മൂടുപടത്തിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ കഥയാണ് കിരൺ റാവുവിന്റെ ലാപതാ ലേഡീസ്. ചങ്ങലകൾ പൊട്ടിച്ച് പറന്നുയരാൻ കൊതിക്കുന്ന ജയ എന്ന കഥാപാത്രവും കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി പുറം ലോകം എന്താണെന്ന് അറിയാത്ത ഫൂലും കഥയുടെ രണ്ട് തലങ്ങളാണ്. ഒരു ശരാശരി ഇന്ത്യൻ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന സഹനങ്ങൾ ചിത്രം മികച്ച രീതിയിൽ വരച്ചുകാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസമില്ലായ്മയാണ് ചിത്രത്തിലെ നായികയായ ഫൂൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം പേരല്ലാതെ എവിടെയാണ് താമസിക്കുന്നതെന്ന് പോലുമറിയാത്ത ഫൂൽ നിരക്ഷരരായ നിരവധി സ്ത്രീകളെയാണ് പ്രതിനിധീകരിക്കുന്നത്. കുടുംബവും സമൂഹവും തന്നെയാണ് ഈ സ്ത്രീകളെയെല്ലാം ബലഹീനരാക്കുന്നത്. വീട്ടുജോലി മാത്രമാണ് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതെന്ന മിഥ്യാധാരണ ഇന്നും സമൂഹത്തിലുണ്ട്. അതേ സമയം ജയ എന്ന കഥാപാത്രം വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുന്നവളുമാണ്.
എന്നാൽ സ്ത്രീയെന്ന കാരണത്താൽ അവളും പല ഇടങ്ങളിലും നിശബ്ദയാക്കപ്പെടുന്നു. സിനിമയിലെ കരുത്തുറ്റ മറ്റൊരു സ്ത്രീ കഥാപാത്രമാണ് മഞ്ചു മായി. ആത്മവിശ്വാസത്തിന്റെ മറ്റൊരു രൂപം. കുടുംബത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ രുചി അറിഞ്ഞ മഞ്ചു മായുടെ ജീവിതം എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്. സ്ത്രീയുടെ വില ആദ്യം തിരിച്ചറിയേണ്ടത് അവൾ തന്നെയാണ്. സ്ത്രീകളുടെ കഴിവിനെ ഭയമുള്ളതുകൊണ്ടാണ് പുരുഷന്മാർ അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നാണ് മഞ്ചു മായുടെ പക്ഷം. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാനോ ഭർത്താവിന്റെ പേര് ഉച്ചത്തിൽ പറയാനോ അവകാശമില്ലാത്ത നിരവധി സ്ത്രീജീവിതത്തിലേക്കും ലാപതാ ലേഡീസ് വിരൽചൂണ്ടുന്നു. കാലമെത്രമാറിയിട്ടും ഇന്നും സമൂഹത്തിന് സ്ത്രീകളോടുള്ള സമീപനങ്ങളിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇത്തരം ചൂഷണങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമാകുന്നത് വടക്കേന്ത്യയിലെ സ്ത്രീകളാണെന്ന പൊതുധാരണ ചിത്രം അരക്കിട്ടുറപ്പിക്കുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ മൂടുപടമണിയണമെന്ന പ്രാകൃതമായ ആചാരത്തെയും സിനിമ തമാശാരൂപേണ വിമർശിക്കുന്നുണ്ട്. ജാതിമതഭേദമന്യേ എല്ലായിടത്തും സ്ത്രീകൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് വിളിച്ചുകാട്ടാനും അണിയറപ്രവർത്തകർക്ക് ഈ മൂടുപടം തന്നെ ധാരാളമായിരുന്നു.
കിരൺ റാവു സംവിധാനം ചെയ്ത പുരുഷാധിപത്യത്തെ നിരാകരിക്കുന്ന ഗ്രാമീണ നാടകത്തിൽ, മൂടുപടങ്ങൾക്കിടയിലും സ്ത്രീകൾ ഒടുവിൽ സ്വയം കണ്ടെത്തുന്നുണ്ട്. ഈ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടപ്പെടുന്നതായി തോന്നുന്നതിന്റെ ഒരു രൂപകമാണ് ’ ലാപത’ (കാണാതായത്) എന്ന വാക്ക്.
നവദമ്പതികളായ ജയ (പ്രതിഭ രന്ത), ഫൂൽ (നിതാൻഷി ഗോയൽ) എന്നിവരെ സാരിയുടെ മൂടുപടങ്ങളിൽ മുഖം മറച്ചാണ് നാം ഏറെയും കണ്ടുമുട്ടുന്നത്. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളോടും അവരുടെ നിശബ്ദമായ പ്രതികരണം തികച്ചും ഞെട്ടിക്കുന്നതാണെന്നും പറയാൻ കഴിയും. സിനിമയിൽ എല്ലാവരും ഗംഭീരരാണ്, ആകസ്മികമായി ജീവിതം മാറ്റിമറിച്ച രണ്ട് പെൺകുട്ടികൾ (ഫൂലും ജയയും) മുതൽ രവി കിഷൻ അവതരിപ്പിക്കുന്ന സ്വർണ ഹൃദയമുള്ള അഴിമതിക്കാരനായ പൊലീസ് ഓഫിസർ വരെ. ഛായ കദം ഒരു റെയിൽവേ പ്ലാറ്റ്ഫോം ഭക്ഷണ വില്പനക്കാരന്റെ വളരെ രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ ജീവിത മന്ത്രം കേൾക്കുക, “സ്വന്തം കാര്യം ശ്രദ്ധിക്കുകയും കൂടുതൽ നല്ലവരാകാൻ ശ്രമിക്കുന്ന ആരോടും എപ്പോഴും ജാഗ്രത പാലിക്കുക”.
കലാ സംവിധാനവും, ഫോട്ടോഗ്രാഫി തുടങ്ങി പശ്ചാത്തലസംഗീതതലം ഉൾപ്പെടെ എല്ലാം കിരൺ റാവുവിന്റെ സംവിധാനത്തോട് ഇഴ ചേർന്ന് നിൽക്കുന്നു. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി സ്നേഹ ദേശായി ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കിരൺ റാവുവും ആമിർ ഖാനും ചേർന്നാണ് സിനിമാ നിർമ്മിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.