30 December 2025, Tuesday

Related news

November 13, 2025
July 15, 2025
April 9, 2025
March 25, 2025
March 23, 2025
March 10, 2025
January 16, 2025
January 3, 2025
October 19, 2024
August 14, 2024

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം ലളിതമാകും

Janayugom Webdesk
തിരുവനന്തപുരം
December 6, 2023 11:20 pm

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നതിനും പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇതിലൂടെ നടപ്പിലാവുകയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ച് നടപടികൾ ലളിതമാക്കുന്നതാണ് പുതിയ ചട്ടങ്ങൾ എന്നും മന്ത്രി പറഞ്ഞു. 

1964ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകിയിരുന്നത്. 1969, 1970 വർഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡവലപ്മെന്റ് ഏരിയ, ഡവലപ്മെന്റ് പ്ലോട്ട് എന്നിവയിൽ ഹയർ പർച്ചേസ് വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾക്ക് ലാന്റ് അസൈൻമെന്റ് ആക്ടിന്റെ പിൻബലം ഉണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ അതത് ജനറൽ മാനേജർമാർ, വ്യവസായ വകുപ്പ് ഡയറക്ടർ മുഖേന റവന്യു വകുപ്പിന് സമർപ്പിക്കുന്നതായിരുന്നു നടപടി. ഈ അപേക്ഷകളിൽ റവന്യു വകുപ്പ് പട്ടയം അനുവദിക്കും.

എന്നാൽ ഇത്തരത്തിൽ പട്ടയം അനുവദിക്കുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് 2020 ൽ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജനറൽ മാനേജർമാർ നേരിട്ട്, അതത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസിൽദാർ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവിൽ വന്നു. വ്യവസായ വകുപ്പിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും കളക്ടർമാർക്ക് പട്ടയം അനുവദിക്കുന്നതിൽ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈൻമെന്റ് ആക്ടിന്റെ പിൻബലമുള്ള പുതിയ ലാന്റ് റൂൾസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിൽ വ്യവസായം നടത്തുന്ന സംരംഭകരുടെ ദീർഘ നാളത്തെ ആവശ്യങ്ങളാണ് ചട്ട പരിഷ്കരണത്തിലൂടെ നടപ്പിലാകുന്നത്. വ്യവസായ മേഖലയിലെ കാലാനുസൃത മാറ്റങ്ങൾക്കൊപ്പം കേരളവും മാറാൻ ചട്ടപരിഷ്കരണം സഹായിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Eng­lish Summary:Land trans­fer in indus­tri­al estates will be simplified
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.