14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026

ലേ കത്തുമ്പോള്‍ വീണവായിക്കരുത്

Janayugom Webdesk
September 26, 2025 4:54 am

ലഡാക്കിലെ ലേയിൽ കഴിഞ്ഞദിവസം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം ആശങ്കാജനകമാണ്. സംഘർഷത്തിന്റെ പേരില്‍ പരിസ്ഥ‌ിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെതിരെ കേസെടുക്കാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ തീരുമാനം. സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയം വാങ്ചുക്കിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആക്രമണത്തിൽ പങ്കെടുത്തെന്ന് ബിജെപി ആരോപിച്ച കോൺഗ്രസ് കൗൺസിലർക്കെതിരെയും മറ്റ് 50 പേർക്കെതിരെയും കേസെടുക്കുകയും ചെയ്തു. സംസ്ഥാന പദവി വേണമെന്നതടക്കം ആവശ്യങ്ങളുമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന യുവജന പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ തങ്ങളുടെ വീഴ്ച മൂടിവയ്ക്കാനാണ് മോഡിഭരണകൂടത്തിന്റെ നീക്കം. വാങ്ചുക് നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലിറക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.

നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റിൽ ആരോപിച്ചു. എന്നാല്‍ ഫെഡറൽ തത്വങ്ങളെ അപ്പാടെ ധിക്കരിച്ച് മോഡിസർക്കാർ തുടരുന്ന ഏകാധിപത്യ നടപടികള്‍ക്കെതിരായ കലാപസ്വരമാണ് ലഡാക്കിൽ ഉയരുന്നത് എന്ന സത്യം ഏറെനാള്‍ മൂടിവയ്ക്കാനാകില്ല. സംസ്ഥാന പദവി പുനഃസ്ഥാപനമടക്കമുള്ള ആവശ്യങ്ങള്‍ നാല് വർഷമായി ഉന്നയിക്കപ്പെട്ടിട്ടും അതംഗീകരിക്കാൻ മോഡിസർക്കാർ തയ്യാറായിട്ടില്ല. 2020ൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്‍വാങ്ങിയതും തൊഴിലില്ലായ്മയുമാണ് യുവാക്കൾക്കിടയിലെ അസംതൃപ്തിക്ക് കാരണമായതെന്നാണ് വാങ്ചുക് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായത്. തുടക്കത്തിൽ കേന്ദ്ര തീരുമാനത്തെ ലഡാക്ക് നിവാസികള്‍ അനുകൂലിച്ചു. എന്നാല്‍ മോഡിസർക്കാരിന്റെ അമിതാധികാര പ്രയോഗത്തിന്റെ തിക്താനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നതോടെ നിലപാട് മാറി. അത് പിന്നീട് ജനങ്ങള്‍ രാഷ്ട്രീയമായി തെളിയിക്കുകയും ചെയ്തു. 2014, 19 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ലഡാക്കിൽ ജയിച്ച ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ലഡാക്കിനോടുള്ള കേന്ദ്ര അവഗണന വര്‍ധിക്കുകയായിരുന്നു. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കേന്ദ്രം തയ്യാറായപ്പോള്‍, ലഡാക്കിലും സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ചൂടുപിടിച്ചു. പ്രദേശത്തെ ബുദ്ധ മതക്കാരും കാർഗിലിലെ മുസ്ലിങ്ങളും ഒരുമിച്ചാണ് സമരം ചെയ്യുന്നത്. സംസ്ഥാന പദവിയുള്‍പ്പെടെ നാല് ആവശ്യങ്ങൾ ഉയർത്തി ലേ അപക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക്ക് അലയൻസും സെ­പ്റ്റംബർ 10 മുതൽ നിരാഹാര സമരം തുടങ്ങി.

ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഇരുസംഘടനകളും ആവശ്യപ്പെട്ടിട്ടും ആഭ്യന്തര മന്ത്രി അമിത് ഷാ നിഷേധനിലപാടാണെടുത്തത്. ഒക്ടോബർ ആറിന് ചർച്ചയാകാമെന്നാണ് കേന്ദ്രനിലപാട്. ഇതിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ലേ പട്ടണത്തിൽ ബുധനാഴ്ച പ്രകടമായത്. പൊലീസും അർധസൈനികരും ചേർന്ന് സ്കൂൾ, കോളജ് വിദ്യാർത്ഥികളും ബുദ്ധസന്യാസിമാരും അടക്കമുള്ള പ്രതിഷേധക്കാരെ നേരിട്ടതോടെ മണിക്കൂറുകളോളം നഗരം യുദ്ധക്കളമായി.

അസം, മേഘാലയ, ത്രിപുര, മിസോറാം സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെയും ഉൾപ്പെടുത്തുകയെന്നതാണ് പ്രതിഷേധക്കാരുടെ ഒരു ആവശ്യം. പ്രത്യേക വ്യവസ്ഥ കൂടുതല്‍ സ്വയംഭരണാവകാശം നൽകും. ഭൂമി, വനം, തദ്ദേശഭരണം എന്നിവയിൽ നിയമ നിർമ്മാണത്തിനും കഴിയും. ഗോത്ര അവകാശങ്ങൾ, ആചാരങ്ങൾ, സ്വയംഭരണം എന്നിവ സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ലഡാക്കിലെ പട്ടികവർഗ ജനസംഖ്യ ഏകദേശം 97% ആണ്.

ലേ 66.8%, നുബ്ര 73.35%, ഖൽസ്റ്റി 97.05%, കാർഗിൽ 83.49%, സങ്കു 89.96%, സൻസ്കര്‍ 99.16% എന്നിങ്ങനെയാണ് കണക്ക്. അനുച്ഛേദം 370 റദ്ദാക്കിയതുകൊണ്ട് ലഡാക്കില്‍ പുറത്തുനിന്നുള്ള ആർക്കും ഭൂമി വാങ്ങാനും സ്ഥിരതാമസമാക്കാനും കഴിയും. ഇതിൽ തദ്ദേശീയ ജനതയ്ക്കുള്ള ആശങ്കയാണ് കേന്ദ്രം മറച്ചുവയ്ക്കുന്നത്. 2020ൽ ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നായിരുന്നു. വലിയ തൊഴില്‍ സാധ്യതകളും നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. അതിലെ ഒന്ന് പോലും പാലിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ നിലപാടുകൾ മണിപ്പൂരിന് പുറമെ മറ്റൊരു തന്ത്രപ്രധാന അതിർത്തി മേഖലയെക്കൂടി സംഘർഷത്തിലേക്ക് തള്ളിവിട്ടു. എന്നിട്ടും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തിയും വാങ്ചുക്കിനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകരെ പ്രതികളാക്കിയും പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് ബിജെപി ഭരണകൂടം. കെെകഴുകലല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തം, പ്രതിഷേധാഗ്നി കെടുത്തലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.