6 May 2024, Monday

കശ്മീർ ബ്യൂറോക്രസിയിലെ സവർണാധിപത്യം

എം കെ നാരായണമൂര്‍ത്തി
September 6, 2023 4:30 am

ടുവിൽ സുപ്രീം കോടതി അറ്റോർണി ജനറലിനോട് നേരിട്ട് ചോദിച്ചു; നിങ്ങൾ എന്നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചു നൽകുകയെന്ന്. സമയപരിധി കോടതിയെ അറിയിക്കണമെന്നും ജനാധിപത്യമാണ് ഏറ്റവും മുഖ്യമെന്നും കോടതി പറഞ്ഞു. കോടതിമുറിക്കുള്ളിൽ നടക്കുന്ന വാദപ്രതിവാദങ്ങളെക്കാൾ ഭീകരമാണ് ഇപ്പോൾ കശ്മീരിൽ നടക്കുന്ന ഭരണകൂട ഭീകരതകൾ. ജനങ്ങളെ നേരിട്ട് ഉപദ്രവിക്കുന്നത് കൂടാതെ സവർണാധിപത്യത്തിന്റെ വാള്‍ കൂടി എടുത്തുപയോഗിച്ചിരിക്കുന്നു ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ജൽജീവൻ മിഷന്റെ നടത്തിപ്പിലുള്ള കൊടിയ അഴിമതികൾ തുറന്നു കാട്ടിയ ജൽശക്തി വകുപ്പിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ പർമാർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെയാണ് അപമാനിച്ചത്. ലഫ്റ്റനന്റ് ഗവർണറും ചീഫ് സെക്രട്ടറി അരുൺ മേത്തയും തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നും നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികവിഭാഗ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് അശോക് കുമാര്‍.
പട്ടിക വിഭാഗക്കാരനായ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് ഇവർ രണ്ടു പേരും ഒരു നിത്യാഭ്യാസമായി കൊണ്ടുനടക്കുന്നു എന്നാണ് അശോക് കുമാർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2022 ജൂൺ ആറിന് ഒരു ഉന്നതതല യോഗത്തിൽ നിന്നും പർമാറിനെ ലഫ്റ്റനന്റ് ഗവർണർ അധിക്ഷേപിച്ച് ഇറക്കിവിട്ടു. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ മറ്റ് സെക്രട്ടറിമാരുടെ മുന്നിൽവച്ചായിരുന്നു അധിക്ഷേപം. ഇക്കഴിഞ്ഞ ജൂലെെ 25ന് ചീഫ് സെക്രട്ടറി അരുൺ മേത്തയിൽ നിന്നും പർമാറിന് സമാന അനുഭവമുണ്ടായി. ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിനും വകുപ്പ് മാറ്റത്തിനും നിയതമായ രേഖയുണ്ട്. ഈ രേഖയിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പർമാറിനെ ലഫ്റ്റനന്റ് ഗവർണർ തട്ടിക്കളിക്കുന്നത്. ഈ സംഭവങ്ങൾ ദി സ്റ്റേറ്റ്സ്‌മാൻ പത്രം പുറത്തുകൊണ്ടുവന്നതോടെ ലഫ്റ്റനന്റ് ഗവർണർക്കും ചീഫ് സെക്രട്ടറിക്കും തന്നോടുള്ള പക വർധിച്ചുവെന്ന് പർമാർ പരാതിയിൽ പറയുന്നു. എന്നാല്‍ പരാതിയിന്മേൽ ഇതുവരെ ദേശീയ പട്ടികജാതി കമ്മിഷൻ ഒരു നടപടിയും എടുത്തിട്ടില്ല.


ഇതുകൂടി വായിക്കൂ: ഇഡിയോട് സുപ്രീം കോടതി അമിതാധികാരം വേണ്ട


ജമ്മുവിലെയും കശ്മീരിലെയും ലഡാക്കിലെയും ജൽജീവൻ മിഷൻ പദ്ധതികളിലെ അഴിമതികളെക്കുറിച്ചും ഇതിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ചും പർമാർ പ്രധാനമന്ത്രിയുടെ ഓഫിസിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും നേരിട്ട് അറിയിച്ചിരുന്നു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് എല്‍ജി നൽകുന്ന കണക്കുകൾ വ്യാജമാണെന്നും കണക്കുകളിൽ വലിയ കൃത്രിമമാണ് നടത്തിയിരിക്കുന്നതെന്നും പർമാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതില്‍ നടപടികളുണ്ടായില്ലെന്ന് മാത്രമല്ല, പർമാറിനെതിരെ ലഫ്റ്റനന്റ് ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ വ്യാജറിപ്പോർട്ടുകള്‍ തയ്യാറാക്കപ്പെടുകയുമുണ്ടായി. ഇതിലെ കള്ളത്തരങ്ങളും ദി സ്റ്റേറ്റ്സ്‌മാൻ പുറത്തുകൊണ്ടുവന്നു.
സമാനമായ അനുഭവമാണ് ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നേരിട്ടെത്തി വാദിച്ച ജമ്മുവിലെ കോളജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടിനും ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നയിക്കുന്ന ബെഞ്ചിന് മുന്നിലാണ് നിയമബിരുദധാരിയായ ഭട്ട് 370-ാം വകുപ്പിന്റെ കാര്യത്തിൽ തന്റെ ഭാഗം വാദിച്ചത്. കോടതി അത് കേൾക്കുകയും ചെയ്തു. കോടതിയിൽ ഹാജരായത് തെറ്റായ കീഴ്‌വഴക്കമാണെന്ന് പറഞ്ഞാണ് ഭട്ടിനെ എല്‍ജി സസ്പെൻഡ് ചെയ്തത്. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ കൊണ്ടുവരികയും കോടതി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ സസ്പെൻഷൻ പിൻവലിക്കാനുള്ള നിർദേശമുണ്ടായി. ന്യായവാദങ്ങൾ ഉയർത്താൻ അറ്റോർണി ജനറൽ ശ്രമിച്ചെങ്കിലും കാര്യം കൃത്യമായി മനസിലാക്കിയിരുന്ന ജസ്റ്റിസ് ബി ആര്‍ ഗവായ് ചോദ്യങ്ങൾ കടുപ്പിച്ചതോടെ സർക്കാർ പിൻവലിയുകയായിരുന്നു.
കശ്മീർ, ജമ്മു മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥരെ വരുതിയിൽ നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരമാണ് എല്‍ജി ഇതെല്ലാം ചെയ്തു കൂട്ടുന്നത്. മനോജ് സിൻഹയെന്ന ആർഎസ്എസ് സഹചാരി, ജാതീയമായ ഉച്ചനീചത്വങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്നയാളാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളുകൾ തന്റെ നേരെ നിന്ന് ഉത്തരം പറയുന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്നതല്ല. ഇതിനു മുമ്പും അദ്ദേഹത്തിന്റ ഭാഗത്തു നിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടായിട്ടുണ്ട്. ബ്യൂറോക്രസിക്കകത്ത് വരേണ്യവൽക്കരണം സൃഷ്ടിക്കുന്നത് സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ ലഫ്റ്റനന്റ് ഗവർണർക്ക് ആവശ്യവുമാണ്. ബ്രാഹ്മണിസം ബ്യൂറോക്രസിയിൽ പിടിമുറുക്കുകയും പട്ടികജാതി-പട്ടികവർഗക്കാരും ഹെെന്ദവേതര മതസ്ഥരും താക്കോൽസ്ഥാനങ്ങളിൽ ഇല്ലാതിരിക്കുകയും ചെയ്താൽ മാത്രമേ ബിജെപി രാഷ്ട്രീയം വ്യാപിപ്പിക്കാൻ കഴിയുവെന്ന് സംഘ്പരിവാർ നേതാക്കൾക്ക് അറിയാം. ഭട്ടിന്റെ കാര്യത്തിലും ഈ അന്യമത വിദ്വേഷം തന്നെയാണ് പ്രതിഫലിച്ചത്.


ഇതുകൂടി വായിക്കൂ: പ്രതീക്ഷ നല്‍കുന്ന സുപ്രീം കോടതി വിധി


നിയമാനുസൃതമായി ഒരു തെറ്റും ചെയ്തില്ലെങ്കിലും നിങ്ങൾ ഒരു മുസ്ലിം നാമധാരിയായ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ വലിയ വില നൽകണമെന്ന സന്ദേശം കശ്മീർ താഴ് വരയിലും എത്തിക്കുകയാണ് മനോജ് സിൻഹയിലൂടെ ബിജെപി. അതിലൂടെ ബഹുഭൂരിപക്ഷം വരുന്ന സർക്കാർ‑അർധസർക്കാർ ജീവനക്കാരെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള യന്ത്രങ്ങളാക്കാമെന്നും സംഘ്പരിവാർ കണക്കുകൂട്ടുന്നു. കശ്മീരിലെ ജുഡീഷ്യൽ സംവിധാനത്തെ ഏതാണ്ട് ഗുജറാത്തിന് സമാനമായ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ പല അവസരങ്ങളിലും ഇതിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയതാണ്. നിസാരകാരണങ്ങൾ പറഞ്ഞ് ആളുകളെ ജയിലിലേക്ക് അയയ്ക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന പ്രവണത കോടതികളിൽ വ്യാപകമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളെയും പ്രാദേശിക മാധ്യമപ്രവർത്തകരെയുമെല്ലാം ഇത്തരത്തിൽ ജയിലിൽ അടയ്ക്കുന്നുണ്ട്.
മെഹബൂബാ മുഫ്തിയുടെ പാർട്ടിയായ പിഡിപിയുടെ നേതാവാണ് വഹീദ് പാറാ. കശ്മീർ താഴ്‌വരയിലെ യുവാക്കളുടെ ഹരമായ ഈ ചെറുപ്പക്കാരനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പരസ്യമായി അഭിനന്ദിച്ചതാണ്. പക്ഷേ ലഫ്റ്റനന്റ് ഗവർണറുടെ ഭരണം തുടങ്ങിയ ശേഷം ഇദ്ദേഹത്തെ ജയിലിൽ നിന്ന് ഇറക്കാത്ത തരത്തിലാണ് ജുഡീഷ്യറി കൈകാര്യം ചെയ്യുന്നതെന്ന് മെഹബൂബ മുഫ്തി ദി വയറിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. ഹിന്ദുത്വവൽക്കരണത്തിനുമപ്പുറം ബ്രാഹ്മണവൽക്കരണം നടത്തിയാണ് ബിജെപി ഇവിടെത്തെ ജുഡീഷ്യറിയെ നിയന്ത്രിക്കുന്നത്. ഒരു കാരണവശാലും എതിർപ്പിന്റെ സ്വരം താഴ്‌വരയിൽ നിലനിൽക്കരുതെന്ന് സംഘ്പരിവാര്‍ വാശിപിടിക്കുമ്പോൾ അവിടുത്തെ ജനത അകലുന്നത് ഇന്ത്യയെന്ന സങ്കല്പത്തിൽ നിന്നാണ്. ചൈന അരുണാചൽ പ്രദേശിനെക്കൂടി ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചപ്പോൾ കരഞ്ഞുനടക്കാനല്ലാതെ മോ‍‍ഡി ഭരണകൂടത്തിന് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്വന്തം നാട്ടുകാരെ ജയിലിലടച്ച് സായൂജ്യമടയുന്ന ഇവരുടെ മനഃസ്ഥിതി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ പോലും നാണിപ്പിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.