‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഭൂരേഖ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ലഭിക്കും. റവന്യു, രജിസ്ട്രേഷന്‍ സര്‍വേ വകുപ്പുകള്‍ സംയുക്തമായാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഭൂരേഖാസംവിധാനം ഒരു പുത്തന്‍ അധ്യായത്തിലേക്ക് കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ് എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍. ഡിജിറ്റല്‍ മേഖലയില്‍ ഏറെ വികസിച്ചിട്ടുള്ള ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും വിരലിലെണ്ണാവുന്നിടങ്ങളില്‍ മാത്രമാണ് സമഗ്ര ഭൂരേഖാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ളത്. ഭൂരേഖാ പരിപാലനത്തിലെ ഈ നേട്ടത്തോടെ കേരളം ലോക നിലവാരത്തിലെത്തും.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്കെച്ച്, ഭൂമിയുടെ സര്‍ട്ടിഫിക്കറ്റ് , ഭൂമി നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടല്‍ വഴി ലഭിക്കും. വിവിധ ഓഫിസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും ഇതുവഴി വര്‍ധിക്കും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതോടെ ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂര്‍ണസംരക്ഷണം ലഭിക്കും.
കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമാക്കും.
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വേ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനവും കേരളമാണ്.
എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം 22ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനാവും. രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.