19 November 2024, Tuesday
KSFE Galaxy Chits Banner 2

നിയമനിര്‍മ്മാണത്തിലെ ഉജ്വല ചുവടുവയ്പ്

Janayugom Webdesk
September 16, 2023 5:00 am

സംസ്ഥാനത്തെ പല ജില്ലകളിലും ജീവനോപാധിക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ പതിനായിരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023ലെ കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ. വലിയൊരു സാമൂഹ്യപ്രശ്നം പരിഹരിക്കുന്നതിനും നിയമപരമായ വെല്ലുവിളികള്‍ മറികടക്കുന്നതിനുമുള്ള ഈ നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി പ്രതിഫലിപ്പിക്കുന്നതാണ്. ഐക്യകേരളപ്പിറവിക്കു ശേഷം അധികാരത്തിലെത്തിയ സിപിഐ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളില്‍ ഒന്നായിരുന്നു ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക എന്നുള്ളത്. അതുകൊണ്ടാണ് കുടിയിറക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം ആദ്യപട്ടികയില്‍ ഇടംപിടിച്ചത്. ഭൂ ഉടമസ്ഥതയില്‍ നിലനിന്നിരുന്ന കേന്ദ്രീകരണം അവസാനിപ്പിക്കുകയും കൈവശക്കാരെയും കര്‍ഷകത്തൊഴിലാളികളെയും ഭൂമിയുടെ അവകാശികളാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാണ് ഭൂപരിഷ്കരണ നിയമത്തിന് ശ്രമിച്ചത്. അതിന്റെ കൂടെത്തന്നെ സര്‍ക്കാര്‍ പരിഗണിച്ചതായിരുന്നു സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കല്‍ നിയമ നിര്‍മ്മാണം. മലബാര്‍ ഒഴികെയുള്ള മേഖലയില്‍ ഭൂമി പതിച്ചുനല്‍കുന്നതിന് 1950ലെ തിരുവിതാംകൂര്‍-കൊച്ചി ലാന്റ് അസൈന്‍മെന്റ് ആക്ട് നിലവിലുണ്ടായിരുന്നു. എന്നാല്‍ മലബാറില്‍ 1895ലെ കേന്ദ്ര സര്‍ക്കാര്‍ ആക്ട് അനുസരിച്ചായിരുന്നു കാര്യങ്ങള്‍. അതുകൊണ്ട് ഏകീകൃത നിയമം വേണമെന്ന ആവശ്യവും ഉയര്‍ന്നതിനാലാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കല്‍ നിയമം പരിഗണിച്ചത്. എന്നാല്‍ അവ നടപ്പിലാക്കാന്‍ അനുവദിക്കാതെ കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ പേരില്‍ പ്രസ്തുത സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നുവന്ന സര്‍ക്കാരാണ് കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം നടപ്പിലാക്കിയത്.

1960 ജൂണ്‍ 22ന് സഭയില്‍ അവതരിപ്പിച്ച ബില്‍ സെ ലക്ട് കമ്മിറ്റി പരിഗണിക്കുന്നതിനായി വിട്ടു. സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് 1960 ജൂലൈ 11ന് അവതരിപ്പിച്ച് 1960 സെപ്റ്റംബര്‍ 15നാണ് സഭ പരിഗണിച്ചതും പാസാക്കിയതും. പിന്നീട് മൂന്നോ നാലോ ഭേദഗതികള്‍ ഉണ്ടായെങ്കിലും കാലാനുസൃതവും സമഗ്രവുമായ ഭേദഗതി വരുത്തിയത് ഇത്തവണയാണ്. 1960ലെ നിയമപ്രകാരം നാല് ഏക്കര്‍വരെ പതിച്ചുനല്‍കുന്നതിന് വ്യവസ്ഥയുണ്ടായിരുന്നു. കൃഷിക്കും വീട് വയ്ക്കുന്നതിനുമാണ് ഭൂമി പ്രധാനമായും പതിച്ചു നല്‍കിയത്. എന്നാല്‍ നിയമം ഉണ്ടായി 60 വര്‍ഷം പിന്നിട്ടിരിക്കുന്നുവെന്നതിനാല്‍ പതിച്ചുകിട്ടിയ ഭൂമിയുടെ നിലവിലെ ഉടമസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കൃഷിക്കുവേണ്ടി പതിച്ചുകിട്ടിയ ഭൂമി ആദ്യഘട്ടങ്ങളില്‍ അതിനുതന്നെയാണ് ഉപയോഗിച്ചുപോന്നിരുന്നതെങ്കിലും അനന്തര തലമുറകള്‍ക്കുള്ള കൈമാറ്റങ്ങള്‍ നടന്നതോടെ ഭൂമിയുടെ അളവില്‍ കുറവുവരികയും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടി വരികയും കൃഷിക്കുമാത്രം എന്നതിന് പകരം ഭൂവിനിയോഗത്തില്‍ മാറ്റങ്ങളുണ്ടാവുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി ലഭ്യമാകാത്ത ഇടങ്ങളില്‍ പൊതു ആവശ്യത്തിന് വേണ്ടി നടത്തിയ നിര്‍മ്മിതികള്‍ പോലും നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന് ഉപോദ്ബലകമായി കോടതി വിധികളുമുണ്ടായി. കൂടുതല്‍ ഭൂമി പതിച്ചുനല്‍കിയിരിക്കുന്ന ജില്ലകളില്‍ ഒന്ന് ഇടുക്കിയാണ് എന്നതിനാല്‍ വിഷയത്തിന് പാരിസ്ഥിതികമാനം കൂടി കൈവന്നു. അതുകൊണ്ടുതന്നെ ഇടുക്കി-മൂന്നാര്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് റവന്യു ഉദ്യോഗസ്ഥരുടെ നിരാക്ഷേപപത്രം വേണമെന്ന കോടതിയുടെ നിഷ്കര്‍ഷ വലിയവിഭാഗം കൈവശക്കാരെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തില്‍ ചട്ടഭേദഗതിയിലൂടെ മാത്രം പ്രശ്നപരിഹാരം സാധ്യമാകില്ലെന്നു വന്നപ്പോഴാണ് 1960ലെ അടിസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് തീരുമാനിച്ചത്.


ഇതുകൂടി വായിക്കൂ: ചങ്ങാത്തമുതലാളിത്ത കൊള്ളയുടെ പുതിയ വെളിപ്പെടുത്തല്‍


നിലവിലുള്ള നിയമത്തില്‍ 4എ(1), 4എ(2)എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ചട്ടം നിർമ്മിക്കുവാൻ അധികാരം നൽകുന്ന ഏഴാം വകുപ്പിൽ 7(1)(0എ), 7(1)(0ബി) എന്നിങ്ങനെ രണ്ടു വകുപ്പുകൾ കൂടി ഉൾപ്പെടുത്തി. പതിച്ചുകൊടുത്ത ഭൂമിയിൽ നിലവിലുള്ള വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ചു കൊടുക്കുന്നതില്‍ സർക്കാരിന് അധികാരം നൽകുന്നതാണ് 4എ(1) വകുപ്പ്. സർക്കാർ നിഷ്കർഷിക്കുന്ന വ്യവസ്ഥാ ലംഘനങ്ങളാണ് ക്രമീകരിച്ചു നൽകുക. നിലവിൽ വ്യവസ്ഥാ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും മറ്റേതെങ്കിലും ആവശ്യത്തിന് വിനിയോഗിക്കുന്നതിന് അനുവാദം നല്‍കുവാന്‍ 4എ(2) വകുപ്പ് സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഈ ഭേദഗതികളിലൂടെ ദശകങ്ങളായി നിലനില്‍ക്കുകയും വലിയൊരു സാമൂഹ്യപ്രശ്നമായി മാറുകയും ചെയ്ത ഭൂവിഷയത്തിനാണ് പരിഹാരമുണ്ടാകാന്‍ പോകുന്നത്. 1960കളിലെ നിയമനിര്‍മ്മാണ ഘട്ടത്തിലുണ്ടായിരുന്ന ഭൂസംബന്ധമായ വ്യവസ്ഥകളിലും വിനിയോഗങ്ങളിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമഭേദഗതിയിലൂടെയുള്ള കാലാനുസൃതമായ ഈ പരിഷ്കരണം ആശ്വാസവും വിപ്ലവകരവുമാണ്. നിരവധി കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യകതയും നിയമപരമായി ഉയര്‍ന്ന വെല്ലുവിളികളും പരിഗണിച്ചാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് റവന്യു വകുപ്പ് സന്നദ്ധമായത്. എങ്കിലും ചട്ടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നല്ല അവധാനതയും പരിശോധനയും ആവശ്യമാണ്. കൈവശം, കയ്യേറ്റം എന്നിവ കൃത്യമായി വേര്‍തിരിച്ചുകാണാന്‍ സാധിക്കണം. ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കെ രാജന്‍, മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് സർക്കാരിന്റേത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമനിര്‍മ്മാണം രണ്ടിന്റെയും പ്രാധാന്യം ഉറപ്പിച്ചുമാത്രമേ നടപ്പിലാക്കപ്പെടൂ എന്ന് നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.