11 December 2025, Thursday

ഭൂപരിഷ്കരണ നിയമം @55

ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
September 28, 2025 4:30 am

കേരളത്തിലെ ഭൂപരിഷ്കരണ നിയമം നടപ്പില്‍ വന്ന് ജന്മി സമ്പ്രദായത്തിന് അന്ത്യം കുറിച്ചിട്ട് 55 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ മാറ്റിമറിക്കുകയും സാമ്പത്തിക വികസനത്തിന് അടിത്തറ പുതുക്കിപ്പണിയുകയും ചെയ്തതായിരുന്നു സമഗ്രമായ ഭൂപരിഷ്കരണ നിയമം. ജന്മിമാരും അവരുടെ ഗുണ്ടകളും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അതിക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും സ്ത്രീകളെ മാനഭംഗപ്പെടുത്തിയും തേര്‍വാഴ്ച നടത്തിയ ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു. അത്തരം ജന്മി ഗുണ്ടാവിളയാട്ടത്തിനും ചൂഷണത്തിനുമെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ സഹായത്തോടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉജ്വലങ്ങളായ നിരവധി പോരാട്ടങ്ങളാണ് നടത്തിയത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത വൈവിധ്യവും സങ്കീര്‍ണവുമായ ഭൂബന്ധങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. ബ്രഹ്മസ്വം, ദേവസ്വം, ഭണ്ഡാര വക (പണ്ടാര വക) എന്നിങ്ങനെയായിരുന്നു ഇവിടെ ഭൂമിയുടെ അവകാശങ്ങൾ നൽകിയിരുന്നത്. ബ്രാഹ്മണരുടെ സ്വത്തിനെ ബ്രഹ്മസ്വം എന്നും ദേവസ്വം സ്വത്തിന് ദേവസ്വമെന്നും രാജാവിന്റെ സ്വത്ത് അഥവാ പൊതുസ്വത്ത് ഭണ്ഡാരവക എന്നും അറിയപ്പെട്ടു. ഏതാണ്ട് തുല്യ അളവിൽത്തന്നെയായിരുന്നു ഭൂമി ഇത്തരത്തിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നിരുന്നവരാണ് ജന്മിമാര്‍. കൃഷി പണിചെയ്തുവന്നിരുന്നവര്‍ കുടിയാന്‍. ജന്മിക്കും കുടിയാനും ഇടയിൽ തന്നെ പലതട്ടുകളുണ്ടായി. 1800ന്റെ അവസാനകാലത്ത് പുറപ്പെടുവിച്ച ‘പണ്ടാരപ്പാട്ട വിളംബര’ങ്ങളിലൂടെ ഭണ്ഡാരവക ഭൂമി പാട്ടത്തിനെടുത്ത ജന്മിമാര്‍ക്ക് ഭൂമി കൈമാറ്റത്തിന് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യമുണ്ടായി. ഒരര്‍ത്ഥത്തില്‍ ജന്മിമാർ ഭൂമിയുടെ ഉടമകളായി മാറി.

എന്നാല്‍ ബ്രഹ്മസ്വം, ദേവസ്വം ഭൂമികളില്‍ കുടിയായ്മ അതുപോലെ നിലനിന്നു. ഭൂമിയെന്ന സമ്പത്തിന്മേല്‍ ജന്മിയെന്ന ഭൂവുടമയ്ക്കും മധ്യവര്‍ത്തികള്‍ എന്ന ഇടത്തട്ടുകാരനും കുടിയാന്‍ എന്ന കൈവശക്കാരനും തമ്മിലുള്ള ബന്ധങ്ങള്‍ പലതരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും ഇടയാക്കി. അപ്പോഴും ഭൂമിയിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികമാരും കണ്ടില്ല. ജാതി വേർതിരിവിന്റെ പേരിലും ക്രൂരമായ ഉച്ചനീചത്വങ്ങൾ വളർന്നുവന്നു. ഈ അനീതികള്‍ക്കെല്ലാം എതിരായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകരുടെയും കർഷത്തൊഴിലാളികളുടെയും നിരവധി പോരാട്ടങ്ങൾ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വരുന്നത്. 1957 മാർച്ച് മാസത്തിൽ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു കുടിയായ്മയും കുടികിടപ്പും അവസാനിപ്പിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമം. തെരഞ്ഞെടുപ്പില്‍ സിപിഐക്ക് ഭൂരിപക്ഷം ലഭിച്ചു. 1957 ഏപ്രിൽ അഞ്ചിന് മന്ത്രിസഭ അധികാരമേറ്റു. അതോടെ ജന്മിമാര്‍ വെപ്രാളത്തിലായി. ഭൂപരിഷ്കരണ നിയമം നിലവില്‍ വരും എന്നുള്ള ഭയത്താല്‍ കുടിയാനെയും കുടികിടപ്പുകാരനെയും ഒഴിപ്പിക്കാനുള്ള ഗൂഢാലോചനകള്‍ അവര്‍ നടത്തി. എന്നാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകാൻ അവസരം നൽകാതെ അധികാരത്തിലെത്തി ആറാം നാള്‍ കുടിയൊഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. കേരള ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു നിയമ നിര്‍മ്മാണമായിരുന്നു അത്.

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ കൃഷിഭൂമിയില്‍ കര്‍ഷകന്റെ അവകാശത്തിനായി പടപൊരുതിയ അതേ ജാഗ്രതയോടെ തന്നെയാണ് സമഗ്ര ഭൂപരിഷ്കരണ നിയമം രൂപീകരിക്കുന്നതിനായി സി അച്യുതമേനോന്‍ കണ്‍വീനറും ഇ ചന്ദ്രശേഖരന്‍ നായര്‍, ഇ ഗോപാലകൃഷ്ണ മേനോന്‍, പന്തളം പി ആര്‍, സി എച്ച് കണാരന്‍, കെ ആര്‍ ഗൗരിയമ്മ, ഇ പി ഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായി ഒരു സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സമിതി കാര്‍ഷിക ബന്ധ നിയമത്തിന് രൂപം നല്‍കി. കൃഷി ചെയ്യുന്ന കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും കൃഷിഭൂമിയില്‍ അവകാശമില്ലാതിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തിക്കൊണ്ട് കേരള കാര്‍ഷിക ബന്ധ ബില്‍ 1957 ഡിസംബര്‍ 21ന് നിയമസഭയില്‍ അവതരിപ്പിച്ചു. സെലക്ട് കമ്മറ്റി പരിശോധിച്ച ബില്‍ ഭേദഗതികളോടെ 1959 ജൂണ്‍ 10ന് നിയമസഭ പാസാക്കി. ബില്‍ നിയമമായതോടെ ജന്മി — ബൂര്‍ഷ്വാവര്‍ഗം സര്‍ക്കാരിനെതിരെ സര്‍വശക്തിയും ഉപയോഗിച്ചുള്ള നീക്കങ്ങളാരംഭിച്ചു. ജൂണ്‍ 12ന് കുപ്രസിദ്ധമായ വിമോചന സമരം ആരംഭിച്ചു. 1959 ജുലായ് 31ന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ടു. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് — പിഎസ്‌പി സര്‍ക്കാരുകള്‍ 1959ലെ കാര്‍ഷിക ബന്ധ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കാണ് മുതിര്‍ന്നത്. അതില്‍ ഭൂവുടമകളുടെ താല്പര്യങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1963 ഒക്ടോബര്‍ 28ന് മന്ത്രി പി ടി ചാക്കോ അവതരിപ്പിച്ച ഭൂപരിഷ്കരണ ബില്ലിനെ എതിര്‍ത്തുകൊണ്ടും ബില്‍ പൊതുജനാഭിപ്രായത്തിന് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എന്‍ ഇ ബാലറാം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഈ ബില്‍ കാര്‍ഷിക പരിഷ്കരണത്തെ കുഴിച്ചുമൂടുകയാണ് എന്ന് അഭിപ്രായപ്പെട്ടു. പുതിയ ബില്ലിലെ ഏറ്റവും നിര്‍ണായകമായ വ്യവസ്ഥ, ജന്മിയുടെ എല്ലാ അവകാശങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി ലാന്റ് ട്രിബ്യൂണല്‍ മുഖേന കുടിയായ്മ സ്ഥിരതാ സര്‍ട്ടിഫിക്കറ്റും പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റും നല്‍കാനുള്ളതായിരുന്നു. അതായത് ജന്മിയുടെ കയ്യില്‍ നിന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കുടികിടപ്പുകാര്‍ക്ക് നല്‍കാനുള്ള വ്യവസ്ഥ. എന്നാല്‍ 1963ലെ ഭൂപരിഷ്കരണ നിയമത്തില്‍ ജന്മിയില്‍ നിന്നും കുടിയാന്‍ വില നല്‍കി ഭൂമി വാങ്ങണം എന്ന് വ്യവസ്ഥ ചെയ്തു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സാഹചര്യത്തില്‍ വിലകൊടുത്ത് ജന്മിയുടെ കയ്യില്‍ നിന്നും ഭൂമി വാങ്ങുന്നതുപോയിട്ട് ജന്മിയുടെ മുന്നില്‍ നില്‍ക്കാന്‍പോലും കുടിയാന്മാര്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് 1967ല്‍ സിപിഐ ഉള്‍പ്പെട്ട സപ്തകക്ഷി സര്‍ക്കാര്‍ കൈവശക്കാര്‍ക്കും കുടിയാന്മാര്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കുമായി ഭൂപരിഷ്കരണ നിയമം സമഗ്രമായി ഭേദഗതി വരുത്തിയത്.

1967ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് അധികാരമേറ്റത്. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. അതുപ്രകാരം ഭൂപരിഷ്കരണ ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചു. 1963ലെ നിയമത്തില്‍ 32 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കൊണ്ടുവന്ന ഭേദഗതിനിയമം 1969 ഒക്ടോബര്‍ 17ന് നിയമസഭ പാസാക്കിയെങ്കിലും ആ സര്‍ക്കാര്‍ ഒക്ടോബര്‍ മാസം 24ന് രാജിവച്ചു. തുടര്‍ന്ന് 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സിപിഐ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കുകയും ഭൂപരിഷ്കരണ നിയമത്തിന് രാഷ്ട്രപതിയില്‍ നിന്ന് അനുമതി നേടുകയും (ഡിസംബര്‍ 18) നിയമം നടപ്പിലാക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കുകയും ചെയ്തുകൊണ്ട് 1970 ജനുവരി ഒന്നിന് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിച്ചു. 1957ലെ സര്‍ക്കാരിനുവേണ്ടി താന്‍ തയ്യാറാക്കിയ കേരള കാര്‍ഷിക ബന്ധ ബില്ലിന്റെ പുതിയ രൂപമായ കേരള ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുവാനുള്ള അവസരം സി അച്യുതമേനോന് ലഭിച്ചു. ആവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് നിയമം നടപ്പിലാക്കുന്നതിനുള്ള അദ്ദേഹത്തിന്റെയും റവന്യു മന്ത്രി കെ ടി ജോര്‍ജിന്റെയും അതിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിശ്ചയദാര്‍ഢ്യമാണ് 1970 ജനുവരി ഒന്നിന് പ്രാവര്‍ത്തികമായത്. സി അച്യുതമേനോനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു അത്. അന്നേവരെ വരേണ്യവര്‍ഗത്തിന്റെ മാത്രം സമ്പത്തായിരുന്ന ഭൂമിയില്‍ മണ്ണിന്റെ മക്കള്‍ക്കും ഉടമസ്ഥാവകാശം ലഭിച്ചു. ഭൂപരിഷ്കരണ നിയമത്തിന്റെ എല്ലാ വകുപ്പുകളും ജനുവരി ഒന്നിന് നിലവില്‍ വന്നു. നിയമം നടപ്പിലാക്കി ഒമ്പത് മാസം കൊണ്ട് കേരളത്തില്‍ 28 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് മാത്രം 40 ലക്ഷത്തോളം കുടിയാന്മാര്‍ക്കും പാട്ടക്കുടിയാന്മാര്‍ക്കും ഭൂമി ലഭിച്ചു. കേരളത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി ഒരു സംഘടന രൂപീകരിക്കുന്നതിന് വേണ്ടി 1968 സെപ്റ്റംബര്‍ 22ന് ചങ്ങനാശേരിയില്‍ തൊഴിലാളികളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അതിലാണ് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ രൂപീകരിച്ചത്. കണ്‍വെന്‍ഷന്‍ കര്‍ഷകത്തൊഴിലാളികളുടെ അവകാശ പ്രമേയം അംഗീകരിച്ചു.

അതിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഭൂമി, വീട്, പെന്‍ഷന്‍, ക്ഷേമനിധി, കര്‍ഷകത്തൊഴിലാളികള്‍ക്കായി പ്രത്യേക നിയമം, മിനിമം കൂലി തുടങ്ങിയവയായിരുന്നു. സംഘടന രൂപീകരണ സമ്മേളനം അംഗീകരിച്ച അവകാശ പത്രിക പതിനായിരകണക്കിന് കര്‍ഷകത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചോടുകൂടി സര്‍ക്കാരിന് സമര്‍പ്പിച്ചു. അവകാശ പത്രികയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സി അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കി. സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ ഫലമായി ജന്മിത്തം അവസാനിപ്പിക്കുകയും ലക്ഷകണക്കായ കര്‍ഷകത്തൊഴിലാളികള്‍ക്കും കൈവശക്കാര്‍ക്കും ഭൂമിയില്‍ അവകാശം ലഭിക്കുകയും ചെയ്തു. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കപ്പെട്ട ഭൂമി, ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുമ്പോള്‍ പ്രത്യേക പരിഗണന പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചു. മിച്ചഭൂമി വിതരണത്തിനായി തയ്യാറാക്കുന്ന അര്‍ഹരുടെ പട്ടികയില്‍ 50% ഈ വിഭാഗക്കാരായിരിക്കും. 1974ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കേരള കര്‍ഷകത്തൊഴിലാളി നിയമം തൊഴിലാളികളുടെ ‘മാഗ്നകാര്‍ട്ട’ തന്നെയായിരുന്നു. ജോലി സമയം നിജപ്പെടുത്താനും ജോലി ഭദ്രദ ഉറപ്പുവരുത്താനും മിനിമം കൂലി ലഭ്യമാക്കാനും ആ നിയമം വഴി സാധിച്ചു. ആ നിയമത്തിന്റെ ചുവട് പിടിച്ചുകൊണ്ടാണ് 1980ല്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷനും 1990ല്‍ ക്ഷേമനിധിയും നടപ്പിലാക്കിയത്. ഈ നിലയില്‍ 1969 മുതല്‍ 1977 വരെ കേരളം ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ നിലപാടുകളും വികസന പദ്ധതികളും ഒരുപാടുണ്ട്. ജന്മിവാഴ്ച അവസാനിപ്പിച്ചതിന്റെ 55-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാന്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29ന് കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ബികെഎംയു സ്ഥാപകദിനമായ 29ന് തുടങ്ങി പുന്നപ്ര‑വയലാര്‍ രക്തസാക്ഷിദിനമായ ഒക്ടോബര്‍ 27 വരെ 1000 കുടുംബ സംഗമങ്ങള്‍ നടത്തുവാനും ബികെഎംയു തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.