ്. ഏതായാലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നാഷണന്‍ കോണ്‍ഫറന്‍സിന്റെ വളര്‍ച്ച, ജമ്മുവിനെക്കാളും ന്യൂഡൽഹിയെക്കാളും രാഷ്ട്രീയമായും മാനസികമായും കശ്മീരുമായാണ് കാർഗിലിന് അടുപ്പമെന്ന് സൂചിപ്പിക്കുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോഴും ലേ ജില്ലയിലെ ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാർഗിലിലെ ജനത വിഭജന നീക്കത്തെ എതിർക്കുകയും ആഴ്ചകളോളം ഹര്‍ത്താര്‍ ആചരിക്കുകയും ചെയ്തിരുന്നു. അതേസമയം ലഡാക്കിന് സമ്പൂർണ സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും വേണമെന്ന് 2021ല്‍ ലേയിലെയും കാർഗിലിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും ചെയ്തു.


ഇതുകൂടി വായിക്കൂ; കശ്മീര്‍ പിടിക്കാന്‍ ബിജെപിയുടെ അവസാന അസ്ത്രപ്രയോഗം


2018ലെ ഒരു സീറ്റിൽ നിന്ന് രണ്ട് സീറ്റുകളായി നില മെച്ചപ്പെടുത്തിയെങ്കിലും, ബുദ്ധവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ലേ ജില്ലയിൽ ജനപ്രീതി കുറഞ്ഞത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. ബുദ്ധമതക്കാർ ഭൂരിപക്ഷമായ കാർഗിലിലെ മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് ഒരെണ്ണമേ നേടാനായുള്ളൂ, ബാക്കി രണ്ടെണ്ണം എൻസി-കോൺഗ്രസ് സഖ്യത്തിനാണ്. പദും സീറ്റില്‍ നാഷണൽ കോൺഫറൻസിനോട് 54 വോട്ടിനും കർഷയില്‍ കോൺഗ്രസിനോട് 79 വോട്ടിനും തോറ്റപ്പോള്‍ ചായില്‍ 234 വോട്ടിന് വിജയിച്ചു. എൻസിയും കോൺഗ്രസും രണ്ട് സ്വതന്ത്രരും സമുദായ വോട്ടുകൾ ഭിന്നിപ്പിച്ചതാണ് മുസ്ലിംഭൂരിപക്ഷ മേഖലയായ സ്റ്റാക്ചയ് ഖാൻഗ്രൽ ബിജെപിക്ക് നേടാനായത്.
ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ജമ്മു കശ്മീരിലും ലഡാക്കിലും കൂടുതല്‍ സജീവമാകാനും ബിജെപിയെ എതിരിടാനും കോൺഗ്രസിന് ഊര്‍ജം നല്‍കിയേക്കും. ഇന്ത്യ സഖ്യത്തിന്റെ വിജയത്തില്‍ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഇടതുപക്ഷവും ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.